അയോധ്യ: കോൺഗ്രസ് നേതാക്കൾക്ക് വ്യക്തിപരമായി പങ്കെടുക്കാം
ന്യൂഡൽഹി ∙ മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയുമടക്കമുള്ള ഉന്നത കോൺഗ്രസ് നേതാക്കൾ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചെങ്കിലും വ്യക്തിപരമായി ക്ഷണം ലഭിച്ച മറ്റു നേതാക്കൾക്കു പങ്കെടുക്കാൻ തടസ്സമുണ്ടായേക്കില്ല. മതവിശ്വാസം വ്യക്തിപരമായ കാര്യമാണെന്നു കോൺഗ്രസ് നിലപാട് അറിയിച്ചതിലൂടെ ഉദ്ദേശിക്കുന്നതും ഇതുതന്നെ. ഹിമാചൽപ്രദേശിലെ കോൺഗ്രസ് മന്ത്രി വിക്രമാദിത്യ സിങ് ചടങ്ങിൽ പങ്കെടുക്കുമെന്നു നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്, യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ തുടങ്ങി നൂറോളം പേർ മകരസംക്രാന്തിദിനമായ 15ന് ക്ഷേത്രം സന്ദർശിക്കും. ഹിമാചൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിങ്, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ തുടങ്ങിയവരും വിശ്വാസികളെന്ന നിലയിൽ അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നു നിലപാട് എടുത്തവരാണ്.
‘ഇന്ത്യ’ മുന്നണിയിലെ മറ്റ് കക്ഷികളുടെ നിലപാട്
ചടങ്ങിലേക്ക് ക്ഷണം ലഭിച്ചപ്പോൾത്തന്നെ പങ്കെടുക്കില്ലെന്ന് സിപിഎമ്മും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും വ്യക്തമാക്കിയിരുന്നു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയും ചടങ്ങിനില്ലെന്നു വ്യക്തമാക്കി.
പങ്കെടുക്കാൻ താൽപര്യമറിയിച്ച ശിവസേന താക്കറെ വിഭാഗം, ജാർഖണ്ഡ് മുക്തി മോർച്ച നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ എന്നിവർക്കാകട്ടെ ക്ഷണം ലഭിച്ചില്ല. എൻസിപി അധ്യക്ഷൻ ശരദ് പവാറിനും ക്ഷണമില്ല. ക്ഷേത്രത്തിൽ പോകാൻ ബിജെപിയുടെ ക്ഷണം ആവശ്യമില്ലെന്ന് പറഞ്ഞ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷും 22ന് പോകുമോ എന്നു വ്യക്തമാക്കിയിട്ടില്ല.
ചടങ്ങ് 22ന് 12.20ന്
അയോധ്യയിൽ നിർമിച്ച രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് 22ന് 12.20നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ തുടങ്ങി 6000 വിശിഷ്ടാതിഥികൾ ചടങ്ങിനെത്തുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്. അതിഥികൾക്ക് ക്ഷേത്ര ട്രസ്റ്റാണ് ക്ഷണക്കത്ത് നൽകിയത്. അൻപതോളം വിദേശ പ്രതിനിധികൾക്കും ക്ഷണമുണ്ട്. നിയന്ത്രണമുള്ളതിനാൽ എല്ലാവർക്കും ചടങ്ങിനെത്താനാകില്ലെങ്കിലും ഇതിനു ശേഷം വിശ്വാസികളെ വിശ്വഹിന്ദു പരിഷത്ത് ക്ഷണിച്ചിട്ടുണ്ട്.
English Summary:
Ayodhya: Congress leaders can participate in person
Source link