സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം ഉടൻ; 500 സിനിമകളുമായി ജനങ്ങളിലേക്ക്

കേരള സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ വരുന്ന ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്‍ഫോം (ഒടിടി) ഉടൻ പ്രവർത്തനസജ്ജമാകും. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സാംസ്കാരിക വകുപ്പ് ഒരുക്കുന്ന പ്ലാറ്റ്ഫോമിന് സി സ്പേസ് എന്നാണ് പേരിട്ടിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വരുന്ന രാജ്യത്തെ ആദ്യ ഒടിടി പ്ലാറ്റ്ഫോം കൂടിയാണ് ‘സി സ്പേസ്’.
സാംസ്‌കാരിക വകുപ്പിന് കീഴില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് സി സ്പേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ പ്ലാറ്റ്ഫോമിന്റെ പ്രിവ്യൂ തിരുവനന്തപുരം നിള തിയറ്ററില്‍ നടന്നു. ആപ്ലിക്കേഷന്റെ യൂസര്‍ ഇന്റര്‍ഫേസിന്റെ ചിത്രങ്ങള്‍ മന്ത്രി സജി ചെറിയാൻ പുറത്തുവിട്ടിട്ടുണ്ട്. രൂപാന്തരം, ഹോളിവൂണ്ട്, ബി മുതൽ 32 വരെ,നീരവം, താഹിറ എന്നീ സിനിമകൾ ആദ്യ ഘട്ടങ്ങളിൽ ഒടിടി പ്ലാറ്റ്ഫോമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലളിതവും എന്നാല്‍ സമഗ്രവുമായ ഒരു ഒടിടി യൂസര്‍ എക്സ്പീരിയന്‍സ് ആയിരിക്കും സി സ്പേസിന്റേതെന്ന് മന്ത്രി പറയുന്നു. സിനിമാപ്രേമികള്‍ക്കായി എത്രയും വേഗം തന്നെ സി സ്പേസ് ലോഞ്ച് ചെയ്യുവാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും മന്ത്രി അറിയിച്ചു.
തിയറ്റർ റിലീസിങിനു ശേഷമാകും സിനിമകള്‍ ഇവിടെ റിലീസിനെത്തുക. അതിനാല്‍ തന്നെ ഈ സംവിധാനം കാരണം സംസ്ഥാനത്തെ തിയറ്റർ വ്യവസായത്തിന് വരുമാന നഷ്ടം സംഭവിക്കുകയില്ല എന്നു മാത്രമല്ല ഓരോ നിർമാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുന്നതായിരിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.
ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയും ഇതിലൂടെ കാണുവാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.
കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, രാജ്യാന്തര പുരസ്ക്കാരം നേടിയതുമായ ചിത്രങ്ങൾക്ക് ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിന് മുൻഗണന നല്‍കും. ഒടിടി പ്ലാറ്റ്ഫോമിലേക്ക് സിനിമകൾ റജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം 2022 ജൂൺ 1 മുതൽ കെഎസ്എഫ്ഡിസി ഹെഡ് ഓഫിസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കും. സ്‌ക്രീനിങ് കമ്മറ്റിയുടെ അനുമതിക്ക് ശേഷമായിരിക്കും ഇവ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുക.
ചിത്രാജ്ഞലി പാക്കേജില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ചിത്രീകരിച്ച സിനിമകളുടെ നിര്‍മാതാക്കളില്‍ നിന്നും സര്‍ക്കാരിന്റെ ഒടിടിപ്ലാറ്റ് ഫോമിലേക്ക് സിനിമകള്‍ നല്‍കുന്നതിന് താല്‍പര്യം ക്ഷണിച്ച് കെഎസ്എഫ്ഡിസി കത്ത് നല്‍കിയിരുന്നു. ഒരു വര്‍ഷം 60 മുതല്‍ 70 വരെ ചലച്ചിത്രങ്ങളാണ് ചിത്രാജ്ഞലി പാക്കേജില്‍ ചിത്രീകരിക്കുന്നത്. ചുരുങ്ങിയത് 500 ചിത്രങ്ങളുമായാകും സി സ്‌പേസ് ഒടിടി ജനങ്ങളിലേക്ക് എത്തുക.
പൊതുജനങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും സി സ്‌പേസ് ഒടിടി പ്ലാറ്റ്‌ഫോം ഡൗണ്‍ലോഡ് ചെയ്യാം. താല്‍പര്യമുളള സിനിമ തിരഞ്ഞെടുത്ത് പണം അടച്ച് സിനിമ കാണാം. ഒരു തവണ പണം നല്‍കിയ സിനിമ നിശ്ചിത സമയംവരെ സൗജന്യമായി കാണാം. താത്പര്യമുള്ള സിനിമ ഇഷ്ടമുള്ള സമയത്ത് പ്രേക്ഷകര്‍ക്ക് കാണാം എന്നതാണ് സി സ്‌പേസിന്റെ ഗുണം. പഴയകാല ചിത്രങ്ങളും സി സ്‌പേസിന്റെ ഭാഗമാകും.
സിനിമക്ക് പ്രേക്ഷകര്‍ ഉള്ളിടത്തോളം സി സ്‌പേസ് ഒടിടിയിലെ ചിത്രങ്ങളുടെ നിര്‍മാതാവിന് നിശ്ചിത വരുമാനം ലഭിക്കും എന്നത് വലിയ പ്രത്യേകതയാണ്. സര്‍ക്കാരിന്റെ ഒടിടി പ്രാബല്യത്തില്‍ വരുന്നത് മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും സിനിമാ പ്രേമികളും.
English Summary:
After several delays Cspace now sets January 26 as launch date
Source link