രാഹുലിന്റെ യാത്ര: ഉദ്ഘാടനത്തിന് ഇംഫാലിൽ അനുമതി നിഷേധിച്ചു

ന്യൂഡൽഹി / ഇംഫാൽ ∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനച്ചടങ്ങിനു മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ അനുമതി നിഷേധിച്ചു. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ കോൺഗ്രസ് പ്രതിനിധി സംഘം കണ്ടെങ്കിലും ഫലമുണ്ടായില്ല. ഇതോടെ, ഇംഫാലിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള തൗബാൽ ജില്ലയിലെ ഖോങ്ജോമിൽനിന്ന് യാത്ര ഞായറാഴ്ച ആരംഭിക്കുമെന്നു മണിപ്പുർ കോൺഗ്രസ് അധ്യക്ഷൻ കെ.മേഘചന്ദ്ര അറിയിച്ചു.
ഇംഫാൽ ഈസ്റ്റിലെ ചരിത്രപ്രസിദ്ധമായ ഹപ്ത കാങ്ജെയ്ബുങ് പോളോ ഗ്രൗണ്ടിൽ നിന്ന് യാത്ര ആരംഭിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഒരു പരിപാടി അതേദിവസം ഇംഫാൽ ഈസ്റ്റിൽ നടക്കുന്നതിനാൽ കൂടുതൽ പൊലീസിനെ അവിടെ വിന്യസിക്കേണ്ടിവരും, ഇന്ത്യ-മ്യാൻമർ അതിർത്തിപ്പട്ടണമായ മോറെയിൽ 3 ദിവസമായി വെടിവയ്പു തുടരുന്നു എന്നീ കാരണങ്ങളാണ് അനുമതി നിഷേധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയത്.
വലിയ ജനക്കൂട്ടത്തെ അനുവദിക്കാനാവില്ലെന്നും മുൻകൂട്ടി പേരു നൽകിയ നിശ്ചിത ആളുകളുമായി യാത്ര ഹപ്ത കാങ്ജെയ്ബുങിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് തടസ്സമില്ലെന്നുമായിരുന്നു കലക്ടറുടെ റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ പോളോ മൈതാനമാണ് ഹപ്ത കാങ്ജെയ്ബുങ്. 66 ദിവസം നീളുന്ന ഭാരത് ജോഡോ ന്യായ് യാത്ര മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.
English Summary:
Manipur government denies venue permission to launch Rahul Gandhi led Bharat Jodo Nyay Yatra
Source link