INDIALATEST NEWS

ബിടിഎസിനെ കണ്ടേതീരൂ; ഒളിച്ചോടി 3 സ്കൂൾ കുട്ടികൾ

ചെന്നൈ ∙ ആരാധന അതിരു കടന്നപ്പോൾ, കൊറിയൻ സംഗീത ബാൻഡായ ബിടിഎസിനെ നേരിൽ കാണണമെന്ന മോഹവുമായി തമിഴ്നാട്ടിലെ കരൂർ ഗ്രാമത്തിൽനിന്നു മൂന്ന് എട്ടാം ക്ലാസ് വിദ്യാർഥിനികൾ ഒളിച്ചോടി ചെന്നൈയിലെത്തി. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിലെത്തി ഇഷ്ട ഗായകരെ നേരിൽ കാണണമെന്ന ആഗ്രഹത്തോടെ ഈ മാസം നാലിനാണു വീടുവിട്ടിറങ്ങിയത്. 
ചെന്നൈ വഴി വിശാഖപട്ടണത്തെത്തി അവിടെനിന്നു കപ്പൽ കയറി കൊറിയയിലേക്കു പോകാനായിരുന്നു പദ്ധതി. മൂവരുടെയും സമ്പാദ്യക്കുടുക്കകൾ പൊട്ടിച്ച് 14,000 രൂപയും യാത്രച്ചെലവിനു കയ്യിലെടുത്തു. ഈറോഡിൽനിന്ന് ട്രെയിൻ കയറിയ സംഘം ചെന്നൈയിലെത്തി ഹോട്ടലിൽ മുറിയെടുത്തു താമസിച്ച ശേഷം കപ്പൽ യാത്രയ്ക്കുള്ള ശ്രമം വിജയിക്കാത്തതിനെ തുടർന്നു വീടുകളിലേക്കു മടങ്ങാൻ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

മാതാപിതാക്കൾ കരൂർ പൊലീസിൽ പരാതി നൽകിയതോടെ അധികൃതരും അന്വേഷണം തുടങ്ങിയിരുന്നു. ഈറോഡിലേക്കു മടക്ക ടിക്കറ്റെടുത്ത് യാത്ര തുടങ്ങിയ കുട്ടികൾ രാത്രി ഭക്ഷണം വാങ്ങാനായി കാട്പാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ട്രെയിൻ വിട്ടുപോയതോടെ അങ്കലാപ്പിലായി. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കുട്ടികളെ സമീപിച്ച് വിവരങ്ങൾ ആരായുകയും ബന്ധുക്കളെ വിവരമറിയിക്കുകയുമായിരുന്നു. കുട്ടികൾക്കു കൗൺസലിങ് നൽകിയ ശേഷം ബന്ധുക്കളോടൊപ്പം വിട്ടയച്ചു. 

English Summary:
Three school Students run away from Karoor village to chennai to see Korean music band BTS


Source link

Related Articles

Back to top button