നഴ്‌സറിയിലെ കൂട്ടുകാരിക്ക് 4 വയസുകാരന്‍ സമ്മാനിച്ചത് 12 ലക്ഷത്തിന്റെ സ്വര്‍ണം; ഞെട്ടി മാതാപിതാക്കള്‍


ബെയ്ജിങ്: കുട്ടികളുടെ സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും ഏറ്റവും വലിയ പ്രത്യേകത നിഷ്‌കളങ്കതയാണ്. ക്ലാസിലെ പ്രിയപ്പെട്ട കൂട്ടുകാരിയ്‌ക്കോ കൂട്ടുകാരനോ തന്റെ പെന്‍സിലോ ചോക്കലേറ്റോ യാതൊരു പരിഭവവും കാണിക്കാതെ പങ്കുവെക്കാന്‍ അവര്‍ തയ്യാറാകും. അവരുടെ കുട്ടിഭാവനയില്‍ ആ കൂട്ടുകാരിയോ കൂട്ടുകാരനോ ജീവിതകാലം മുഴുവനും തങ്ങളോടൊപ്പമുണ്ടാകാന്‍ പോകുന്ന കൂട്ടാണ്. അങ്ങനെ തന്റെ ക്ലാസ്‌മേറ്റായ കൂട്ടുകാരിയെ ഭാവിപങ്കാളിയായിക്കണ്ട് വീട്ടിലെ സ്വര്‍ണമെടുത്ത് സമ്മാനമായി നല്‍കിയ നാലുവയസ്സുകാരനാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ലോകത്തെ ‘ട്രെന്‍ഡിങ് സ്റ്റാര്‍’. ചൈനയിലെ സെച്ച്വാന്‍ പ്രവിശ്യയിലാണ് സംഭവം. നഴ്‌സറിയില്‍ ഒപ്പം പഠിക്കുന്ന പെണ്‍കുട്ടിയ്ക്ക് ഏകദേശം 12 ലക്ഷം രൂപ വില മതിയ്ക്കുന്ന സ്വര്‍ണബിസ്‌കറ്റുകളാണ് നാലുവയസ്സുകാരന്‍ സമ്മാനമായി കൊടുത്തത്. ‘എന്‍ഗേജ്‌മെന്റ് ഗിഫ്റ്റ്’ എന്ന നിലയിലായിരുന്നു സമ്മാനക്കൈമാറ്റം. ഇക്കഴിഞ്ഞ ഡിസംബര്‍ 22 നായിരുന്നു സംഭവം. വീട്ടിലെത്തിയയുടനെ പെണ്‍കുട്ടി തനിക്ക് കിട്ടിയ സമ്മാനം അത്യാഹ്‌ളാദത്തോടെ വീട്ടുകാരെ കാണിച്ചു. മകള്‍ക്കുകിട്ടിയ സമ്മാനം കണ്ട് മാതാപിതാക്കള്‍ ‘ഞെട്ടി’. പിറ്റേദിവസം തന്നെ സമ്മാനം മടക്കിനല്‍കണമെന്ന് പെണ്‍കുട്ടിയോട് പറഞ്ഞു. സമ്മാനം കൊടുത്ത കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് കാര്യമറിയിക്കുകയും ചെയ്തു.


Source link

Exit mobile version