മൊഹാലി: അഫ്ഗാനിസ്ഥാനെതിരേ ഇന്ന് നടക്കുന്ന ആദ്യ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലി ഇല്ല. കുടുംബപരമായ കാര്യങ്ങൾക്കായി കോഹ്ലി വിട്ടുനിൽക്കുന്ന പശ്ചാത്തലത്തിലാണിത്. കോഹ്ലി ഇന്ന് കളിക്കില്ലെന്ന് ഇന്ത്യൻ ടീം മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് ഇന്നലെ അറിയിച്ചു. പരന്പരയിലെ രണ്ടും മൂന്നും മത്സരങ്ങളിൽ കോഹ്ലി തിരിച്ചെത്തും. 2022 ഐസിസി ട്വന്റി-20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടശേഷം ആദ്യമായാണ് കോഹ്ലിയും രോഹിത് ശർമയും ഇന്ത്യൻ ടീമിൽ ഉൾപ്പെടുന്നത്.
അഫ്ഗാനിസ്ഥാന്റെ സൂപ്പർ സ്പിന്നർ റഷീദ് ഖാൻ ഇന്ത്യക്കെതിരായ പരന്പരയിൽനിന്ന് പുറത്ത്. പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ റഷീദ് ഖാൻ അഫ്ഗാൻ ടീമിനൊപ്പം ഇന്ത്യയിൽ എത്തിയിട്ടുണ്ട്. എന്നാൽ, പരന്പരയിൽ കളിക്കില്ലെന്ന് ടീം ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ ഇന്നലെ അറിയിച്ചു. റഷീദ് ഖാന്റെ അഭാവം അഫ്ഗാൻ ടീമിനെ പ്രതികൂലമായി ബാധിക്കുമെങ്കിലും എല്ലാ സാഹചര്യങ്ങളോടും പൊരുത്തപ്പെടുകയെന്നതാണ് ഒരു ടീമിന് ഏറ്റവും ആവശ്യമെന്നും സദ്രാൻ കൂട്ടിച്ചേർത്തു.
Source link