മൊഹാലി: 10 ഡിഗ്രി സെൽഷസിന്റെ തണുപ്പിനിടയിലും അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. കടുത്ത തണുപ്പും, മൂടൽമഞ്ഞും അതിജീവിച്ച് ആറ് വിക്കറ്റിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ശിവം ദുബെയുടെ ഓൾ റൗണ്ട് മികവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. രണ്ട് ഓവരിൽ ഒന്‍പത് റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ദുബെ, 40 പന്ത് നേരിട്ട് 60 റണ്‍സുമായി പുറത്താകാതെനിന്നു. നേരിട്ട 38-ാം പന്തിലായിരുന്നു ദുബെയുടെ അർധസെഞ്ചുറി. രണ്ട് സിക്സും അഞ്ച് ഫോറും ദുബെയുടെ ബാറ്റിൽനിന്ന് പിറന്നു. ടോസ് നഷ്ടപ്പെട്ട് ആദ്രം ക്രീസിലെത്തിയ അഫ്ഗാനിസ്ഥാന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് എട്ട് ഓവറിൽ 50 റണ്‍സ് നേടി. റഹ്മനുള്ള ഗുർബാസും (23) ഇബ്രാഹിം സദ്രാനും (25) റഹ്മത് ഷായും (3) ഏഴ് റണ്‍സിനിടെ പുറത്തായതോടെ അഫ്ഗാനിസ്ഥാൻ മൂന്നിന് 57ലേക്ക് വീണു. എന്നാൽ, മുഹമ്മദ് നബി (27 പന്തിൽ 42) ആക്രമണം ഏറ്റെടുത്തതോടെ അഫ്ഗാൻ പൊരുതാനുള്ള സ്കോറിലെത്തി.
മറുപടിക്കായി ക്രീസിലെത്തിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ (0) വിക്കറ്റ് തുടക്കത്തിലേ നഷ്ടപ്പെട്ടു. ശുഭ്മാൻ ഗില്ലുമായുള്ള (23) ആശയക്കുഴപ്പത്തിൽ രോഹിത് റണ്ണൗട്ടാകുകയായിരുന്നു. എന്നാൽ, തിലക് വർമ (26), തിതേഷ് ശർമ (31) എന്നിവരുടെ ഇന്നിംഗ്സ് ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചു. ദുബെയ്ക്കൊപ്പം റിങ്കു സിംഗും (16) പുറത്താകാതെനിന്നു. ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ നടക്കുന്ന ആദ്യ പരന്പരയാണിത്. മുന്‍പ് നാലു തവണ ഇരുടീമും ഏറ്റുമുട്ടിയത് ഐസിസി ലോകകപ്പ്, ഏഷ്യ കപ്പ് പോരാട്ട വേദികളിലായിരുന്നു.
Source link