ആ ഷോട്ടിൽ നെഞ്ച് നീറി, മമ്മൂക്കയ്ക്കു മാത്രം സാധിക്കുന്ന സിനിമ: അനൂപ് മേനോൻ പറയുന്നു
‘കാതൽ’ സിനിമ സമ്മാനിച്ചതിന് ജിയോ ബേബിക്കും മമ്മൂട്ടിക്കും നന്ദി പറഞ്ഞ് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. കാതലിനെ കെ.ജി.ജോർജ്, ഭരതൻ, ലോഹിതദാസ്, പത്മരാജൻ, എംടി തുടങ്ങിയവരുടെ സർഗസൃഷ്ടികളോടാണ് അനൂപ് മേനോൻ ഉപമിച്ചത്. കാതലിലെ മാത്യുവും തങ്കനും കണ്ടുമുട്ടുന്ന രംഗം ഏറ്റവും കാൽപനികമായ ഒന്നായിരുന്നുവെന്ന് അനൂപ് മേനോൻ പറയുന്നു. മമ്മൂട്ടിയുടെ താരപരിവേഷം കൊണ്ട് മാത്രമാണ് ഇത്തരമൊരു പ്രമേയം ജിയോ ബേബിക്ക് വലിയൊരു പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്നും ഇത്തരമൊരു മഹത്തായ കലാസൃഷ്ടി ഒരുക്കിയതിന് സിനിമാപ്രേമിയായ താൻ നന്ദി പറയുന്നുവെന്നും അനൂപ് മേനോൻ കുറിച്ചു.
‘‘കാതൽ കണ്ടു. മലയാളം സിനിമ തെലുങ്കിലെയും ബോളിവുഡിലെയും ബുദ്ധിശൂന്യമായ മസാല സിനിമകളുടെ നിലവാരത്തിലേക്കു കൂപ്പുകുത്തുന്ന ഇക്കാലത്ത് ഒരു യഥാർഥ സിനിമാസംവിധായകൻ എന്ന് വിളിക്കാൻ കഴിയുന്ന ജിയോ ബേബി തന്റെ അസാമാന്യ കഴിവുള്ള എഴുത്തുകാരായ ആദർശിനും പോൾസണിനും ഒപ്പം കെ.ജി. ജോർജിനെയും പത്മരാജനെയും ലോഹിതദാസിനെയും ഭരതനെയും എംടിയെയും പോലെ സർഗാധനന്മാരായ പ്രതിഭകൾ ചെയ്തുവച്ച മലയാളസിനിമയുടെ പൈതൃകവും ചാരുതയും വിളിച്ചോതുന്ന ഒരു സിനിമയാണ് നമുക്ക് സമ്മാനിച്ചിരിക്കുന്നത്. നമ്മൾ എന്താണെന്നു ലോകത്തോടു വിളിച്ചുപറഞ്ഞ സിനിമകളായിരുന്നു അവരുടേത്. മറ്റുള്ളവയിൽനിന്ന് അവയെല്ലാം വേറിട്ടു നിന്നിരുന്നു.
കാതൽ എന്ന സിനിമയിൽ ഇത്രയും സൂക്ഷ്മമായ ഒരു വിഷയം ഇവർ മൂവരും എത്ര സമർഥമായിട്ടാണ് വൈവിധ്യമുള്ളതും വിഭജിതമായ ഒരു സമൂഹത്തിനു മുന്നിലേക്ക് അവതരിപ്പിച്ചത്. മാത്യുവിന്റെയും ഓമനയുടെയും പ്രണയകഥ ഭൗതികതയിൽ അധിഷ്ഠിതമല്ല. ഓമന പോയതിന് ശേഷം ഏകാന്തമായ അടുക്കളയിലേക്കു നോക്കുന്ന മാത്യുവിന്റെ ട്രാക്ക് ഷോട്ട് വളരെ വേദനാജനകവും നെഞ്ച് നീറ്റുന്നതുമാണ്. ‘നിങ്ങളുടെ പ്രണയത്തിനു വേണ്ടി കൂടിയാണ് ഞാൻ പോരാടുന്നത്’ എന്നു മാത്യൂവിനോട് ഓമന പറയുമ്പോൾ അവളുടെ ഉദ്ദേശ്യത്തിന്റെ സത്യസന്ധത നമ്മെ ഭ്രമിപ്പിച്ചുകളയുന്നു.
കാതലിലെ പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ഒട്ടും ഏച്ചുകെട്ടലുകളില്ലാത്തതാണ്. ഒരു വേനൽമഴയ്ക്കിടയിൽ മാത്യുവും തങ്കനും കണ്ടുമുട്ടുന്ന രംഗം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും കാവ്യാത്മകമായ നിമിഷങ്ങളിൽ ഒന്നാണ്. എല്ലാത്തരം സിനിമകളെയും തുല്യ ധൈര്യത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരേയൊരു നടൻ എന്ന നിലയിൽ മമ്മൂക്ക, നിങ്ങൾ എന്നെന്നേക്കും ഓർമിക്കപ്പെടും. നിങ്ങളുടെ താരപരിവേഷമില്ലായിരുനെങ്കിൽ ജിയോയ്ക്ക് ഇത്രയും മഹത്തായ പ്രമേയം പ്രേക്ഷകരിലേക്ക് എത്തിക്കാനോ ഈ സിനിമ നിർമിക്കാനോ പോലും കഴിയുമായിരുന്നില്ല. ഈ മഹത്തരമായ കലാസൃഷ്ടി ഒരുക്കിയതിന് ഒരു തീവ്ര സിനിമാ പ്രേമിയുടെ നന്ദി.’’
English Summary:
Anoop Menon Praises Kaathal Movie
Source link