INDIALATEST NEWS

‘അവരാണ് യഥാർഥ ശിവസേനയെങ്കിൽ എന്തുകൊണ്ട് ഞങ്ങളെ അയോഗ്യരാക്കിയില്ല; ഇത് ജനാധിപത്യത്തിന്റെ കൊലപാതകം’

മുംബൈ ∙ ഏക്നാഥ് ഷിൻഡെ വിഭാഗം സേനയാണ് ‘യഥാർഥ ശിവസേന’യെന്ന നിയമസഭാ സ്പീക്കറുടെ വിധി ജനാധിപത്യത്തെ കൊല ചെയ്യലാണെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇന്നത്തെ നടപടിയിലൂടെ സ്പീക്കർ സുപ്രീംകോടതിയെ അപമാനിച്ചെന്നും വിധിക്കെതിരെ കോടതിയിൽ അപ്പീൽ നൽകുമെന്നും ഉദ്ധവ് വ്യക്തമാക്കി. ഷിൻഡെ വിഭാഗമാണ് യഥാർഥമെങ്കില്‍ എന്തുകൊണ്ട് സ്പീക്കർ തങ്ങളെ അയോഗ്യരാക്കിയില്ല എന്നും ഉദ്ധവ് ചോദിച്ചു.‍
‘‘സുപ്രീംകോടതിയുടെ നിർദേശം സ്പീക്കർക്കു മനസ്സിലായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അയോഗ്യതയുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാനാണു കോടതി ആവശ്യപ്പെട്ടത്. അതിനുള്ള മാർഗനിർദേശങ്ങളും നല്‍കിയിട്ടുണ്ട്. എന്നാൽ സ്പീക്കർ കോടതിക്കും മുകളിൽ സ്വയം മറ്റൊരു കോടതിയായി വിധി പറഞ്ഞിരിക്കുകയാണ്. രാജ്യത്തെ ജനാധിപത്യത്തെ കുറിച്ച് എനിക്ക് എപ്പോഴും ആശങ്കയുണ്ടാവാറുണ്ട്. എന്നാൽ ഇന്ന് സുപ്രീംകോടതിയെക്കുറിച്ചാണ്. കോടതിയുടെ നിർദേശം പാലിക്കാൻ സ്പീക്കർ തയാറായിട്ടില്ല. വിധിക്ക് കോടതിയിൽ നിലനിൽപ്പുപോലും ഉണ്ടാവില്ല’’ –ഉദ്ധവ് പറഞ്ഞു.

സ്പീക്കറുടെ വിധി സുപ്രീംകോടതി നിർദേശിച്ച മാനദണ്ഡങ്ങൾക്കു വിരുദ്ധമാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രതികരിച്ചു. പാർട്ടി പിളർത്തിയ അജിത് പവാറുമായി സമാന പോരാട്ടത്തിലാണു ശരത് പവാർ. സഭയിലെ ഭൂരിപക്ഷം മാത്രമാണ് സ്പീക്കർ പരിഗണിച്ചതെന്നും ഉദ്ധവിനു സുപ്രീംകോടതിയിൽ നീതി ലഭിക്കുമെന്നും പവാർ പറഞ്ഞു.

നേരത്തെ, ഷിൻഡെയ്‌ക്കൊപ്പമാണ് ഭൂരിപക്ഷം എംഎൽഎമാരും ഉള്ളതെന്നും ഭൂരിപക്ഷത്തിന്റെ തീരുമാനം പാർട്ടിയുടെ തീരുമാനമായി കണക്കാക്കുന്നു എന്നുമാണ് സ്പീക്കർ രാഹുൽ നർവേക്കർ പറഞ്ഞത്. ദേശീയ എക്സിക്യുട്ടീവാണ് പരമോന്നത സമിതിയെന്നാണ് ശിവസേനയുടെ ഭരണഘടനയിൽ പറയുന്നത്. ശിവസേന പ്രമുഖൻ എന്ന നിലയിൽ താക്കറെയുടെ താൽപര്യങ്ങളാണ് പാർട്ടിയുടെ താൽപര്യമെന്ന താക്കറെ വിഭാ​ഗത്തിന്റെ അവകാശവാദം അം​ഗീകരിക്കാനാവില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

ഉദ്ധവ് പക്ഷം തങ്ങളുടെ വാദങ്ങൾക്ക് അടിസ്ഥാനമാക്കിയ 2018ലെ ശിവസേനാ ഭരണഘടന അംഗീകരിക്കാനാകില്ലെന്ന് സ്പീക്കർ പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷനിലെ രേഖകളിൽ 1999ലെ ഭരണഘടനയാണുള്ളത്. അതനുസരിച്ച്, പാർട്ടിയിലെ പ്രതിസന്ധി ഉണ്ടാകുമ്പോൾ കൂട്ടായ തീരുമാനമാണ് എടുക്കേണ്ടത്. എന്നാൽ, 2022ൽ ശിവസേനയിലുണ്ടായ പ്രതിസന്ധി വേളയിൽ കൂട്ടായ തീരുമാനമല്ല ഉണ്ടായത്. ഉദ്ധവ് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുകയായിരുന്നു. 1999ലെ ഭരണഘടനയ്ക്ക് വിരുദ്ധമാണിത്. അതിനാൽ ഷിൻഡെയെ നീക്കാൻ ഉദ്ധവിന് അധികാരമില്ലെന്നും സ്പീക്കർ വ്യക്തമാക്കി.


Source link

Related Articles

Back to top button