പ്രസിഡന്റായിരിക്കേ ട്രംപിന്റെ സ്ഥാപനങ്ങളിലേക്കു ചൈനീസ് പണമൊഴുകി

വാഷിംഗ്ടണ്‍ ഡിസി: ഡോണൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന്റെ കീഴിലുള്ള ഹോട്ടലുകളിലേക്കും മറ്റു വ്യവസായ സ്ഥാനപനങ്ങളിലേക്കും വൻ തോതിൽ വിദേശപണം ഒഴുകിയെത്തി. വിദേശ സർക്കാരുകളിൽനിന്നു ട്രംപിന്റെ സ്ഥാപനങ്ങൾക്ക് 78 ലക്ഷം ഡോളർ (64 കോടി രൂപ) സംഭാവന ലഭിച്ചതായി ഡെമോക്രാറ്റുകൾ കോണ്‍ഗ്രസിൽ വെളിപ്പെടുത്തിയ കണക്കുകൾ വ്യക്തമാക്കുന്നു. ട്രംപിന്റെ മുൻ അക്കൗണ്ടിംഗ് കന്പനിയാണ് ഈ കണക്കുകൾ നൽകിയത്. കോടതി ഉത്തരവിനെത്തുടർന്നാണിത്. സംഭാവനകളിൽ 55 ലക്ഷം ഡോളർ (45 കോടി രൂപ) ചൈനയിൽനിന്നാണ്. വിഷയത്തിൽ ട്രംപ് ഇതേവരെ പ്രതികരിച്ചിട്ടില്ല. പണം സ്വീകരിച്ച ട്രംപിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നാണു നിയമവിദഗ്ധർ പറയുന്നത്. കോണ്‍ഗ്രസിന്റെ അനുമതി കൂടാതെ, പ്രസിഡന്റ് സ്ഥാനം വഹിക്കുന്നവർ സമ്മാനമോ മറ്റു പാരിതോഷികങ്ങളോ വാങ്ങുന്നത് അമേരിക്കൻ ഭരണഘടന വിലക്കുന്നുണ്ട്.
2017 ജനുവരിയിൽ പ്രസിഡന്റ് സ്ഥാനത്തെത്തിയശേഷം തന്റെ ബിസിനസ് സംബന്ധിച്ച ചോദ്യങ്ങളോടു ട്രംപ് പ്രതികരിക്കാറില്ല. പ്രസിഡന്റായശേഷം ട്രംപ് മകനെ കന്പനിയുടെ ചുമതലയേൽപ്പിച്ചിരുന്നെങ്കിലും, ഉടമസ്ഥന്റെ സ്ഥാനത്തു തുടർന്നു. ഇതിൽ, വാഷിംഗ്ടണിലെ ട്രംപ് ഇന്റർനാഷണൽ ഹോട്ടലും ഉൾപ്പെടുന്നു. ലോബികളുടെയും വിദേശ നയതന്ത്രജ്ഞരുടെയും ഇഷ്ട ഇടമാണിത്.
Source link