വിയന്ന: 227 കോടി രൂപയുടെ പിന്തുടർച്ചാവകാശം യുവതി ഉപേക്ഷിച്ചു. യൂറോപ്യൻ കെമിക്കൽ ഭീമനായ ബിഎഎസ്എഫിന്റെ പിന്തുടർച്ചാവകാശി മാർലീൻ എയ്ഞ്ചൽഹോണാണ് അവകാശമായി കിട്ടിയ സ്വത്ത് വേണ്ടെന്നുവച്ചത്. പിന്തുടർച്ചാവകാശനിയമപ്രകാരം ലഭിക്കുന്ന സ്വത്തിനു നികുതി ഏർപ്പെടുത്താത്ത ഓസ്ട്രിയൻ സർക്കാരിനെതിരായ പ്രതിഷേധമാണു യുവതിയുടെ നടപടി. ഒരു കുടുംബമോ പേരോ കാരണം തനിക്കു ലഭിച്ച സ്വത്ത്, ഒരാളുടെ കൈയിൽ മാത്രമായി തുല്യതയില്ലാതെ കുമിഞ്ഞുകൂടുന്നതു തടയുന്നതിൽ, സർക്കാർ പരാജയപ്പെട്ടതിനെത്തുടർന്നാണു സന്പത്ത് ഉപേക്ഷിക്കുന്നതെന്ന് മാർലീൻ പറഞ്ഞു.
ഓസ്ട്രിയയുടെ 50 ശതമാനം സ്വത്ത് ഒരു ശതമാനത്തിന്റെ കൈയിലാണെന്നും ബാക്കി 99 ശതമാനം ജനങ്ങളുടെ കൈയിൽ രാജ്യത്തിന്റെ 50 ശതമാനം സന്പത്ത് മാത്രമാണുള്ളതെന്നും മർലീൻ പറയുന്നു. ഓസ്ട്രിയയിൽ കൂടുതൽ കാര്യക്ഷമമായ നികുതി സംവിധാനത്തിനായി കുറെ വർഷങ്ങളായി മാർലീൻ വാദിക്കുന്നുണ്ട്. രണ്ടു വർഷം മുന്പ് ടാക്സ് മീ നൗ എന്ന സംഘടനയുടെ രൂപീകരണത്തിലും ഇവർ ഭാഗഭാക്കായി. 227 കോടിയുടെ സ്വത്ത് ഉപേക്ഷിക്കുന്പോൾ, മർലീന്റെ കൈയിൽ എത്ര സന്പത്ത് അവശേഷിക്കുമെന്നു വ്യക്തമല്ല.
Source link