‘ഭീകര ബന്ധവും അന്വേഷിക്കണം’: തൃണമൂൽ നേതാവിനെ അറസ്റ്റു ചെയ്യാൻ ഗവർണറുടെ നിർദേശം

കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിനെ ഉടൻ അറസ്റ്റ് ചെയ്യാന്‍ നിർദേശം നൽകി ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. ഇയാളുടെ ഭീകരവാദ ബന്ധത്തെക്കുറിച്ച് അന്വേഷിക്കാനും അധികൃതരോട് നിർദേശിച്ചു. പീസ് റൂമിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, കുറ്റാരോപിതനെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായി ശനിയാഴ്ച രാത്രി വൈകി രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചില പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെ ഒത്താശ ഇയാൾക്കുള്ളതായി പരാതിയിലുണ്ട്. 
അതേസമയം, ഗവർണറുടെ നടപടിയോടു പ്രതികരിച്ച തൃണമൂല്‍ കോൺഗ്രസ് നോതാവ് കുനാൽ ഘോഷ്, ‘അദ്ദേഹത്തിന്റെ പരാമർശത്തിന്റെ അടിസ്ഥാനം എന്താണെന്ന് അറിയില്ല’ എന്നു പറഞ്ഞു. ‘‘ഗവർണർ സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചാണ് പ്രവർത്തിക്കുന്നത്. അങ്ങനെയെങ്കിൽ അദ്ദേഹത്തിന് എങ്ങനെ ഇത്തരം പരാമർശങ്ങൾ നടത്താനാകും. കൃത്യമായ റിപ്പോർട്ടോ തെളിവോ ഇല്ലാതെയാണ് പരാമർശം നടത്തിയിരിക്കുന്നത്’’– അദ്ദേഹം കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ദിവസം, റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് ഷാജഹാന്റെ വസതിയില്‍ പരിശോധനയ്‌ക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. പിന്നാലെ, ഷാജഹാന്റെ കുടുംബവും ഇഡിയും പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെ, ഷാജഹാൻ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന ആശങ്കയെത്തുടർന്ന് ഇ.ഡി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇതിനിടെയാണ് ഷാജഹാനെ അറസ്റ്റു ചെയ്യാൻ ഗവർണർ നിർദേശം നൽകിയത്. 

English Summary:
Bengal Governor Ananda Bose asks authorities to arrest TMC leader Shahjahan Sheikh, probe his links with terrorists


Source link
Exit mobile version