ഇന്ത്യ മുന്നണി: ചർച്ച തുടങ്ങി; പ്രതീക്ഷയോടെ കോൺഗ്രസ്


ന്യൂഡൽഹി ∙ പ്രാദേശിക എതിർപ്പുകളിൽ ഉരസി നിൽക്കുമ്പോഴും ഇന്ത്യ മുന്നണിയിലെ മറ്റു കക്ഷികളുമായി ചർച്ചകൾക്ക് കോൺഗ്രസ് ശുഭപ്രതീക്ഷയോടെ തുടക്കമിട്ടു. ബിഹാറിലെ ആർജെഡി നേതാക്കളുമായി ഇന്നലെ സംസാരിച്ച കോൺഗ്രസ് ഇന്ന് പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാക്കളുമായി ചർച്ച നടത്തും. പഞ്ചാബിൽ ഇരുപാർട്ടികളിലെയും നേതാക്കൾ ആത്മവിശ്വാസത്തിലാണ്; സഖ്യം വേണ്ടെന്ന നിലപാടിലും. ഇതു മാറ്റിയെടുക്കാൻ കേന്ദ്ര ഇടപെടൽ അനിവാര്യമാകും. 
ഈ മാസം കൊണ്ടു തന്നെ സീറ്റ് ധാരണയിലെത്തിക്കാനാണ് കോൺഗ്രസ് ശ്രമം. പിന്നാലെ, ഇന്ത്യ മുന്നണിക്ക് പുതിയ കൺവീനറെയും പ്രഖ്യാപിക്കണം. 260–290 സീറ്റിൽ മത്സരിക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസിന് പരാമവധി സീറ്റുകൾ ഉറപ്പിക്കുമ്പോൾ തന്നെ മറ്റു കക്ഷികളെ പിണക്കാതെ നോക്കുകയും വേണം. മുകുൾ വാസ്നിക്കിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് രൂപീകരിച്ച അഞ്ചംഗ അലിയൻസ് കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിന്റെയും നി‍ർദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ചർച്ച. 28 പാർട്ടികളാണ് ഇന്ത്യ മുന്നണിയിൽ സഹകരിക്കുന്നത്.

ബംഗാൾ, യുപി, ഡൽഹി, പഞ്ചാബ്:  പ്രശ്നംബാക്കി

തമിഴ്‌നാട്ടിൽ ഡിഎംകെ, ബിഹാറിലെ ആർജെഡി, ജെഡിയു, ജാർഖണ്ഡിലെ ജെഎംഎം, അസമിലെ മറ്റ് പാർട്ടികൾ എന്നിവരുമായി കോൺഗ്രസിന് തിരഞ്ഞെടുപ്പിന് മുൻപു തന്നെ ധാരണയുണ്ടെങ്കിലും പ്രധാന സംസ്ഥാനങ്ങളിലെ ചില പ്രധാന പാർട്ടികളുമായി സഖ്യമില്ല. 

മുന്നണിയിൽ ഒരുമിച്ചുള്ള കോൺഗ്രസും സിപിഎമ്മും നേർക്കുനേർ മത്സരിക്കുന്ന കേരളം ചർച്ചയിൽ തന്നെയില്ല.  ബംഗാൾ, യുപി, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലെ സീറ്റ് നിർണയമാകും കീറാമുട്ടി. ഇതിനിടെ, യുപിയിൽ എസ്പിയും ബംഗാളിൽ തൃണമൂലും മുന്നണിയെ ഗൗരവത്തോടെ കാണുന്നുവെന്നു പ്രതികരിച്ചതു ശുഭ പ്രതീക്ഷയായി പ്രതിപക്ഷ നേതാക്കൾ വിലയിരുത്തുന്നു. ബംഗാളിൽ തൃണമൂലിനെതിരെ ലോക്സഭ കക്ഷി നേതാവു കൂടിയായ അധിർ രഞ്ജൻ ചൗധരി പരസ്യവിമർശനം നടത്തിയത് കല്ലുകടിയായിരുന്നു. ബംഗാളിൽ സിപിഎം തൃണമൂലുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഇവരിൽ ഒരാളെ തിരഞ്ഞെടുത്താകും കോൺഗ്രസിന് മുന്നോട്ടുപോകേണ്ടിവരിക. 
കോഓർഡിനേറ്റർമാരെ നിയോഗിച്ച് കോൺഗ്രസ്

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഓരോ മണ്ഡലത്തിലേക്കും കോൺഗ്രസ് കോഓർഡിനേറ്റർമാരെ പ്രഖ്യാപിച്ചു. കോഓർഡിനേറ്ററും മണ്ഡലവും : പി.മോഹൻരാജ് (തിരുവനന്തപുരം), കരകുളം കൃഷ്ണപിള്ള (ആറ്റിങ്ങൽ), വി.എസ്.ശിവകുമാർ (കൊല്ലം), എ.എ.ഷുക്കൂർ (പത്തനംതിട്ട), അജയ് തറയിൽ (ആലപ്പുഴ), കെ.സി.ജോസഫ് (മാവേലിക്കര), റോയ്.കെ.പൗലോസ് (കോട്ടയം), വി.പി.സജീന്ദ്രൻ (ഇടുക്കി), എം.ലിജു (എറണാകുളം), പി.ജെ.ജോയ് (ചാലക്കുടി), ഒ.അബ്ദുറഹ്മാൻ കുട്ടി (തൃശൂർ), വി.ബാബുരാജ് (ആലത്തൂർ), ബി.എ.അബ്ദുൽ മുത്തലിബ് (പാലക്കാട്), പി.എ.സലീം (പൊന്നാനി), സി.വി.ബാലചന്ദ്രൻ (മലപ്പുറം), സോണി സെബാസ്റ്റ്യൻ (കോഴിക്കോട്), വി.എ.നാരായണൻ (വടകര), പി.ടി.മാത്യു (വയനാട്), എൻ.സുബ്രഹ്മണ്യം (കണ്ണൂർ), സൈമൺ അലക്സ് (കാസർകോട്).


Source link
Exit mobile version