ഇന്ത്യ x അഫ്ഗാൻ ട്വന്റി-20 പരന്പര
മൊഹാലി: ഇന്ത്യ x അഫ്ഗാനിസ്ഥാൻ ട്വന്റി-20 ക്രിക്കറ്റ് പരന്പരയ്ക്കു നാളെ മൊഹാലിയിൽ തുടക്കമാകും. പരന്പരയിൽ മൂന്നു മത്സരങ്ങളാണുള്ളത്. ഈ വർഷം ജൂണിൽ വെസ്റ്റ് ഇൻഡീസ്, യുഎസ്എ എന്നിവടങ്ങളിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് തയാറെടുപ്പിനുള്ള ഇന്ത്യയുടെ അവസാനത്തെ പരന്പരയാണിത്. ലോകകപ്പിനുള്ള കളിക്കാരെ കണ്ടെത്തുന്നതിന് ഇന്ത്യക്ക് ഈ പരന്പര നിർണായകമാണ്. സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരുമായാണ് ഇന്ത്യ പരന്പരയ്ക്കിറങ്ങുന്നത്. രോഹിത്താണ് ക്യാപ്റ്റൻ. ലോകകപ്പിനുള്ള ടീമിലേക്ക് സ്ഥാനം ഉറപ്പിക്കുന്നതിന് ഇവർക്കു മികച്ച പ്രകടനം നടത്തിയേ തീരൂ. ഇവർക്കൊപ്പം മലയാളി താരം സഞ്ജു സാംസണ് ഉൾപ്പെടെ നിരവധി യുവതാരങ്ങൾ ടീമിൽ സ്ഥാനം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരന്പരയെ സമീപിക്കുന്നത്. മധ്യനിരയിൽ ഇതുവരെ വിശ്വസ്തതയാർന്ന പ്രകടനത്തോടെ റിങ്കു സിംഗ് ടീമിലെ സ്ഥാനം ഉറപ്പിച്ച മട്ടാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന അവസാന ഏകദിനത്തിൽ സെഞ്ചുറി നേടി സഞ്ജു സാംസണ് ട്വന്റി-20യിലും സ്ഥാനം ഉറപ്പിക്കാനാണ് ഇറങ്ങുന്നത്. തിലക് വർമ, യശസ്വി ജയ്സ്വാൾ, വിക്കറ്റ് കീപ്പർ ജിതേഷ് ശർമ എന്നിവരും ലോകകപ്പിനുള്ള ടീമിലേക്ക് വിളിക്കായി കാത്തിരിക്കുന്നവരാണ്.
ഓൾറൗണ്ടർമാരായ ശിവം ദുബെ, വാഷിംഗ്ടണ് സുന്ദർ, അക്ഷർ പട്ടേൽ എന്നിവരും പ്രതീക്ഷയിലാണ്. ടീമിലെ സീനിയർ ബൗളറായ ഇടങ്കയ്യൻ സ്പിന്നർ കുൽദീപ് യാദവും ഓസ്ട്രേലിയയ്ക്കെതിരേയുള്ള ട്വന്റി-20 പരന്പരയിൽ മികച്ച പ്രകടനം നടത്തിയ വലങ്കയ്യൻ സ്പിന്നർ രവി ബിഷ്ണോയിയും ടീമിലെ സ്ഥാനം സ്ഥിരമാക്കാനുള്ള തയാറെടുപ്പിലാണ്. അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ, മുകേഷ് കുമാർ എന്നിവരാണ് പേസർമാർ. കഴിഞ്ഞ ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ അഫ്ഗാൻ ഇന്ത്യക്കെതിരേ നല്ലൊരു മത്സരം കാഴ്ചവയ്ക്കാനാണ് ഇറങ്ങുന്നത്. ഇതുവരെ ഇന്ത്യയോട് അഞ്ചു തവണ ട്വന്റി-20യിൽ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ജയിക്കാനായിട്ടില്ല. നാലെണ്ണത്തിൽ തോറ്റു. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു. റഷീദ് ഖാൻ നയിക്കുന്ന സ്പിന്നർമാരിലാണ് അഫ്ഗാന്റെ പ്രതീക്ഷകൾ. മികച്ച ബാറ്റിംഗ് നിരയും അഫ്ഗന്റെ കരുത്താണ്. പരിക്കേറ്റ് വിശ്രമത്തിലുള്ള റഷീദ് ഖാൻ ടീമിനൊപ്പമുണ്ടെങ്കിലും കളിക്കുമോ എന്നതിൽ സ്ഥിരീകരണമില്ല.
Source link