INDIALATEST NEWS

‘രക്തച്ചൊരിച്ചിലിന്റെ രാത്രി’യിൽ ഇമ്രാനോട് സംസാരിക്കാൻ ‘സൗകര്യമില്ലെന്ന്’ മോദി; പാക്കിസ്ഥാനിലേക്ക് തൊടുക്കാൻ സജ്ജമാക്കി 9 മിസൈലുകൾ


ന്യൂഡൽഹി∙ പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകൾ എങ്ങനെ പാക്കിസ്ഥാനെ ഭയപ്പെടുത്തിയെന്നും ഭീകരവാദത്തോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ പാക്കിസ്ഥാൻ എങ്ങനെ നിർബന്ധിതരായി എന്നതിന്റെയും ഉള്ളറക്കഥകൾ വെളിപ്പെടുത്തി പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായിരുന്ന അജയ് ബിസാരിയ. ‘ആങ്കർ മാനേജ്മെന്റ്: ദ് ട്രബൾഡ് ഡിപ്ലോമാറ്റിക് റിലേഷൻഷിപ് ബിറ്റ്‌വീൻ ഇന്ത്യ ആൻഡ് പാക്കിസ്ഥാൻ’ എന്ന പുസ്തകത്തിലാണ് ബിസാരിയയുടെ തുറന്നുപറച്ചിൽ.
2019 ഫെബ്രുവരി 14നു നടന്ന പുൽവാമ ആക്രമണത്തിനു പിന്നാലെ ഫെബ്രുവരി 26ന് ബാലക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. ഇതിനുശേഷം പാക്കിസ്ഥാനിലേക്ക് ഏതു നിമിഷവും തൊടുക്കാവുന്ന രീതിയിൽ ഒൻപതു മിസൈലുകൾ ഇന്ത്യ സജ്ജമാക്കിയിരുന്നെന്ന് അജയ് ബിസാരിയ പറഞ്ഞു.  ഇന്ത്യയുടെ ആക്രമണം ഏതു നിമിഷവും ഉണ്ടാകുമെന്ന് ഭയന്ന പാക്കിസ്ഥാൻ അർധരാത്രിയിൽ‌ ഹൈക്കമ്മിഷണറായ തന്റെ ഓഫിസിന്റെ വാതിലുകൾ മുട്ടിയെന്ന് ബിസാരിയ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അന്നു പാക്ക് പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാന് ചർച്ച നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം.

പുൽവാമയിലെ ഭീകരാക്രമണം. 2019 ഫെബ്രുവരിയിലെ ചിത്രം: REUTERS/Younis Khaliq/File Photo

ഖത്തൽ കി രാത്ത് (രക്തച്ചൊരിച്ചിലിന്റെ രാത്രി) എന്ന് മോദി തന്നെ പിന്നീട് വിശേഷിപ്പിച്ച 2019 ഫെബ്രുവരി 27ന് രാത്രിയാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. ബാലക്കോട്ട് ആക്രമണത്തിനു പിന്നാലെ ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക്കിസ്ഥാന്റെ പിടിയിലായിരുന്നു. അഭിനന്ദിനെ മോചിപ്പിക്കുന്നതിനുള്ള സമ്മർദതന്ത്രങ്ങൾ അരങ്ങേറിയ ആദ്യ രാത്രിയായിരുന്നു അത്. അന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ ഇപ്പോഴും പുറംലോകത്തിന് അന്യമാണെങ്കിലും ചില അറിയാക്കഥകൾ അജയ് ബിസാരിയ തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. ഫെബ്രുവരി 28നാണ് അഭിനന്ദനെ പാക്കിസ്ഥാൻ മോചിപ്പിക്കുന്നത്.

27ന് അർധരാത്രി ഇന്ത്യയിലെ അന്നത്തെ പാക്കിസ്ഥാൻ ഹൈക്കമ്മിഷണർ സൊഹൈൽ മഹ്മൂദിൽ തന്നെ ഫോൺ വിളിച്ചതായി ബിസാരിയ വെളിപ്പെടുത്തുന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ഇമ്രാൻ ഖാൻ ആഗ്രഹിക്കുന്നെന്ന് പറഞ്ഞു. ബിസാരിയ ഡൽഹിയിലെ ആളുകളെ ഇക്കാര്യം അറിയിച്ചശേഷം മഹ്മൂദിലിനെ തിരിച്ചുവിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസാരിക്കാൻ അസൗകര്യമുണ്ടെന്നും എന്തെങ്കിലും അടിയന്തര സന്ദേശമുണ്ടെങ്കിൽ ഹൈക്കമ്മിഷണറെ തന്നെ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞതായും വ്യക്തമാക്കി. ആ രാത്രി പിന്നീട് പാക്കിസ്ഥാനിൽനിന്ന് ഒരു ‘വിളി’യും ബിസാരിയയെ തേടിയെത്തിയില്ല.

അടുത്ത ദിവസം, ഫെബ്രുവരി 28ന്, അഭിനന്ദനെ മോചിപ്പിക്കാനുള്ള തീരുമാനം പാക്കിസ്ഥാൻ പാർലമെന്റിൽ പ്രഖ്യാപിക്കുമ്പോൾ നരേന്ദ്ര മോദിയെ വിളിക്കാൻ ശ്രമിച്ചിരുന്നതായി ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. അഭിനന്ദനെ മോചിപ്പിച്ചത് സമാധാന, സൗഹൃദ നിലപാടുകളുടെ ഭാഗമായാണെന്നായിരുന്നു പാക്കിസ്ഥാന്റെ വിശദീകരണം. എന്നാൽ യുഎസിന്റെയും യുകെയുടെയും അടക്കമുള്ള ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും നയതന്ത്ര പ്രതിനിധികൾ അഭിനന്ദിനെ ഉപദ്രവിച്ചാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് പാക്കിസ്ഥാനെ ബോധ്യപ്പെടുത്തിയെന്നും ഇതിൽ പാക്കിസ്ഥാൻ പരിഭ്രാന്തരായെന്നും അജയ് ബിസാരിയ പറഞ്ഞു.

ബാലകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണം

ഫെബ്രുവരി 26ന് നടന്ന സംഭവങ്ങൾക്ക് ശേഷം ഈ നയതന്ത്രജ്ഞരിൽ ചിലരെ പാക്കിസ്ഥാൻ തുടർച്ചയായി മൂന്നു തവണ വിളിപ്പിച്ചിരുന്നു. അഭിനന്ദനെ വെറുതെ വിടാൻ മാത്രമല്ല,  പുൽവാമ ആക്രമണത്തിൽ നടപടിയെടുക്കാനും പ്രശ്നം പരിഹരിക്കാനും പാക്കിസ്ഥാൻ തയാറാണെന്ന് ഇന്ത്യയെ അറിയിക്കാൻ ഇവരിൽ ചിലർ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയെ രാത്രി വിളിക്കുകയും ചെയ്തു. ഇമ്രാൻ ഖാൻ ഈ പ്രഖ്യാപനങ്ങൾ അടുത്ത ദിവസം പാർലമെന്റിൽ നടത്തുമെന്ന് അവർ അദ്ദേഹത്തോട് പറഞ്ഞു.

എസ്‌സിഒ ഉച്ചകോടിക്കിടെ ബിഷ്‌കെക്കിൽ വച്ച് ഇമ്രാൻ ഖാനും നരേന്ദ്ര മോദിയും തമ്മിൽ ഹ്രസ്വമായ ഹസ്തദാനത്തിനും സംഭാഷണത്തിനുമായി ഇമ്രാൻ ഖാന്റെ അടുത്ത സുഹൃത്ത് ബിസാരിയയെ സമീപിച്ചത് എങ്ങനെയെന്നും പുസ്തകം വെളിപ്പെടുത്തുന്നു. തീവ്രവാദ വിഷയം കൈകാര്യം ചെയ്യുന്നതിൽ മോദിയെ തന്റെ ആത്മാർത്ഥത ബോധ്യപ്പെടുത്തുകയായിരുന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ലക്ഷ്യം.

അഭിനന്ദൻ വർധമാൻ

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയിലാണ് അഭിനന്ദനെ പാക്കിസ്ഥാൻ വിട്ടയച്ചെന്നും അല്ലാത്തപക്ഷം ‘ഖത്തൽ കി രാത്ത്’ (രക്തച്ചൊരിച്ചിലിന്റെ രാത്രി) ആകുമായിരുന്നുവെന്നും മോദി പറഞ്ഞത്. അഭിനന്ദനെ മോചിപ്പിക്കാൻ പാക്കിസ്ഥാൻ ലക്ഷ്യമാക്കി മിസൈലാക്രമണം പദ്ധതിയിട്ടിരുന്നെന്ന് ഇന്ത്യ ഒരിക്കലും ഔദ്യോഗികമായി പറഞ്ഞിട്ടില്ല, എന്നാൽ ഈ ഭീഷണി പാക്കിസ്ഥാൻ സൈന്യത്തെയും സർക്കാരിനെയും എങ്ങനെ അലോസരപ്പെടുത്തിയെന്ന് ബിസാരിയ വെളിപ്പെടുത്തുന്നു.

അഭിനന്ദൻ പിടിയിലായതിന് പിന്നാലെ ഇന്ത്യയുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ഫെബ്രുവരി 27ന് യുഎസ്, യുകെ, ഫ്രഞ്ച് പ്രതിനിധികളെ പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി വിളിച്ചിരുന്നു. യോഗത്തിന്റെ മധ്യത്തിൽ, വൈകിട്ട് 5.45 ഓടെ മറ്റു ചർച്ചകൾ നിർത്തി, ഇന്ത്യയുടെ 9 മിസൈലുകൾ പാക്കിസ്ഥാന് നേരെ തൊടുക്കാൻ തയാറായിനിൽക്കുകയാണെന്ന സൈന്യത്തിൽ നിന്നുള്ള സന്ദേശം വായിച്ചു.
‘വിശ്വസനീയമായ ഈ വിവരം’ അവരുടെ രാജ്യങ്ങളെ അറിയിക്കാനും നടപടിയിൽനിന്നു പിന്തിരിയാൻ ഇന്ത്യയോട് അവശ്യപ്പെടണമെന്നും വിദേശകാര്യ സെക്രട്ടറി അഭ്യർഥിച്ചു. ഈ പ്രതിനിധികളിലൊരാളുടെ നിർദേശപ്രകാരമാണ് ആവശ്യം ഇന്ത്യയെ നേരിട്ട് അറിയിക്കാൻ തീരുമാനിച്ചതും ഹൈക്കമ്മിഷണറെ വിളിപ്പിച്ചതും. ഇതിനുശേഷമാണ് നരേന്ദ്ര മോദിയോട് സംസാരിക്കാൻ ഇമ്രാൻ ഖാൻ ശ്രമം നടത്തിയതെന്ന് അജയ് ബിസാരിയ പുസ്തകത്തിൽ പറയുന്നു.


Source link

Related Articles

Back to top button