മോദിക്കെതിരായ പരാമര്‍ശം: ഔദ്യോഗിക പ്രസ്താവനയിറക്കി മാലദ്വീപ്, 3 മന്ത്രിമാര്‍ക്ക് സസ്‌പെന്‍ഷന്‍


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയുള്ള മാലദ്വീപ് മന്ത്രിയുടെ പരാമര്‍ശം വിവാദമായതിനു പിന്നാലെ മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്ത് മാലദ്വീപ്. മോശം പരാമര്‍ശം നടത്തിയ മറിയം ഷിയുന ഉള്‍പ്പടെയുള്ള മന്ത്രിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും മാലദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമർശങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നു പ്രസ്താവനയിൽ മാലദ്വീപ് വ്യക്തമാക്കിയിരുന്നു.വിദേശ നേതാക്കള്‍ക്കും ഉന്നത സ്ഥാനങ്ങളിലുള്ള വ്യക്തികള്‍ക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ അഭിപ്രായപ്രകടനങ്ങളൊന്നും തന്നെ മാലദ്വീപ് ഭരണകൂടത്തിന്റെ നയങ്ങളെ പ്രതിനിധീകരിക്കുന്നില്ല അവ തികച്ചും വ്യക്തിപരം മാത്രമാണ്. അഭിപ്രായ സ്വാതന്ത്ര്യം, യാതൊരു വിദ്വേഷ പ്രകടനങ്ങളുമില്ലാതെ, രാജ്യത്തിന്റെ അന്താരാഷ്ട്ര പങ്കാളികളുമായുള്ള ബന്ധത്തെ ഉലയ്ക്കാതെ, ജനാധിപത്യപരമായും ഉത്തരവാദിത്വപൂര്‍ണമായും വിനിയോഗിക്കേണ്ടതാണ് എന്ന് വിശ്വസിക്കുന്ന ഭരണകൂടമാണ് മാലദ്വീപിലേതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന്റെ ബന്ധപ്പെട്ട അധികാരികള്‍ മടിക്കില്ലെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.


Source link

Exit mobile version