ബ്രസീലിന്റെ പ്രഫസർ… മാരിയൊ സഗാല്ലൊ അന്തരിച്ചു
ബ്രസീലിയ: കാൽപ്പന്ത് ലോകം കണ്ട എക്കാലത്തെയും മികച്ച തന്ത്രജ്ഞനും കളിക്കാരനുമായ ബ്രസീൽ ഇതിഹാസം മാരിയൊ സഗാല്ലൊ (92) അന്തരിച്ചു. കളിക്കാരനായും മാനേജരായും ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ആദ്യ വ്യക്തിയായിരുന്നു സഗാല്ലൊ. കളിയിലെ സാങ്കേതിക അവഗാഹവും ബെഞ്ചിലെ ആധികാരികതയും മൂലം പരിശീലക കാലഘട്ടത്തിൽ ‘ദ പ്രഫസർ’ എന്നായിരുന്നു സഗാല്ലൊയെ കളിക്കാർ വിശേഷിപ്പിച്ചിരുന്നത്. ബ്രസീൽ സ്വന്തമാക്കിയ അഞ്ച് ഫിഫ ലോകകപ്പിൽ നാലിലും സഗാല്ലൊയുടെ സാന്നിധ്യമുണ്ടെന്നതും മറ്റൊരു വസ്തുത. കളിക്കാരൻ എന്ന നിലയിൽ 1958, 1962 ലോകകപ്പുകൾ സ്വന്തമാക്കിയ സഗാല്ലൊ, മാനേജരായി 1970 ലോകകപ്പും കോ-ഓർഡിനേറ്റർ/അസിസ്റ്റന്റ് മാനേജരായി 1994 ലോകകപ്പും നേടി. ഫിഫ ലോകകപ്പ് നാല് തവണ സ്വന്തമാക്കിയ ഏക താരമാണ് സലാല്ലൊ. ബ്രസീൽ നേടിയ 2002 ലോകകപ്പിൽ മാത്രമാണ് പങ്കാളിത്തം ഇല്ലാതിരുന്നത്. ഒരു തവണ കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പിലും (1997), ഫിഫ കോണ്‍ഫെഡറേഷൻസ് കപ്പിലും (1997) സഗാല്ലൊയുടെ ശിക്ഷണത്തിൽ ബ്രസീൽ മുത്തംവച്ചു എന്നതും ചരിത്രം. പെലെയ്ക്കു മുകളിൽ ! കളിക്കാരൻ എന്ന നിലയിൽ ഫിഫ ലോകകപ്പ് മൂന്ന് തവണ സ്വന്തമാക്കിയ ഏക താരമാണ് പെലെ. പെലെ നേടിയ മൂന്ന് ലോകകപ്പിലും (1958, 1962, 1970) സഗാല്ലൊയുമുണ്ടായിരുന്നു. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ആ മൂന്ന് ലോകകപ്പിലും പെലെയെക്കാളും പങ്കുള്ള വ്യക്തി സഗാല്ലൊയായിരുന്നു എന്നു വ്യക്തമാകും. 1958 ലോകകപ്പിൽ ബ്രസീലിന്റെ ചരിത്രപുരുഷനായി അവതരിച്ച പെലെ 1962 ലോകകപ്പ് ഫൈനലിൽ കളിച്ചില്ല. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ പരിക്കേറ്റതോടെ പെലെ സൈഡ് ബെഞ്ചിലായി. 1958 ലോകകപ്പ് ഫൈനലിൽ വാവയും പെലെയും ഇരട്ട ഗോൾ നേടിയപ്പോള്‍ ബ്രസീലിന്റെ അഞ്ചാം ഗോൾ സഗാല്ലൊയുടെ വകയായിരുന്നു. 5-2നായിരുന്നു ബ്രസീൽ അന്ന് ഫൈനലിൽ സ്വീഡനെ തകർത്തത്. വാവയ്ക്കും പെലെയ്ക്കും പിന്നിൽ ലെഫ്റ്റ് വിംഗിൽ സഗാല്ലൊയും റൈറ്റ് വിംഗിൽ ഗാരിഞ്ചയുമായിരുന്നു അന്നത്തെ ബ്രസീൽ ടീമിൽ. 1962 ഫൈനലിൽ പെലെയ്ക്കു പകരം വാവയ്ക്കൊപ്പം ബ്രസീൽ ആക്രമണം നയിച്ചത് അമാരിൽഡൊയായിരുന്നു. വിംഗ് ആക്രമണം പതിവുപോലെ സഗാല്ലൊയും ഗാരിഞ്ചയും. വാവയും അമാരിൽഡൊയും സിറ്റൊയും ഗോൾ നേടിയ മത്സരത്തിൽ 3-1ന് ചെക്കോസ്ലോവാക്യയെ കീഴടക്കി ബ്രസീൽ കപ്പ് സ്വന്തമാക്കി.
