ടെൽ അവീവ്: പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കുന്നതു തടയാനായി മൂന്നു മാസത്തിനിടെ നാലാം പര്യടനം നടത്തുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്നലെ ഇസ്രേലി നേതാക്കളുമായി ചർച്ച നടത്തി. ഇതിനിടെ ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ നൂറിലധികം പേർകൂടി കൊല്ലപ്പെട്ടു. ഹിസ്ബുള്ള ഭീകരരുടെ ഭീഷണി നേരിടുന്ന ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിലും സംഘർഷം അപകടകരമായ രീതിയിലേക്കു നീങ്ങുന്നതായി സൂചനയുണ്ട്. 24 മണിക്കൂറിനിടെ 126 പേർകൂടി കൊല്ലപ്പെട്ടുവെന്നാണ് ഗാസയിലെ ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചത്. ഇതിൽ 57 പേരുടെ മരണം സെൻട്രൽ ഗാസയിലെ അൽ അഖ്സ ആശുപത്രിക്കു നേർക്കുണ്ടായ ആക്രമണത്തിലാണ്. ജബലിയ, ബയ്ത് ഹാനൂൺ അഭയാർഥി ക്യാന്പുകൾക്കു നേർക്കും ആക്രമണമുണ്ടായി. തെക്കൻ ഗാസയിൽ ഖാൻ യൂനിസ് നഗരത്തിലെ ഏറ്റവും ഉയരമുള്ള പാർപ്പിടസമുച്ചയമായ പതിനാറുനിലക്കെട്ടിടം വ്യോമാക്രമണത്തിൽ തകർന്നു. ഭീകരവാദികൾക്കും അവരുടെ സംവിധാനങ്ങൾക്കും നേർക്കാണ് ആക്രമണം നടത്തിയതെന്ന് ഇസ്രേലി സേന പറഞ്ഞു. ഖാൻ യൂനിസിൽ 40 തീവ്രവാദികളെ വധിച്ചതായും സേന അറിയിച്ചു.
ഒക്ടോബർ ഏഴിനു ശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 23,200നു മുകളിലായിട്ടുണ്ട്. ഇസ്രേലി സേന ലബനനിൽ ഇന്നലെ നടത്തിയ മറ്റൊരു ഡ്രോൺ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു. തെക്കൻ ലബനനിൽ ഒരു കാറിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞദിവസം നടന്ന സമാന ആക്രമണത്തിൽ ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ വിസാം അൽ താവിൽ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ള ഭീകരരും ഇസ്രേലി സേനയും തമ്മിലുള്ള സംഘർഷം വർധിച്ചിട്ടുണ്ട്. ഒരു സേനാ താവളത്തിനു നേർക്ക് റോക്കറ്റാക്രമണം ഉണ്ടായതായി ഇസ്രേലി സേന സ്ഥിരീകരിച്ചു. ആളപായം ഉണ്ടായില്ല. രണ്ട് ഇസ്രേലി ഗ്രാമങ്ങൾക്കു നേർക്കും റോക്കറ്റാക്രമണം ഉണ്ടായി. ഇതിനു മറുപടിയായി ലബനന്റെ തെക്കൻ പ്രദേശങ്ങളിൽ ആക്രമണം നടത്തിയതായും ഇസ്രേലി സേന അറിയിച്ചു. ഇതിനിടെ, അറബ് രാജ്യങ്ങൾ സന്ദർശിച്ചശേഷം ഇസ്രയേലിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൻ പ്രധാനമന്ത്രി നെതന്യാഹുവുമായും പ്രസിഡന്റ് ഹെർസോഗുമായും കൂടിക്കാഴ്ച നടത്തി. ഇസ്രേലി സൈനിക നടപടിക്കുള്ള അമേരിക്കൻ പിന്തുണയിൽ മാറ്റമില്ലെന്ന് ബ്ലിങ്കൻ അറിയിച്ചു. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
Source link