ദാമ്പത്യ കലഹം; മകനെ കൊന്ന് ട്രാവൽ ബാഗിലാക്കി യുവതി
ബെംഗളൂരു∙ 4 വയസ്സുള്ള മകനെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്ത കൺസൽറ്റിങ് കമ്പനി സിഇഒ അറസ്റ്റിലായി. മലയാളിയായ ഭർത്താവ് വെങ്കട്ടരാമനുമായുള്ള ദാമ്പത്യ കലഹത്തെ തുടർന്നാണ് കൊൽക്കത്ത സ്വദേശിനിയായ സുചന സേത്ത് (39) ക്രൂരതയ്ക്ക് മുതിർന്നതെന്ന് പൊലീസ് പറഞ്ഞു. വിവാഹ മോചനക്കേസ് നടപടികളുടെ ഭാഗമായി ഞായറാഴ്ചകളിൽ കുട്ടിയെ അച്ഛനൊപ്പം അയയ്ക്കാനുള്ള കോടതി നിർദേശം പാലിക്കാതിരിക്കാനാണിതു ചെയ്തതെന്ന് മൊഴി നൽകിയതായും സൂചനയുണ്ട്.
കഴിഞ്ഞ ശനിയാഴ്ച മകനൊപ്പം ഗോവയിലെ അപ്പാർട്മെന്റിൽ എത്തിയ സുചന, തിങ്കളാഴ്ച ഒറ്റയ്ക്കാണ് ബെംഗളൂരുവിലേക്ക് യാത്ര പുറപ്പെട്ടത്. ഇതേക്കുറിച്ചു ചോദിച്ച അപാർട്മെന്റ് ജീവനക്കാരോട് മകനെ മഡ്ഗാവിലെ സുഹൃത്തിനെ ഏൽപിച്ചെന്നായിരുന്നു മറുപടി. എന്നാൽ, മുറിയിൽ രക്തക്കറ കണ്ടെത്തിയ ജീവനക്കാർ ഗോവ പൊലീസിനെ വിവരം അറിയിച്ചു. സുഹൃത്തിന്റെ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തിയ പൊലീസ് ചിത്രദുർഗ സ്റ്റേഷനിൽ തടഞ്ഞുവച്ച് പരിശോധിച്ചപ്പോൾ ഡിക്കിയിലെ ബാഗിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊൽക്കത്ത സർവകലാശാലയിൽ നിന്ന് അസ്ട്രോ ഫിസിക്സിൽ മാസ്റ്റേഴ്സ് ബിരുദമെടുത്ത സൂചന, യുഎസിൽ നിർമിത ബുദ്ധി, മെഷീൻ ലേണിങ് രംഗത്ത് ജോലി ചെയ്ത ശേഷം ബെംഗളൂരുവിൽ നിർമിത ബുദ്ധി കൺസൽറ്റിങ് കമ്പനിയായ ‘മൈൻഡ്ഫുൾ എഐ ലാബ്’ ആരംഭിച്ചിരുന്നു. ഭർത്താവ് വെങ്കട്ടരാമൻ ഇന്തൊനീഷ്യയിലെ ജക്കാർത്തയിലാണ് ജോലി ചെയ്യുന്നത്.
English Summary:
Woman killed her son and put in travel bag
Source link