ഭുവനേശ്വർ: ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ട്രോഫി എന്ന സ്വപ്നത്തിനായി ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് സൂപ്പർ കപ്പിൽ ജയത്തുടക്കം. ഗ്രൂപ്പ് ബിയിലെ ആദ്യമത്സരത്തിൽ ഘാന സ്ട്രൈക്കർ ഖ്വാമെ പെപ്ര സൂപ്പർ പ്രകടനം കാഴ്ചവച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് 3-1ന് ഐ ലീഗ് ക്ലബ്ബായ ഷില്ലോംഗ് ലാജോംഗിനെ കീഴടക്കി. ഐഎസ്എല്ലിൽ ഗോൾ നേടാൻ വിഷമിക്കുന്ന പെപ്രയേ അല്ലായിരുന്നു ഇന്നലെ കലിംഗ സ്റ്റേഡിയത്തിൽ കണ്ടത്. 15, 27 മിനിറ്റുകളിലായിരുന്നു പെപ്രയുടെ ഗോളുകൾ. അഞ്ചാം മിനിറ്റിൽ മുഹമ്മദ് ഐമന്റെ ഗോൾ ഷോട്ടോടെയാണ് മത്സരത്തിനു ചൂടുപിടിച്ചത്. തൊട്ടുപിന്നാലെ ദിമിത്രിയോസ് ഡയമാന്റകോസിന്റെ ക്രോസിൽ ഡൈസുകെ സകായിയും ഗോളിലേക്ക് പന്ത് തൊടുത്തു. 15-ാം മിനിറ്റിൽ പെപ്രയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡിൽ. 27-ാം മിനിറ്റിൽ പന്ത് വീണ്ടും വലയിലാക്കി ഘാന താരത്തിന്റെ സന്തോഷ നൃത്തം. 30-ാം മിനിറ്റിൽ ഫെനൻ പൗളിനൊ ഡിസൂസയിലൂടെ ഷില്ലോംഗ് ഒരു ഗോൾ മടക്കി. എന്നാൽ, 2-1ന്റെ ലീഡുമായി ബ്ലാസ്റ്റേഴ്സ് ആദ്യപകുതി അവസാനിപ്പിച്ചു.
മുഹമ്മദ് ഐമന്റെ ഗോളോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. 46-ാം മിനിറ്റിൽ ഡൈസുകെ സകായിയുടെ ക്രോസ് ഗോളിലേക്ക് തിരിച്ചുവിട്ട് ഐമൻ ബ്ലാസ്റ്റേഴ്സിന്റെ ജയം 3-1 എന്ന വ്യത്യാസത്തിലേക്കുയർത്തി. 15ന് ജംഷഡ്പുരിനെതിരേയും 20ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേയുമാണ് ഗ്രൂപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരങ്ങൾ. ഗ്രൂപ്പ് ചാന്പ്യന്മാരാണ് നോക്കൗട്ടിലേക്ക് മുന്നേറുക. ഗോകുലം കേരള ഇന്നു കളത്തിൽ സൂപ്പർ കപ്പിൽ കേരളത്തിൽനിന്നുള്ള രണ്ടാം ക്ലബ്ബായ ഗോകുലം കേരള എഫ്സി ഇന്ന് കളത്തിൽ. ഗ്രൂപ്പ് സിയിൽ കരുത്തരായ മുംബൈ സിറ്റി എഫ്സിയാണ് ഗോകുലത്തിന്റെ എതിരാളികൾ. ഉച്ചകഴിഞ്ഞ് രണ്ടിനാണ് മത്സരം. ഗ്രൂപ്പ് സിയിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ചെന്നൈയിൻ എഫ്സിയും പഞ്ചാബ് എഫ്സിയും ഏറ്റുമുട്ടും. രാത്രി 7.30നാണ് ഈ പോരാട്ടം.
Source link