ഇസ്രയേലിൽ ഹിസ്ബുള്ള മിസൈൽ ആക്രമണം

ബെയ്റൂട്ട്: ഹമാസ് നേതാവ് സലേ അൽ അരൂരിയുടെ കൊലപാതകത്തിനു മറുപടിയായി ഹിസ്ബുള്ള ഭീകരരുടെ ആക്രമണം. വടക്കൻ ഇസ്രയേലിലെ മെറോൺ വ്യോമതാവളം ലക്ഷ്യമിട്ട് 62 മിസൈലുകൾ ഹിസ്ബുള്ള തൊടുത്തു. വടക്കൻ ഇസ്രേലി പട്ടണങ്ങളിൽ വ്യോമാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പു നല്കുന്ന സൈറൺ മുഴങ്ങി. വിവിധ തരത്തിൽപ്പെട്ട 62 മിസൈലുകളാണ് പ്രയോഗിച്ചതെന്നും അരൂരിയുടെ കൊലപാതകത്തിനുള്ള മറുപടിയുടെ തുടക്കം മാത്രമാണിതെന്നും ഹിസ്ബുള്ള പറഞ്ഞു. അതേസമയം മെറോൺ താവളത്തിനു നേർക്ക് 40 മിസൈലുകളാണ് വന്നതെന്നും മിസൈൽ വിക്ഷേപണത്തിൽ പങ്കെടുത്ത ഭീകര സെല്ലിനെ ആക്രമണത്തിൽ തകർത്തുവെന്നും ഇസ്രയേൽ അറിയിച്ചു. ഇരുവിഭാഗവും ആളപായത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. ചൊവ്വാഴ്ച ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ഹമാസ് രാഷ്ട്രീയവിഭാഗം ഡെപ്യൂട്ടി മേധാവി അൽ അരൂരി കൊല്ലപ്പെട്ടത്. ഇതിനു തിരിച്ചടി നല്കുമെന്ന് ഹിസ്ബുള്ള മേധാവി ഹസൻ നസറുള്ള ഭീഷണി മുഴക്കിയിരുന്നു. ഒക്ടോബറിലെ ഭീകരാക്രമണത്തിനു പിന്നാലെ ഹിസ്ബുള്ളയും ഇസ്രേലി സേനയും തമ്മിൽ പരിമിതമായ രീതിയിൽ ഏറ്റുമുട്ടുന്നുണ്ട്. ഇതിനിടെ, ഗാസയിൽ ഇസ്രേലിസേന ആക്രമണം തുടരുകയാണ്. കഴിഞ്ഞദിവസം രാത്രി ഖാൻ യൂനിസിലെ ഒരു ഭവനത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ 22 പലസ്തീനികൾ കൊല്ലപ്പെട്ടു. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. അധിനിവേശ വെസ്റ്റ്ബാങ്കിലും ഇസ്രേലി സേന റെയ്ഡ് നടത്തുന്നുണ്ട്.
ബ്ലിങ്കൻ നാലാം പര്യടനം തുടങ്ങി പശ്ചിമേഷ്യാ സംഘർഷത്തിനു പരിഹാരം തേടി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നാലാം പര്യടനം ഇന്നലെ ആരംഭിച്ചു. തുർക്കിയിലെത്തിയ അദ്ദേഹം പ്രസിഡന്റ് എർദോഗനുമായും വിദേശകാര്യമന്ത്രി ഹാകാൻ ഫിഡാനുമായും കൂടിക്കാഴ്ച നടത്തി. സ്വീഡന്റെ നാറ്റോ പ്രവേശനം സംബന്ധിച്ച ചർച്ചകൾക്കു കൂടിയാണ് ബ്ലിങ്കൻ തുർക്കിയിലെത്തിയത്. തുടർന്ന് ബ്ലിങ്കൻ ഗ്രീസിലെത്തി പ്രധാനമന്ത്രി കിര്യാക്കോസ് മിറ്റ്സോതാക്കീസുമായി കൂടിക്കാഴ്ച നടത്തി. തുടർദിവസങ്ങളിൽ അറബ്, ഇസ്രേലി, വെസ്റ്റ് ബാങ്ക് നേതൃങ്ങളെ അദ്ദേഹം കാണും. ഗാസാ സംഘർഷം മറ്റു മേഖലകളിലേക്കു വ്യാപിക്കരുതെന്ന അമേരിക്കൻ നിലപാട് നേതാക്കളുമായി പങ്കുവയ്ക്കും.
Source link