INDIALATEST NEWS

ക്രൂരതയുടെ ആ രാത്രി

ന്യൂഡൽഹി ∙ 2002 മാർച്ച് 3ന് ബിൽക്കീസ് ബാനോയ്ക്കും കുടുംബത്തിനും നേരെയുണ്ടായ ക്രൂരതയാണു കേസിനാസ്പദമെങ്കിലും ദിവസങ്ങൾക്കു മുൻപേ അവരുടെ ദുരിതപലായനം തുടങ്ങിയിരുന്നു. കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി 27ന്. ഗോധ്രയിൽ സബർമതി എക്സ്പ്രസിനു തീവച്ചതിനെ തുടർന്നുണ്ടായ അക്രമം റന്ധിക്പുർ ഗ്രാമത്തിലേക്ക് എത്തില്ലെന്ന ഗ്രാമപ്രമുഖരുടെ വാക്കുകൾ പാഴായി. ഗ്രാമംതന്നെ തീപ്പന്തമായി. ജീവനുംകൊണ്ട് ഓടിയൊളിക്കുകയല്ലാതെ വഴിയില്ലാതായി.
പനിവേലിയിലെ അമ്മാവന്റെ വീട്ടിലേക്കായിരുന്നു ബീൽക്കീസ് ഉൾപ്പെടുന്ന 17 അംഗ സംഘത്തിന്റെ പലായനം. ഏറെയും സ്ത്രീകൾ. അക്രമികളുടെ കണ്ണിൽപെടാതെ കുന്നിൻചെരിവിലെ ഇടുങ്ങിയ പാതയിലൂടെ നീങ്ങുമ്പോൾ ആദ്യം ബിൽക്കീസിന്റെ അമ്മാവന് അടിയേറ്റു. പിന്നാലെ മുപ്പതോളം പേരടങ്ങുന്ന സംഘം പ്രത്യക്ഷപ്പെട്ടു. ബിൽക്കീസിന് ഒപ്പമുണ്ടായിരുന്നവർ നാലുപാടും ഓടി. അക്രമികൾ പുരുഷന്മാരെ കൊന്നു, പെൺകുട്ടികളെ പീഡിപ്പിച്ചു.

4 പേർ ചേർന്നാണു തന്നെ പീഡിപ്പിച്ചതെന്നാണു ബിൽക്കീസ് വെളിപ്പെടുത്തിയത്. 5 മാസം ഗർഭിണിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും അക്രമികൾ വിട്ടില്ല. പീഡിപ്പിച്ച് വലിച്ചെറിഞ്ഞു. ബോധം തിരിച്ചുകിട്ടിയപ്പോൾ ചുറ്റിലും കണ്ടത് ഉറ്റവരുടെ ചേതനയറ്റ ശരീരങ്ങൾ; അമ്മ ഹലീമയും കടിഞ്ഞൂൽ കൺമണി സാലിഹയും അടക്കം. ഇഴഞ്ഞിഴഞ്ഞ് അടുത്തുള്ള ആദിവാസിഗ്രാമത്തി‍ലെത്തിയ ബിൽക്കീസിന് അവിടത്തുകാർ ഒരു വസ്ത്രം നൽകി; സമീപത്തെ പൈപ്പിൽനിന്നു വെള്ളം കുടിച്ചു. പിന്നെ നീതിക്കായുള്ള പോരാട്ടദിനങ്ങൾ.

English Summary:
Bilkis Bano’s case: night of cruelty


Source link

Related Articles

Back to top button