മുങ്ങിക്കപ്പൽ പടയ്ക്ക് മേധാവിയെ വേണം; സോഷ്യൽ മീഡിയയിൽ പരസ്യം കൊടുത്ത് ബ്രിട്ടൻ

ലണ്ടൻ: ബ്രിട്ടീഷ് നാവികസേനയിലെ മുങ്ങിക്കപ്പൽ പടയ്ക്കു മേധാവിയെ കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ പരസ്യം. സേനയിലുള്ളവരെ പരിഗണിക്കുന്നതിനു പകരം ലിങ്ക്ഡിൻ വെബ്സൈറ്റിൽ പരസ്യം നല്കിയത് വലിയ ആക്ഷേപത്തിനിടയാക്കിയിരിക്കുകയാണ്. അണ്വായുധങ്ങളടക്കം കൈകാര്യം ചെയ്യുന്ന മുങ്ങിക്കപ്പൽ പടയുടെ ഡയറക്ടറായി റിയർ അഡ്മിറൽ പദവിയിൽ നിയമനം നടത്തുന്നുവെന്നാണ് പരസ്യത്തിൽ പറയുന്നത്. ഉദ്യോഗാർഥി പതിവു സേനയിലോ റിസർവ് സേനയിലോ അംഗമായിരിക്കണം. ശന്പളവും മറ്റു കാര്യങ്ങളും വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞമാസം അവസാനം പോസ്റ്റ് ചെയ്ത പരസ്യം വെള്ളിയാഴ്ചയാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. സ്ഥാനമൊഴിയുന്ന റിയർ അഡ്മിറൽ സൈമൺ ആസ്ക്വിത്തിനു പകരക്കാരനെ കണ്ടെത്താനാണ് പരസ്യം. റാങ്കിലൂടെ ഉയർന്നുവരുന്നവരെയാണ് സാധാരണ ഇത്തരം പോസ്റ്റിൽ പരിഗണിക്കാറ്.
ബ്രിട്ടീഷ് നാവികസേനയിൽ നിലവിൽ ഈ പദവിക്കു യോഗ്യതയുള്ളവർ കുറവാണെന്നും യോഗ്യതയുള്ളവർ പദവി ഏറ്റെടുക്കാൻ തയാറല്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, കീഴ്നടപ്പുകളെല്ലാം ലംഘിച്ചുള്ള പരസ്യം വലിയ നാണക്കേടും അവഹേളനവുമാണെന്ന് ഉയർന്ന സൈനിക ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
Source link