ഇത്തവണ 400 സീറ്റ് നേടണം; മറ്റു പാർട്ടികളിൽനിന്ന് നേതാക്കളെയും എംപിമാരെയും അടർത്താൻ ബിജെപി


ന്യൂഡൽഹി ∙ പൊതുതിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചയ്ക്കൊപ്പം ലോക്സഭയിൽ 400 സീറ്റ് എന്ന മോഹവും ലക്ഷ്യമിട്ട് ബിജെപി. ലക്ഷ്യം നേടാനായി മറ്റു പാർട്ടികളിലെ നേതാക്കളെ മറുകണ്ടം ചാടിക്കുന്നതുൾപ്പെടെയുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണ്. ജനറൽ സെക്രട്ടറിമാർക്കാണ് ഇതിന്റെ ചുമതല നൽകിയിട്ടുള്ളതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
വിജയം ഉറപ്പാക്കാൻ ജനറൽ സെക്രട്ടറിമാർക്കു വിവിധ ചുമതലകളാണു ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ നൽകിയിട്ടുള്ളത്. ജനറൽ സെക്രട്ടറി വിനോദ് താവ്‍ദെയ്ക്കാണു ജോയിനിങ് കമ്മിറ്റിയുടെ ചുമതല. ‘‘മറ്റു പാർട്ടികളിലെ നേതാക്കളെയും സിറ്റിങ് എംപിമാരെയും ബിജെപിയിലേക്കു കൊണ്ടുവരികയാണു കമ്മിറ്റിയുടെ മുഖ്യജോലി. മണ്ഡലത്തിലെ സ്വാധീനവും തിരഞ്ഞെടുപ്പിലെ ജയശേഷിയും കണക്കിലെടുത്താണു തീരുമാനമെടുക്കുക. ഒറ്റയ്ക്കു ജയിക്കാനാകില്ലെന്നു പാർട്ടി കരുതുന്ന സ്ഥലങ്ങളിലേ ഈ സാധ്യത ഉപയോഗപ്പെടുത്തൂ’’– മുതിർന്ന നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട 160 സീറ്റുകൾ ഉന്നമിട്ടാണു ബിജെപിയുടെ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മാത്രമാണ് ഒരിക്കൽ 400 സീറ്റ് നേട്ടം കൈവരിച്ചത്. 1984ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസിന്റെ മുന്നേറ്റം. 2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ എത്തുന്നതുവരെ, ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയ പാർട്ടിയെന്ന റെക്കോർഡ് കോൺഗ്രസിന്റെ കൈവശമായിരുന്നു. 400 സീറ്റ് എന്ന ആഗ്രഹം നടപ്പാക്കുകയാണ് ഇക്കുറി ബിജെപിയുടെ ലക്ഷ്യം.


Source link
Exit mobile version