ബെക്കൻബോവർ അന്തരിച്ചു
ബർലിൻ: ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ (78) അന്തരിച്ചു. ജർമൻ ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി അറിയപ്പെടുന്ന ബെക്കൻബോവർ ജർമനിയെ രണ്ടു തവണ ലോക ചാന്പ്യന്മാരാക്കുന്നതിൽ പങ്കുവഹിച്ചു. 1974ൽ ജർമനി (അന്ന് വെസ്റ്റ് ജർമനി) ചാന്പ്യന്മാരാകുന്പോൾ ബെക്കൻബോവറായിരുന്നു ക്യാപ്റ്റൻ. 1990ൽ പരിശീലകനായും ജർമനിയെ ലോക ജേതാക്കളാക്കി. കളിക്കാനായും പരിശീലകനായും ലോകകപ്പ് നേടിയ രണ്ടാമത്തെയാളാണ് ബെക്കൻബോവർ. ഇതിനു മുന്‍പ് ബ്രസീലിന്റെ മരിയോ സാഗെല്ലോയും പിന്നീട് ഫ്രാൻസിന്റെ ദിദിയെ ദെഷാംപ്സും ഈ നേട്ടം കൈവരിച്ചു. ജർമനിയുടെയും ബയേണ്‍ മ്യൂണിക്കിന്റെയും പ്രതിരോധ ഭടനായിരുന്ന ബെക്കൻബോവർ കളത്തിലെ പ്രകടനംകൊണ്ട് ആരാധകർ ദെർ കൈസർ (ദ എംപറർ) എന്നാണ് വിളിച്ചിരു ന്നത്. 1964 മുതൽ 1977 വരെ ബയേണിനൊപ്പം കളിച്ച താരം ക്ലബ്ബിനെ തുടർച്ചയായി മൂന്നു തവണ യൂറോപ്യൻ കപ്പ് നേടിക്കൊടുക്കുന്നതിൽ പങ്ക് വഹിച്ചു. കൂടാതെ നാലു ബുണ്ടസ് ലീഗ ചാന്പ്യൻഷിപ് ഉൾപ്പെടെ 11 കിരീടങ്ങൾ ഈ കാലത്ത് ക്ലബ് സ്വന്തമാക്കി. ബയേണിനായി 427 മത്സരങ്ങളിൽനിന്ന് 60 ഗോളുകൾ നേടിയിട്ടുണ്ട്. ബയേണ്‍ വിട്ട ബെക്കൻബോവർ 1977 മുതൽ 1980 വരെ ന്യൂയോർക്ക് കോസ്മോസിൽ കളിച്ചു. പിന്നീട് ജർമനിയിൽ തിരിച്ചെത്തി 1980-82 സീസണിൽ ബുണ്ടസ് ലിഗ ക്ലബ് ഹാംബർഗർ എസ്വിക്കൊപ്പം പന്തുതട്ടി. ഹാംബർഗറിനൊപ്പം 1981-82 സീസണിൽ ബുണ്ടസ് ലീഗ നേടുകയും ചെയ്തു. 1983ൽ തിരിച്ച് കോസ്മോസിലെത്തി കളിക്കാരനായുള്ള കുപ്പായം ഉൗരി. ക്ലബ് കരിയറിൽ 754 മത്സരങ്ങളിലാണ് ഇറങ്ങിയത്.
1965ൽ വെസ്റ്റ് ജർമനിയുടെ സീനിയർ ടീമിൽ കളിച്ചു തുടങ്ങിയ ബെക്കൻബോവർ 1977ൽ 31-ാം വയസിൽ അന്താരാഷ്ട്ര ഫുട്ബോൾ ജീവിതം ഉപേക്ഷിച്ചശേഷമാണ് ന്യൂയോർക്കിലേക്കു കളിക്കാൻ പോയത്. 103 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് 14 ഗോളുകൾ നേടി. 1984ൽ വെസ്റ്റ് ജർമനിയുടെ പരിശീലകനായി ചുമതലയേറ്റ ബെക്കൻബോവർ 1986ലെ ലോകകപ്പിൽ ജർമനിയെ ഫൈനലിലെത്തിച്ചു. ഫൈനലിൽ ഡിയോഗോ മാറഡോണയുടെ അർജന്റീനയോടു തോറ്റു. 1990ൽ ഐക്യ ജർമനിയായശേഷം ബെക്കൻബോവറുടെ കീഴിൽ ലോകകപ്പിലെത്തിയ ജർമനി ഫൈനലിൽ 1-0ന് അർജന്റീനയെ തോൽപ്പിച്ച് പകരം വീട്ടി. ഇതിനുശേഷം ദേശീയ ടീമിന്റെ പരിശീലക കുപ്പായം അഴിച്ചുവച്ചു. പിന്നീട് ഫ്രഞ്ച് ക്ലബ് മാഴ്സെയുടെയും ബയേണ്‍ മ്യൂണിക്കിന്റെയും പരിശീലകനായി ടീമുകളെ ലീഗ് ജേതാക്കളാക്കി. രണ്ടു തവണ ബലോണ്‍ദോർ (1972, 1976) ലഭിച്ചു. 1966ലെ ലോകകപ്പിലെ പ്രകടനത്തിലൂടെ ഫിഫയുടെ മികച്ച യുവകളിക്കാരനുള്ള അവാർഡും ലഭിച്ചു.
Source link