തിരുവനന്തപുരം ∙ ചന്ദ്രയാൻ ദൗത്യത്തിൽ ചന്ദ്രനെ തൊട്ട ഇന്ത്യ ആദ്യ സൗരദൗത്യമായ ആദിത്യയിലൂടെ സൂര്യനിൽ കണ്ണു നട്ടു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐഎസ്ആർഒ) ആദിത്യ എൽ1 പേടകം ഭൂമിയിൽനിന്നു 15 ലക്ഷം കിലോമീറ്റർ അകലെ, സാങ്കൽപികമായ ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു ചുറ്റും ഹെയ്‌ലോ ഭ്രമണപഥത്തിലേക്ക് ഇന്നലെ വൈകിട്ടു 4 മണിയോടെ പ്രവേശിച്ചു. 5 വർഷം ആദിത്യ ഈ കേന്ദ്രത്തിൽ നിന്ന് സൂര്യനെ നിരീക്ഷിച്ചു പഠനം നടത്തും. എൽ1 ബിന്ദുവിൽ നിന്ന് മറ്റു ഗ്രഹങ്ങളുടെ നിഴലോ ഗ്രഹണമോ ബാധിക്കാതെ തുടർച്ചയായി സൂര്യനെ നിരീക്ഷിക്കാൻ കഴിയും.
ലോകം കാത്തിരുന്ന സന്തോഷ വാർത്ത സമൂഹമാധ്യമമായ ‘എക്സി’ലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തുവിട്ടു: ‘ഇന്ത്യ മറ്റൊരു നാഴികക്കല്ലു കൂടി സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യ സൂര്യ നിരീക്ഷണ പേടകം ആദിത്യ–എൽ1 അതിന്റെ ലക്ഷ്യത്തിലെത്തി’.
അതിവേഗം സഞ്ചരിക്കുകയായിരുന്ന പേടകത്തെ ത്രസ്റ്ററുകൾ ഉപയോഗിച്ച് വേഗം നിയന്ത്രിച്ച് ഭ്രമണപഥത്തിലേക്ക് കൃത്യമായി എത്തിച്ചതു ഭാവിയിലെ ഗ്രഹാന്തര ദൗത്യങ്ങൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതായി ഐഎസ്ആർഒ അറിയിച്ചു.
പേടകത്തിലെ 7 പഠനോപകരണങ്ങളിൽ (പേലോഡ്) 4 എണ്ണം സൂര്യനെ നേരിട്ടു നിരീക്ഷിച്ചു പഠനം നടത്തുകയും 3 എണ്ണം എൽ1 ബിന്ദുവിലെ സൗര കണികകളും തരംഗങ്ങളും സാംപിൾ ശേഖരിച്ചു പഠിക്കുകയും ചെയ്യും. ഈ ഉപകരണങ്ങളെല്ലാം തൃപ്തികരമായി പ്രവർത്തിക്കുന്നുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു. ചരിത്ര നേട്ടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഐഎസ്ആർഒയെ അഭിനന്ദിച്ചു.
ഒന്നാം ലഗ്രാഞ്ച് ബിന്ദു
ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഭൂമിയുടെയും സൂര്യന്റെയും ആകർഷണ ബലം തുല്യമായ ഒരു സാങ്കൽപിക കേന്ദ്രമാണ് ഒന്നാം ലഗ്രാഞ്ച് ബിന്ദു (എൽ1). ഭൂമി സൂര്യനെ ചുറ്റുന്നതനുസരിച്ച് ഈ ബിന്ദുവും സൂര്യനെ ചുറ്റിക്കൊണ്ടിരിക്കും. ഭൂമിയിലെ 177.86 ദിവസം കൊണ്ടാണ് ഈ ഭ്രമണപഥത്തിനു ചുറ്റും ആദിത്യ സഞ്ചരിക്കുക. ഈ സ്ഥാനത്തു സ്ഥിരമായി തുടരാൻ ഇന്ധനം ഉപയോഗിച്ചുള്ള ഭ്രമണപഥ ക്രമീകരണം വളരെ കുറച്ചു മാത്രം മതിയെന്നതാണ് ഇവിടേക്ക് ആദിത്യ എൽ1 അയയ്ക്കാൻ കാരണം.
ആദിത്യ എൽ1 പ്രത്യേകതകൾ
മറ്റു തടസ്സങ്ങളില്ലാതെ ഇടവേളയില്ലാതെ സൂര്യനിലെ വിവിധ പാളികളായ കൊറോണയെയും ക്രോമോസ്ഫിയറിനെയും നിരീക്ഷിക്കുകയാണ് പ്രധാനലക്ഷ്യം. ഭൂമിയുടെ കാന്തികമണ്ഡലത്തിനു പുറത്തായതിനാൽ സൗരവാതത്തിന്റെയും കണികകളുടെയും പഠനം നടത്താം. ഭൂമിയിലെ ഗ്രൗണ്ട് സ്റ്റേഷനുകളിൽനിന്ന് ആദിത്യയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കുകയും ചെയ്യും.
English Summary:
ISRO Aditya L1 mission satellite enters halo orbit
Source link