1970 ലോകകപ്പിൽ സഗാല്ലൊ ബ്രസീലിന്റെ പരിശീലകനായിരുന്നു. പെലെ ഗോൾ നേടിയ ഫൈനലിൽ ബ്രസീൽ 4-1ന് ഇറ്റലിയെ കീഴടക്കി. അതോടെ കളിക്കാരനും മാനേജരുമായി ഫിഫ ലോകകപ്പ് നേടുന്ന ആദ്യ ആൾ എന്ന നേട്ടം സഗാല്ലൊയ്ക്കു സ്വന്തം. 38-ാം വയസിലായിരുന്നു മാനേജരായി സഗാല്ലൊയുടെ ലോകകപ്പ് നേട്ടം. ഫിഫ ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് പരിശീലകൻ എന്ന നേട്ടവും സഗാല്ലൊയെ തേടിയെത്തി. ലെഫ്റ്റ് വിംഗിലെ മിന്നൽപ്പിണർ ബ്രസീൽ ആദ്യ രണ്ട് ഫിഫ ലോകകപ്പ് നേടിയപ്പോഴും ലെഫ്റ്റ് വിംഗ് ആക്രമണം നയിച്ചത് സഗാല്ലൊയായിരുന്നു. അഞ്ചടി ആറിഞ്ച് മാത്രമേ ഉയരമുള്ളെങ്കിലും സഗാല്ലൊ അതിവേഗ വിംഗ് ആക്രമണത്തിനു പേരുകേട്ട താരമാണ്. മികച്ച സാങ്കേതിക തികവും ഡിഫെൻസ് മികവുമായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. ഡീപ്പ് ഏരിയയിൽ ഓടിക്കയറുന്ന സഗാല്ലൊയായിരുന്നു പെലെയ്ക്കും വാവയ്ക്കും പന്ത് എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചത്. ബ്രസീലിനായി 33 മത്സരങ്ങളിൽ ഇറങ്ങിയ സഗാല്ലൊ അഞ്ച് ഗോൾ നേടി. ക്ലബ് കരിയറിൽ ഫ്ളെമെങ്കൊ, ബോതഫോഗൊ എന്നിവയ്ക്കുവേണ്ടി മാത്രമാണ് കളിച്ചത്. ഫ്ളെമെങ്കൊയ്ക്കുവേണ്ടി 217 മത്സരങ്ങളിൽ 30 ഗോളും, ബോതഫോഗൊയ്ക്കുവേണ്ടി 115 മത്സരങ്ങളിൽ 46 ഗോളും സ്വന്തമാക്കി. പരിശീലകൻ എന്ന നിലയിൽ 1239 മത്സരങ്ങളിൽ ഇറങ്ങി. അതിൽ 558 ജയവും 355 സമനിലയും നേടി. 45.04 ആണ് പരിശീലകൻ എന്ന നിലയിൽ സഗാല്ലൊയുടെ വിജയശതമാനം. യൂൾ റിമേ 1970ൽ മൂന്നാം വട്ടവും ബ്രസീൽ ലോകകപ്പ് നേടിയതോടെ യൂൾ റിമേ കപ്പ് എന്നെന്നേക്കുമായി സ്വന്തമാക്കി. റിയോ ഡി ജെനീറോയിലെ ബ്രസീലിയൻ ഫുട്ബോൾ കോണ്‍ഫെഡറേഷന്റെ ആസ്ഥാനത്ത് പ്രദർശിപ്പിച്ചിരുന്ന ഈ കപ്പ് 1983 ഡിസംബർ 19ന് മോഷ്ടിക്കപ്പെട്ടു. പിന്നീട് ഈ കപ്പ് കണ്ടെടുക്കാനായില്ല. കപ്പ് മോഷ്ടിച്ചവർ ഉരുക്കി സ്വർണാക്കിയെന്ന് പറയപ്പെടുന്നു. ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ റിമെ കപ്പിനെ അനുകരിച്ച് വേറൊരു കപ്പുണ്ടാക്കിയാണ് പ്രശ്നം പരിഹരിച്ചത്. മാരിയൊ സഗാല്ലൊ 1931-2024 ഫിഫ ലോകകപ്പ് നേട്ടം: 1958 (കളിക്കാരൻ) 1962 (കളിക്കാരൻ) 1970 (മാനേജർ) 1994 (കോഡിനേറ്റർ)
Source link