ജയിലിൽ കഴിയുന്ന എഎപി എംഎൽഎ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി; പ്രഖ്യാപനവുമായി കേജ്‌രിവാൾ

ന്യൂഡൽഹി∙ നിലവിൽ ജയിലിൽ കഴിയുന്ന ഗുജറാത്തിലെ ദെദിയാപദ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎ ചൈതർ വാസവയെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബറൂച്ച് ലോക്‌സഭാ സീറ്റിൽ ആം ആദ്മി പാർട്ടി (എഎപി) യുടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. ബറൂച്ചിലെ ഗോത്രവർഗ ആധിപത്യമുള്ള നേത്രങ് മേഖലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കായി പോരാടുന്നതിനാലാണ് വാസവയെ അറസ്റ്റു ചെയ്തതെന്ന് കേജ്‌രിവാൾ അവകാശപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കേജ്‌രിവാളിനൊപ്പമുണ്ടായിരുന്നു.
‘‘30 വർഷമായി ബിജെപി ഗുജറാത്ത് ഭരിക്കുന്നു. എന്നാൽ ബിജെപി ആദിവാസി സമൂഹത്തെ എന്നും അവഗണിച്ചു. തുടക്കം മുതൽ ആദിവാസി സമൂഹത്തോട് ബിജെപി ശത്രുത പുലർത്തുന്നു. ഇത് ചൈതർ വാസവയ്‌ക്ക് വേണ്ടിയുള്ള പോരാട്ടമല്ല. മറിച്ച് മുഴുവൻ ആദിവാസി സമൂഹത്തിന്റെയും അഭിമാനത്തിനു വേണ്ടിയാണ്’’– കേജ്‌രിവാൾ പറഞ്ഞു. താനും പഞ്ചാബ് മുഖ്യമന്ത്രിയും സംസ്ഥാനത്തെ എഎപി നേതാക്കളും ചേർന്ന് തിങ്കളാഴ്ച രാജ്പിപ്ല ജയിലിൽ കഴിയുന്ന വാസവയെ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ സംസ്ഥാന വർക്കിങ് പ്രസിഡന്റും ഗോത്രവർഗ നേതാവും കൂടിയായ വാസവയ്ക്ക് ബിജെപിയിലേക്ക് മാറിയാൽ കോടിക്കണക്കിനു രൂപയും മന്ത്രിസ്ഥാനവും നൽകാമെന്നു വാഗ്ദാനം നൽകിയിരുന്നതായും കേജ്‌രിവാൾ അവകാശപ്പെട്ടു. എന്നാൽ, സ്വന്തം സമുദായത്തെ ഒറ്റിക്കൊടുക്കാൻ കഴിയാത്തതിനാൽ വാസവ അതു നിഷേധിച്ചുവെന്നും കേജ്‌രിവാൾ പറഞ്ഞു.
നർമദ ജില്ലയിലെ ആദിവാസികൾ വനഭൂമി കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്‌തുവെന്നതാണ് ചൈതർ വാസവയ്‌ക്കെതിരെ കേസ്. ഏകദേശം ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം, വാസവ 2023 ഡിസംബർ 14ന് പൊലീസിൽ കീഴടങ്ങി. പിന്നാലെ അറസ്റ്റു ചെയ്തു. കേസിൽ വാസവയുടെ ഭാര്യയും അറസ്റ്റിലായിരുന്നു.
English Summary:
Arvind Kejriwal declares jailed AAP MLA Vasava as Bharuch candidate for Lok Sabha elections
Source link