INDIALATEST NEWS

‘വിശ്വാസം ഏതുമാകട്ടെ, സ്ത്രീ ബഹുമാനം അർഹിക്കുന്നു’


ന്യൂഡൽഹി ∙ ശിക്ഷ നൽകുന്നതിന്റെ ലക്ഷ്യമെന്താണ്? ഇക്കാര്യത്തിൽ ജഡ്ജിമാരും ഉത്തരവാദപ്പെട്ടവരും സ്വീകരിക്കേണ്ട സമീപനമെന്താണു തുടങ്ങിയവയ്ക്കുള്ള ഉത്തരം കൂടിയാണ് ബിൽക്കീസ് ബാനോ കേസിൽ ജസ്റ്റിസ് ബി.വി.നാഗരത്ന എഴുതിയ വിധിന്യായത്തിന്റെ ആമുഖം. 
ഓരോ കേസിലും ഉൾപ്പെടുന്ന മത്സര താൽപര്യങ്ങൾ, അതിജീവിതരുടെയും അവരുടെ കുടുംബങ്ങളുടെയും നീതിക്കുള്ള അവകാശങ്ങൾ, കുറ്റവാളികൾക്കു മാറ്റത്തിനുള്ള അവസരം ലഭിക്കാനുള്ള അവകാശം എന്നിവയെക്കുറിച്ചു പറഞ്ഞ അവർ പ്രതികളുടെ സമ്പൂർണനവീകരണമാണു ജയിൽശിക്ഷയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഓർമിപ്പിച്ചു.

നാഗരത്ന കുറിച്ചു: ‘കേവലം പ്രതികാരത്തിനല്ല ശിക്ഷിക്കുന്നത്. മറിച്ചു പ്രതിരോധത്തിനും നവീകരണത്തിനും വേണ്ടിയാണത്. കഴിയുന്നിടത്തോളം ജഡ്ജി മരുന്നു പ്രയോഗിക്കാത്ത ഡോക്ടറെ അനുകരിക്കണമെന്ന് പ്ലേറ്റോ പറഞ്ഞിട്ടുണ്ട്; വേദന മാത്രം കണ്ടു പരിശോധിക്കാതെ രോഗിയുടെ ആകെ അഭിവൃദ്ധി ലക്ഷ്യമിട്ടു ചികിത്സിക്കുന്ന ഡോക്ടറെപ്പോലെ. ശിക്ഷയുടെ ഈ രോഗശാന്തി സിദ്ധാന്തം വഴി കുറ്റവാളിയെ സുഖപ്പെടുത്താൻ കഴിയുമെങ്കിൽ, വിദ്യാഭ്യാസത്തിലൂടെയും മറ്റ് അനുയോജ്യ വഴികളിലൂടെയും അവനെ മെച്ചപ്പെടുത്തേണ്ടതുണ്ട്. എന്നിട്ട് മെച്ചപ്പെട്ട പൗരനും നാടിനു ഭാരമാകാത്തൊരാളുമായി സ്വതന്ത്രനാക്കണം.

ബിൽക്കീസ് കേസിലെ നടപടികളും ഇതിലെ വീഴ്ചകളുമാണ് ജസ്റ്റിസ് നാഗരത്ന വിധിന്യായത്തിൽ ഉന്നയിച്ചതെങ്കിലും സുപ്രധാനമായ ഒരു ചോദ്യവും ജസ്റ്റിസ് നാഗരത്ന ഉന്നയിക്കുന്നു: ‘ഒരു സ്ത്രീയുടെ വിശ്വാസമോ അവരുടെ വിഭാഗമോ ഏതുമായിക്കൊള്ളട്ടെ, ഉന്നതരോ താഴ്ന്നവരോ ആകട്ടെ അവരെല്ലാം ബഹുമാനം അർഹിക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രൂരമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാമോ എന്നതടക്കം ചോദ്യങ്ങൾ ഉയർന്നുവരുന്നു’.

ഗുജറാത്തിന് അധികാരമില്ല; ഉത്തരവ് വികലം
കോടതിയുടെ കണ്ടെത്തലുകൾ

∙ ശിക്ഷയിൽ ഇളവു തേടി കുറ്റക്കാ‍ർ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാനുള്ള അധികാരം ഗുജറാത്ത് സർക്കാരിനില്ല. ഇളവു നൽകിക്കൊണ്ടുള്ള ഗുജറാത്ത് സർക്കാരിന്റെ ഉത്തരവു നിയമവിരുദ്ധവും വികലവുമാണെന്നതിനാൽ റദ്ദാക്കുന്നു.
∙ ഇളവു നൽകുന്നതു പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിനോടു നിർദേശിച്ചതുമായി ബന്ധപ്പെട്ട സുപ്രീം കോടതി നടപടിയിൽ ബിൽക്കീസ് ബാനോ കക്ഷിയായിരുന്നില്ല. അതുകൊണ്ട് ഇളവു നൽകിയ തീരുമാനവും പരിഗണിക്കാൻ സർക്കാരിനോടു നിർദേശിച്ച സുപ്രീം കോടതി ഉത്തരവും ചോദ്യം ചെയ്യാൻ ബിൽക്കീസിന് അവകാശമുണ്ട്.

∙ സുപ്രീം കോടതിയുടെ മുൻകാല വിധികൾക്ക് വിരുദ്ധമായാണ് 2022 ൽ ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. ഇതു തെറ്റായ ധാരണയി‍ൽ നിന്നുണ്ടായ വിധിയാണ്; മറ്റു കോടതികൾക്കു ബാധകമാകില്ല.
∙ ശിക്ഷയിൽ ഇളവു തേടിയുള്ള അപേക്ഷ പരിഗണിക്കാനുള്ള അധികാരം വിചാരണ നടന്ന്, വിധി പറഞ്ഞ സംസ്ഥാനത്തെ സർക്കാരിനാണ് (ഈ കേസിൽ മഹാരാഷ്ട്ര സർക്കാർ).

∙ ശിക്ഷയിൽ ഇളവു നൽകുന്നതു സംബന്ധിച്ചു 1992 ൽ ഗുജറാത്ത് സർക്കാർ കൊണ്ടുവന്ന നയം ബിൽക്കീസ് ബാനോ കേസിലെ പ്രതികൾക്കു ബാധകമാകില്ല.


Source link

Related Articles

Back to top button