വിഡിയോ എടുത്ത് ആരാധകൻ; ഫോൺ പിടിച്ചു വാങ്ങി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത് അജിത്ത്

അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്ന ആരാധകരോട് കടുത്ത വിയോജിപ്പ് പ്രകടമാക്കുന്ന താരമാണ് അജിത്ത് കുമാർ. അനുവാദമില്ലാതെ തന്റെ വിഡിയോ എടുത്ത ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുന്ന അജിത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.തന്റെ സ്വകാര്യത സംരക്ഷിക്കുകയാണ് നടന്‍ ചെയ്തതെന്ന കമന്റുകൾക്കൊപ്പം തന്നെ വിമര്‍ശനങ്ങളും നടനെതിരെ ഉയരുന്നുണ്ട്. ദുബായിൽവച്ചാണ് സംഭവം. ഭാര്യ ശാലിനിക്കും കുടുംബത്തിനും ഒപ്പം ദുബായില്‍ അവധി ആഘോഷിക്കുകയാണ് നടനിപ്പോള്‍. ദുബായിലുള്ള താരദമ്പതികളുടെ ഫോട്ടോയും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇതാദ്യമായല്ല അജിത്ത് ഇത്തരം വിമര്‍ശനങ്ങള്‍ നേരിടുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പോളിങ് ബൂത്തില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ അജിത്ത് പിടിച്ചെടുത്തിരുന്നു. കോവിഡ് സമയത്ത് മാസ്ക് ധരിക്കാതെ സെൽഫി എടുക്കാൻ വന്നതിനെ തുടർന്നാണ് ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങിയത്. പിന്നീട് സംഭവത്തിൽ അജിത്ത് ഖേദം പ്രകടിപ്പിച്ചിരുന്നു.
എച്ച്. വിനോദ് കുമാർ സംവിധാനം ചെയ്‌ത തുനിവാണ് അവസാനമായി പുറത്തിറങ്ങിയ അജിത് ചിത്രം. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’യാണ് പുതിയ പ്രോജക്ട്. തൃഷ, അർജുൻ, റെജീന കസേന്ദ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
English Summary:
Ajith Kumar grabs fan’s phone, deletes video of him
Source link