ദാവൂദിന്റെ സ്ഥലം വാങ്ങിയത് ജ്യോതിഷ പ്രകാരം, സംഖ്യകൾ ഒത്തുവന്നു: അജയ് ശ്രീവാസ്തവ
മുംബൈ∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്ഥലം ലേലത്തിൽ വാങ്ങിയത് ജ്യോതിഷ പ്രകാരമെന്ന് മുൻ ശിവസേന നേതാവും അഭിഭാഷകനുമായ അജയ് ശ്രീവാസ്തവ. സംഖ്യാജ്യോതിഷ പ്രകാരം സ്ഥലത്തിന്റെ സർവേ നമ്പറും ലേലത്തുകയും തമ്മിൽ ചില ബന്ധമുണ്ടായതിനാലാണു വാങ്ങാൻ തീരുമാനിച്ചത്. താൻ സനാതന ഹിന്ദുവാണെന്നും പണ്ഡിറ്റ്ജി പാരമ്പര്യമാണു തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കോടി രൂപയ്ക്കാണ് ദാവൂദിന്റെ സ്ഥലം അജയ് വാങ്ങിയത്. ഇവിടെ സ്‌കൂള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീവാസ്തവ മുൻപും ദാവൂദിന്റെ മൂന്നു സ്വത്തുക്കൾ ലേലത്തിൽ പിടിച്ചിട്ടുണ്ട്. ദാവൂദ് ജനിച്ച് കുട്ടിക്കാലം ചെലവഴിച്ച മുംബാകെയിലെ വസതിയും ഇതിൽ ഉൾപ്പെടും. 2020ലെ ലേലത്തിൽ പിടിച്ചെടുത്ത ബംഗ്ലാവിൽ ഒരു സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് ശ്രീവാസ്തവ പറഞ്ഞു.
2001ൽ നടന്ന ലേലത്തിൽ താൻ പങ്കെടുത്തത് ജനങ്ങൾക്ക് ദാവൂദിനോടുള്ള ഭയം മാറാനാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനുശേഷം നിരവധി ആളുകൾ ലേലത്തിൽ പങ്കെടുക്കാൻ മുന്നോട്ടു വന്നുവെന്നും ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. അതേസമയം, പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന ദാവൂദിന്റെ ആരോഗ്യനില അപകടത്തിലാണെന്ന് അഭ്യൂഹമുണ്ടെങ്കിലും ഇപ്പോഴും സ്ഥിരീകരണമില്ല.
Source link