ത്രില്ലർ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ സംവിധായകനായി മാറിയ ജീത്തു ജോസഫിന്റെ മകൾ കാത്തി സംവിധാനം ചെയ്ത ‘ഫോർ ആലീസ്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. എസ്തര്‍ അനിലും അഞ്ജലി നായരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഹ്രസ്വചിത്രം കുട്ടി സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. അച്ഛൻ ജീത്തു ജോസഫിന്റെ സിനിമാ അഭിരുചി മകൾക്കും പകർന്നു കിട്ടി എന്നതിന്റെ തെളിവാണ് കാത്തിയുടെ ‘ഫോർ ആലീസ്’ കണ്ടാൽ മനസ്സിലാകുന്നത്. അച്ഛന്റെ പാത പിന്തുടർന്ന് കാത്തിയും ത്രില്ലർ ചിത്രങ്ങളിലൂടെ നവ സംവിധായകരുടെ പട്ടികയിൽ ഇടം പിടിക്കുമെന്ന് തീർച്ച.
ആലീസ് എന്ന പെൺകുട്ടിയും അവളുടെ കാമുകനും അമ്മയുമാണ് ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു ദിവസം വീട്ടിൽ തനിച്ചാകുന്ന ആലീസ് നേരിടുന്ന വിചിത്രമായ സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ഭീതിദമായ പശ്ചാത്തലത്തിൽ ഇരുളിൽ നിന്ന് ആരെങ്കിലും ചാടി വീഴും എന്ന് ഓരോ നിമിഷവും തോന്നിക്കുന്ന ചിത്രം കാണുന്ന പ്രേക്ഷകരിൽ ഭയം ഓരോ സിരകളിലും അരിച്ചു കയറുന്നതായി അനുഭവപ്പെടും.
ചിത്രത്തിന്റെ ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ സംവിധായിക വിജയിച്ചിട്ടുണ്ട്. സിനിമയുടെ മൂഡിന് ചേർന്ന സംഗീതമാണ് വിഷ്ണു ദാസ് ഒരുക്കിയിരിക്കുന്നത്. അഞ്ജലി നായർക്കും എസ്തർ അനിലിനും പുറമെ അർഷാദ് ബിൻ അൽതാഫ് ആണ് ചിത്രത്തിലുള്ളത് .
ജീത്തു ജോസഫ് നിർമിച്ച ഹ്രസ്വചിത്രത്തിന്റെ രചന കാത്തി ജീത്തു തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. നവീന്‍ ചെമ്പൊടിയാണ് ഛായാഗ്രഹണം. ചിത്രത്തിന്‍റെ സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസനാണ്. മേക്കപ്പ് രതീഷ് വി വസ്ത്രാലങ്കാരം ലിന്‍ഡ ജീത്തു, കലാസംവിധാനം രാജേഷ് പി വേലായുധന്‍, എഡിറ്റിംഗ് ഉണ്ണികൃഷ്ണന്‍ ഗോപിനാഥന്‍, സംഗീതം വിഷ്ണു ദാസ്.
അസോഷ്യേറ്റ് ഡയറക്ടര്‍ സുമേഷ് സന്ദകുമാര്‍, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ പ്രണവ് മോഹന്‍, കളറിസ്റ്റ് അര്‍ജുന്‍ മേനോന്‍, ആക്‌ഷന്‍ അഷ്‍റഫ് ഗുരുക്കള്‍, വിഎഫ്എക്സ് ടോണി മാഗ്‍മിത്ത്, ഡിസൈന്‍ ബാന്യന്‍ ഡിസൈന്‍സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാറ്റിന ജീത്തു.
English Summary:
Jeethu Joseph’s daughter Cathy turns director with ‘For Alice’
Source link