INDIALATEST NEWS

ഗുജറാത്തിൽനിന്ന് അയോധ്യയിലേക്ക് വിമാന സർവീസ് തുടങ്ങി; രാമന്റെയും സീതയുടെയും വേഷമിട്ട് യാത്രക്കാർ

അഹമ്മദാബാദ്∙ അയോധ്യയിൽ  ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മഹർഷി വാത്മീകി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഗുജറാത്തിൽ നിന്നാരംഭിച്ച ആദ്യ വിമാന സർവീസിൽ രാമനും സീതയും ലക്ഷ്മണനും ഹനുമാനുമായി വേഷമിട്ട് യാത്രികർ. അഹമ്മദാബാദിൽ നിന്നാരംഭിച്ച ഇൻഡിഗോ വിമാനത്തിലാണു യാത്രക്കാരുടെ വേഷം കൗതുകമായത്.ഇവർ മറ്റു യാത്രക്കാർക്കും ജീവനക്കാർക്കും മധുരം നൽകി. സഹയാത്രികർ ജയ്‌ശ്രീറാം വിളിച്ചു.  ഇവർക്കൊപ്പം ഫോട്ടോയെടുക്കാനും തിരക്കായിരുന്നു. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, വി.കെ.സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ചേർന്നാണ് വിഡിയോ വഴി വിമാന സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ആഴ്‌ചയിൽ മൂന്ന് സർവീസുകളാകും അഹമ്മദാബാദിൽ നിന്ന് അയോധ്യയിലേക്ക് ഇൻഡിഗോ വിമാനത്തിനുണ്ടാകുക. പ്രധാന നഗരത്തിൽനിന്ന് 15 കിലോമീറ്റർ മാത്രം അകലെയാണ് വിമാനത്താവളം.
നിലവിൽ വിമാനത്താവളം ആദ്യഘട്ടത്തിലാണ്. 6,500 ചതുരശ്ര മീറ്ററിൽ പരന്നു കിടക്കുന്ന ടെർമിനലാണ് ഉള്ളത്. പ്രതിവർഷം പത്തു ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. മികച്ച സൗകര്യങ്ങൾക്കൊപ്പം രാമക്ഷേത്രത്തിലേക്ക് എത്തുന്ന സന്ദർശകരെ വരവേൽക്കാൻ  വിമാനത്താവളത്തിൽ ശ്രീരാമന്റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള അലങ്കാരങ്ങളുണ്ട്. 1450 കോടി രൂപയോളം മുതൽമുടക്കിയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചത്.

English Summary:
Passengers dress as Lord Ram, Sita as first flight for Ayodhya leaves from Ahmedabad


Source link

Related Articles

Back to top button