INDIALATEST NEWS

ബിൽക്കീസ് ബാനോ കേസ്: പ്രതികളെ വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി; 11 കുറ്റവാളികൾ വീണ്ടും ജയിലിലേക്ക്


ന്യൂഡൽഹി ∙ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനോ ഉൾപ്പെടെ 8 സ്ത്രീകളെ കൂട്ട പീഡനത്തിന് ഇരയാക്കിയതിനും കുഞ്ഞുങ്ങളുൾപ്പെടെ 14 പേരെ കൊലപ്പെടുത്തിയതിനും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കി. ഇല്ലാത്ത അധികാരമുപയോഗിച്ചും പ്രതികളുമായി ഒത്തുകളിച്ചുമാണ് 2022 ലെ സ്വാതന്ത്ര്യദിനത്തിൽ ഗുജറാത്ത് സർക്കാർ പ്രതികളെ മോചിപ്പിച്ചതെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ വിധി. കുറ്റവാളികൾ 11 പേരും രണ്ടാഴ്ചയ്ക്കകം ജയിലിൽ തിരികെ എത്തണമെന്ന് കോടതി നിർദേശിച്ചു. 

ബിൽക്കീസ് ബാനോ കേസിൽ ശിക്ഷിക്കപ്പെട്ടവർ സർക്കാർ ഇളവു നൽകിയതിനെത്തുടർന്ന് 2022 ഓഗസ്റ്റ് 15ന് പുറത്തിറങ്ങിയപ്പോൾ.

കേസിന്റെ വിചാരണ നടന്നതും ശിക്ഷ വിധിച്ചതും മഹാരാഷ്ട്രയിലാണ്. പ്രതികൾ ജയിൽ ശിക്ഷ അനുഭവിച്ചത് ഗുജറാത്തിലാണെങ്കിലും ശിക്ഷയിൽ ഇളവു നൽകാൻ മഹാരാഷ്ട്ര സർക്കാരിനാണ് അധികാരമെന്ന് ജസ്റ്റിസ് ഉജ്ജൽ ഭുയാനും കൂടി ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. പ്രതികളിലൊരാളായ രാധേശ്യാം ഷാ, ശിക്ഷയിൽ ഇളവു നൽകാനുള്ള അപേക്ഷ ഗുജറാത്ത് സർക്കാരാണ് പരിഗണിക്കേണ്ടതെന്ന് സുപ്രീം കോടതിയിൽനിന്ന് ഉത്തരവു നേടിയിരുന്നു. ഇതിന്റെ ബലത്തിലാണു പ്രതികളെ മോചിപ്പിച്ചത്. എന്നാൽ, ഹർജിക്കാരൻ വസ്തുതകൾ മറച്ചുവച്ചു നേടിയെടുത്ത ഈ ഉത്തരവു നിലനിൽക്കില്ലെന്ന് വിധിന്യായത്തിൽ ജസ്റ്റിസ് നാഗരത്ന വിശദീകരിച്ചു.  മുംബൈ പ്രത്യേക കോടതി പ്രതികൾക്കു വിധിച്ച പിഴത്തുക അവർ ഒടുക്കിയില്ലെന്ന കാര്യം ഇളവു നൽകുമ്പോൾ ജയിൽ ഉപദേശക സമിതി പരിഗണിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ശിക്ഷയിൽ ഇളവു നൽകാൻ മഹാരാഷ്ട്ര സർക്കാരിനാണ് അധികാരമെന്നു ഗുജറാത്ത് സർക്കാർ നേരത്തെ കോടതിയിൽ നിലപാടെടുത്തതാണ്. രാധേശ്യാമിന്റെ ഹർജിയിൽ മറിച്ചുള്ള ഉത്തരവുണ്ടായപ്പോൾ പുനഃപരിശോധന ഹർജി നൽകാൻ സർക്കാർ തയാറായില്ല. പകരം കുറ്റക്കാരുമായി സഹകരിച്ച ഗുജറാത്ത് സർക്കാർ, മഹാരാഷ്ട്രയുടെ അധികാരം കവർന്നെടുത്തു. ജയിലിലാണെങ്കിൽ മാത്രമേ ഇനി ശിക്ഷയിളവിനു മഹാരാഷ്ട്ര സർക്കാരിനോട് അപേക്ഷിക്കാൻ പ്രതികൾക്കു സാധിക്കുകയുള്ളുവെന്നും കോടതി പറഞ്ഞു. 

പ്രതികളെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനോയും സിപിഎം നേതാവ് സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, മുൻ ഐപിഎസ് ഉദ്യോഗസ്ഥ മീരാൻ ഛദ്ദ ബൊർവങ്കർ, അസ്മ ഷഫീഖ് ഷെയ്ക് എന്നിവരും ദേശീയ മഹിളാ ഫെഡറേഷനും നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. പ്രതികൾക്കു ശിക്ഷയിളവെന്നതു തന്നെ ബാധിക്കുന്ന കാര്യമല്ലാത്തതിനാൽ ബിൽക്കീസിനും കേസുമായി ബന്ധമില്ലാത്തതിനാൽ സംഘടനകൾക്കും ഹർജി നൽകാൻ പറ്റില്ലെന്ന് എതിർകക്ഷികൾ വാദിച്ചിരുന്നു. എന്നാൽ, ബിൽക്കീസിന് അവകാശമുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞ കോടതി, മറ്റുള്ളവരുടെ കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും വ്യക്തമാക്കി. 

കേസ് ഇങ്ങനെ:
ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് 3ന് കലാപകാരികൾ ബിൽക്കീസിനെ അതിക്രൂരമായി പീഡിപ്പിച്ചു. ബിൽക്കീസിന്റെ  3 വയസ്സുകാരി മകളെയടക്കം 14 കുടുംബാംഗങ്ങളെ കൊലപ്പെടുത്തി. അന്ന് 19 വയസ്സായിരുന്നു ബിൽക്കീസിന്റെ പ്രായം. 5 മാസം ഗർഭിണിയുമായിരുന്നു. 2008 ൽ കേസിൽ 11 പ്രതികളെ ‌ജീവപര്യന്തം ശിക്ഷിച്ചു. 2022 ഓഗസ്റ്റ് 15ന് എല്ലാവരും ശിക്ഷാ ഇളവ് ലഭിച്ചു മോചിതരായി. 

പ്രതികൾ ഇവർ
ജസ്വന്ത് നായി, ഗോവിന്ദ് നായി, ശൈലേഷ് ഭട്ട്, രാധേശ്യാം ഭഗ്‍വാൻദാസ് ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർ ഭായ് വൊഹാനിയ, പ്രദീപ് മോർദിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേശ് ചന്ദന.


Source link

Related Articles

Back to top button