27 വർഷത്തിനിടെ ഞാൻ ചെയ്തത് 100 സിനിമകൾ, ഇങ്ങനെ പോയാൽ അവനെന്റെ സീനിയറാകും: കുഞ്ചാക്കോ ബോബൻ

ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് കുഞ്ചാക്കോ ബോബൻ. 27 വർഷത്തെ അഭിനയ ജീവിതംകൊണ്ട് താൻ ചെയ്തത് ആകെ 103 സിനിമകളാണെന്നും ചുരുങ്ങിയ കാലം കൊണ്ട് ഷൈൻ ടോം ചാക്കോ 100 സിനിമകൾ ചെയ്തു എന്ന് പറയുന്നത് അദ്ഭുതപ്പെടുത്തുന്ന ഒന്നാണെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ഷൈനിനെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്ന‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. ഷൈൻ ടോം ചാക്കോയുടെ നൂറാമത്തെ സിനിമ കൂടിയാണ് വിവേകാനന്ദൻ വൈറലാണ്. സ്വാസികയും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്
‘‘2024 തുടക്കത്തിൽ ഇതാദ്യമായാണ് ഒരു സിനിമയുടെ ചടങ്ങിനു വരുന്നത്. അത് കമൽ സാറിന്റെ സിനിമയായതില്‍ സന്തോഷം. എനിക്ക് നല്ല സിനിമകളും ഗാനങ്ങളും കഥാപാത്രങ്ങളും നൽകിയിട്ടുള്ള സംവിധായകനാണ് അദ്ദേഹം.

ഷെനിനെ അസിസ്റ്റന്റ് ഡയറക്‌ടറായ നാൾ മുതൽ എനിക്ക് അവനെ അറിയാവുന്നതാണ്. പിന്നീട് അവൻ അസിസ്റ്റന്റ് ഡയറക്‌ടറിൽ നിന്ന് ഒരു നടനായി മാറുകയായിരുന്നു. ‘ഗദ്ദാമ’ എന്ന സിനിമ ഷൈൻ ചെയ്‌തപ്പോൾ ഞാൻ അവനെ വിളിച്ചിരുന്നു. ആ സിനിമയിലെ കഥാപാത്രം അവൻ എറ്റവും ഭംഗിയായി തന്നെ ചെയ്തിരുന്നു. അത് മനസിൽ തങ്ങി നിൽക്കുന്നതായിരുന്നു. 

ഒടുവിൽ ഷൈൻ തന്റെ നൂറാമത്തെ സിനിമയുമായി വന്ന് നിൽക്കുമ്പോൾ, പത്ത് ഇരുപത്തിയേഴ് വർഷം കൊണ്ട് ഞാൻ നൂറ്റിമൂന്നാമത് സിനിമ ആയിട്ടേയുള്ളു എന്നതാണ് സത്യം. ഇനിയിപ്പോൾ പുള്ളി എൻ്റെ സീനിയറായിട്ട് മാറും. അതിലും ഒരുപാട് സന്തോഷമുണ്ട്.’’–കുഞ്ചാക്കോ ബോബൻ പറഞ്ഞു.

English Summary:
Kunchacko Boban talks about Shine Tom Chacko


Source link
Exit mobile version