ശിവസേനയിലെ അയോഗ്യതാ കേസ്: വിധി പറയാൻ സ്പീക്കർ, ഷിൻഡെ അനുകൂല വിധിക്ക് സാധ്യതയെന്ന് നിരീക്ഷകർ

മുംബൈ ∙ ശിവസേനയിലെ ഉദ്ധവ്, ഷിൻഡെ പക്ഷങ്ങൾ തമ്മിലുള്ള അയോഗ്യതാ കേസിൽ സ്പീക്കർ രാഹുൽ നർവേക്കർ ഇന്നു വൈകിട്ടു നാലിനു വിധി പറയും. സുപ്രീംകോടതി നേരത്തേ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കും സ്പീക്കർക്കുമെതിരെ പരാമർശങ്ങൾ നടത്തിയെങ്കിലും സ്പീക്കറുടെ തീരുമാനം ഷിൻഡെക്ക് എതിരെയാകാൻ സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. മറിച്ചാണ് വിധിയെങ്കിൽ ഷിൻഡെയുടെ രാഷ്ട്രീയഭാവിക്ക് വെല്ലുവിളിയാകും.
അയോഗ്യതയുമായി ബന്ധപ്പെട്ട് 34 പരാതികളാണു സ്പീക്കർക്കു മുന്നിലുള്ളത്. ഇവയെ ആറായി തിരിച്ചാണു പരിഗണിച്ചത്. പരാതിക്കൊപ്പം 2.5 ലക്ഷം പേജുകൾ അടങ്ങിയ രേഖകളാണു ശിവസേന എംഎൽഎമാർ കൈമാറിയിട്ടുള്ളത്. വിധി എതിരായാൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള തയാറെടുപ്പുകളും ഇരുപക്ഷങ്ങളും നടത്തുന്നുണ്ട്. വിധിപ്രഖ്യാപനത്തിനു മുൻപ് സ്പീക്കർ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ സന്ദർശിച്ചതിനെതിരെ ഉദ്ധവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്.
‘പ്രതിയെ ജഡ്ജി സന്ദർശിച്ചത്’ എന്തു സന്ദേശമാണ് നൽകുന്നതെന്നും ഇത്തരം ‘ജഡ്ജി’മാരിൽനിന്ന് എങ്ങനെയാണ് നീതി പ്രതീക്ഷിക്കാനാകുകയെന്നും ഇന്നലെ ഉദ്ധവ് പറഞ്ഞിരുന്നു. സ്പീക്കർ ബിജെപി എംഎൽഎ ആയതിനാൽ, ‘നിയമപരമായ’ വിധിയേക്കാൾ ‘രാഷ്ട്രീയപരമായ’ ഉത്തരവിനാണു സാധ്യതയെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാനും പ്രതികരിച്ചു. 2022 ജൂണിൽ ഷിൻഡെ നടത്തിയ വിമതനീക്കമാണു ശിവസേനയുടെ പിളർപ്പിനും കോൺഗ്രസും എൻസിപിയും കൂടി ഉൾപ്പെട്ട മഹാ വികാസ് അഘാഡി സർക്കാരിന്റെ പതനത്തിനും കാരണമായത്.
Source link