ചെന്നൈ ∙ അന്നപൂരണി സിനിമാ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് എംപി കാർത്തി ചിദംബരം. ശ്രീരാമൻ മാംസാഹാരവും കഴിച്ചിരുന്നതായി കാർത്തി പറഞ്ഞു. രാമായണത്തിലെ ഭാഗങ്ങൾ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചുള്ള പോസ്റ്റിലാണ് കാർത്തി ചിദംബരം സിനിമയെ പിന്തുണച്ചത്. ഇഷ്ട ഭക്ഷണം തിരഞ്ഞെടുക്കുന്നതിൽ അസ്വസ്ഥരാകുന്നവർക്ക് സമർപ്പിക്കുന്നതായും കാർത്തി പറഞ്ഞു. സിനിമയ്‌ക്കെതിരെ വ്യാപകമായി വിമർശനവും പരാതികളും ഉയരുന്ന പശ്ചാത്തലത്തിലാണ് കാർത്തിയുടെ പ്രതികരണം.
മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ചിത്രത്തിനെതിരെ മധ്യപ്രദേശിലും പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഹിന്ദു സേവാ പരിഷത്തിന്റെ പരാതിയിലാണ് കേസ്. വിവാദം ഉയർന്നതിനെ തുടർന്ന് സിനിമ നെറ്റ്‌ഫ്ലിക്സ് പിൻവലിച്ചിരുന്നു.
നടി നയൻതാര, സംവിധായകൻ നിലേഷ് കൃഷ്ണ, നിർമാതാക്കളായ ജതിൻ സേതി, ആർ.രവീന്ദ്രൻ, നെറ്റ്‌ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് ഹെഡ് മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ ഡിസംബർ ആദ്യമാണ് അന്നപൂരണി തിയറ്ററുകളിലെത്തിയത്. ഡിസംബർ അവസാനം നെറ്റ്‌ഫ്ലിക്സ് വഴി ചിത്രം പ്രദർശനം തുടങ്ങിയതോടെയാണ് വിമർശനങ്ങളും പരാതികളും ഉയർന്നത്.
English Summary:
Congress MP Karthi Chidambaram reacts to Annapoorani Movie Controversy
Source link