ഞാൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാന്‍, അല്ലാതെ രാഷ്ട്രീയ ചടങ്ങിൽ പങ്കെടുക്കാനല്ല: അയോധ്യ വിഷയത്തിൽ ശശി തരൂർ


കൊല്ലം∙ താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണെന്നും രാഷ്ട്രീയ ചടങ്ങിനല്ലെന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. അയോധ്യയിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും പങ്കെടുക്കുന്നത് സംബന്ധിച്ച് അവർ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തണമെന്ന കർണാടക സർക്കാർ  ഉത്തരവു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി.
‘‘വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നത്. വ്യക്തികള്‍ തീരുമാനിക്കും. ഞാൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണ്. ഒരു രാഷ്ട്രീയ ചടങ്ങിനല്ല പോകുന്നത്. അതിനുവേണ്ടി സാംസ്കാരിക സമ്മേളനം സൈഡിലുണ്ടാകാം. ഹാൾ ഉണ്ടാകാം. ക്ഷേത്രത്തിൽ പോകുന്നത് എന്റെ അഭിപ്രായത്തിൽ വേറെ കാര്യത്തിനാണ്. ദൈവത്തിന്റെ അടുത്ത് ബന്ധം സ്ഥാപിക്കാനാണ് പോകുന്നത്. സർക്കാരിന്റെ ഇടപെടൽ ആവശ്യമുണ്ടോ എന്നറിയില്ല. പക്ഷേ, അവർ ചെയ്തിട്ടുണ്ടെങ്കിൽ ചെയ്തോട്ടെ. ജനങ്ങൾ പ്രാ‌‍ർഥിക്കുന്നത് അവരുടെ സ്വന്തം താൽപര്യം കൊണ്ടാണ്. ആരും സർക്കാർ പറഞ്ഞിട്ടല്ല പ്രാർഥിക്കാൻ പോകുന്നത്’’– തരൂർ പറഞ്ഞു. 

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് പാർട്ടിയുടെ തീരുമാനം ഉടൻ ഉണ്ടാകുമോയെന്ന ചോദ്യത്തിന്, ‘22–ാം തീയതിക്ക് ഇനിയും ദിവസം ഉണ്ടല്ലോ’ എന്ന് അദ്ദേഹം മറുപടി നൽകി. ജനുവരി 22നാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ്. 


Source link
Exit mobile version