INDIALATEST NEWS

ഇന്ത്യ മുന്നണി: ലക്ഷ്യം കാണാതെ സീറ്റ് ചർച്ച

ന്യൂഡൽഹി ∙ ഇന്ത്യ മുന്നണിയിലെ സീറ്റ് ചർച്ചകൾ സജീവമായി തുടരുമ്പോഴും വ്യക്തമായ തീരുമാനങ്ങളിലെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഞായറാഴ്ച ആർജെഡി നേതാക്കളുമായും ഇന്നലെ ആംആദ്മി പാർട്ടി (എഎപി) നേതാക്കളുമായും ആദ്യ ഘട്ട ചർച്ചകൾ മാത്രമാണു നടന്നതെന്നും വരും ദിവസങ്ങളിൽ അന്തിമ തീരുമാനങ്ങളെടുക്കുമെന്നും കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നു. 
എഎപിയുടെ സംഘടനാ ജനറൽ സെക്രട്ടറി സന്ദീപ് പാഠക്, ഡൽഹി മന്ത്രിസഭാംഗങ്ങളായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരാണു മുകുൾ വാസ്‌നിക്കിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ കമ്മിറ്റിയുമായി ഇന്നലെ ചർച്ച നടത്തിയത്. ഡൽഹിയിൽ 7 ലോക്സഭാ സീറ്റിൽ നാലെണ്ണവും പഞ്ചാബിൽ 13 ൽ 7 സീറ്റും എഎപി ആവശ്യപ്പെട്ടെന്നാണ് വിവരം. ഹരിയാനയിൽ 3 സീറ്റും ഗോവയിലും ഗുജറാത്തിലും ഒന്നു വീതവും പാർട്ടി ആവശ്യപ്പെട്ടു. ഗുജറാത്തിലെ ബറൂച്ചിൽ എഎപി കഴിഞ്ഞ ദിവസം സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. 

ബിഹാറിൽ 10 സീറ്റുകളാണ് ആർജെഡി പ്രതീക്ഷിക്കുന്നത്. 5–6 സീറ്റുകൾ കോൺഗ്രസും ലക്ഷ്യമിടുന്നു. അതേസമയം, മുന്നണിയിൽ കാര്യങ്ങൾ അത്ര സുഖകരമല്ലെന്ന രീതിയിലാണു പല നേതാക്കളുടെയും പ്രതികരണങ്ങൾ. ‘കോൺഗ്രസ് എപ്പോഴും സ്വന്തം കാര്യങ്ങളെക്കുറിച്ചു മാത്രമാണ് ആശങ്കപ്പെടുന്നത്. ഞങ്ങൾ ഇന്ത്യ മുന്നണിയെക്കുറിച്ചാണ് ആകുലപ്പെടുന്നത്’– ആർജെഡി മുഖ്യ വക്താവ് കെ.സി.ത്യാഗി കഴിഞ്ഞദിവസം പ്രതികരിച്ചതിങ്ങനെ.

പ്രതിപക്ഷ മുന്നണിയിലെ സംഘടനാ സംവിധാനം ശക്തമല്ലെന്നു പറഞ്ഞ അദ്ദേഹം സീറ്റ് നിർണയവും സംയുക്ത റാലികളും വൈകുന്നതിനെക്കുറിച്ചും ആശങ്കപ്പെട്ടിരുന്നു. അതേസമയം, വരും ദിവസങ്ങളിൽ കാര്യങ്ങൾക്കു കൂടുതൽ വ്യക്തത വരുമെന്നു കോൺഗ്രസ് നേതാക്കൾ പറയുന്നു. ഇന്നു ശിവസേന (ഉദ്ധവ് താക്കറെ), എൻസിപി നേതാക്കളുമായി പാർട്ടി ചർച്ച നടത്തുന്നുണ്ട്. 

English Summary:
India alliance seat sharing discussions


Source link

Related Articles

Back to top button