ടോക്കിയോ: ജപ്പാനിൽ ഭൂകന്പമുണ്ടായി അഞ്ചാം ദിവസം തൊണ്ണൂറുകാരിയെ ജീവനോടെ രക്ഷിച്ചു. ഇഷിക്കാവ പ്രവിശ്യയിലെ സുസു പട്ടണത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം. രണ്ടുനിലക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽനിന്നാണ് ഇവരെ പുറത്തെടുത്തത്. തിങ്കളാഴ്ച ജപ്പാന്റെ മധ്യപ്രദേശങ്ങളിലുണ്ടായ ഭൂകന്പത്തിൽ 126 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുനൂറിലധികം പേരെ കാണാതായി. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. ഭൂകന്പമുണ്ടായി മൂന്നു ദിവസത്തിനുശേഷം ആളുകളെ ജീവനോടെ പുറത്തെടുക്കാനുള്ള സാധ്യത കുറയും. ശനിയാഴ്ച സുസു പട്ടണത്തിൽ തെരച്ചിൽ നടത്തിയ നൂറോളം പേരടങ്ങുന്ന സംഘമാണു വയോധികയെ കണ്ടെത്തിയത്. തണുത്തു മരവിച്ചിരുന്നെങ്കിലും ഇവർക്കു ജീവനുണ്ടായിരുന്നു. ഇതിനടുത്തുനിന്നു ഹൃദയാഘാതമുണ്ടായ അവസ്ഥയിൽ ഒരു നാല്പതുകാരിയെയും രക്ഷപ്പെടുത്തി.
ഭൂകന്പത്തിൽ വീടുകൾ നഷ്ടമായ 30,000 പേർ ഇപ്പോഴും അഭയകേന്ദ്രങ്ങളിലുണ്ടെന്ന് ജാപ്പനീസ് സർക്കാർ അറിയിച്ചു. പതിനായിരക്കണക്കിനു ഭവനങ്ങളിൽ വൈദ്യുതി, കുടിവെള്ള വിതരണം പുനസ്ഥാപിക്കാനായിട്ടില്ല.
Source link