നൂറ്റാണ്ടുകളുടെ പെരുമയിൽ കോണത്ത് ചാത്തമത്ത് ക്ഷേത്രം
നീലേശ്വരം ∙ 400 വർഷം മുൻപ് തന്ത്രി കുടുംബത്തിന്റെ അധീനതയിൽ നിന്ന് കോണത്ത് തറവാട്ടുകാർ ഏറ്റെടുത്ത കോണത്ത് ചാത്തമത്ത് ഭഗവതി (ഭദ്രകാളി) വേട്ടയ്ക്കൊരു മകൻ ക്ഷേത്രം പുനഃപ്രതിഷ്ഠ നവീകരണ ബ്രഹ്മകലശത്തിന്റെ ഒരുക്കത്തിൽ. തേജസ്വിനിപ്പുഴയുടെ തീരത്ത് കുന്നുകളാൽ ചുറ്റപ്പെട്ട താഴ്‌വരയിൽ തരണനല്ലൂർ തന്ത്രി കുടുംബത്തിന്റെ അധീനതയിലുണ്ടായതായിരുന്നു ഇതിനു മുൻപ് ഭദ്രകാളി ക്ഷേത്രം. പിന്നീടാണ് കോണത്ത് തറവാട്ടുകാർ ഏറ്റെടുത്തത്. വടക്കേ മലബാറിലെ പ്രമുഖ തറവാടാണ് കോണത്ത് തറവാട് എന്നറിയപ്പെടുന്ന ചാത്തമത്ത് കോണത്ത് തറവാട്.1980ൽ തറവാടംഗങ്ങൾ ചേർന്ന് കോണത്ത് ചാത്തമത്ത് ഭഗവതി ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിച്ച്, അനാഥാവസ്ഥയിലായിരുന്ന ക്ഷേത്രത്തിന്റെ നവീകരണത്തിന് തുടക്കമിട്ടു. 500 രൂപയായിരുന്നു അന്ന് അംഗത്വസംഖ്യ. അതിനു ശേഷം അംഗങ്ങളുടെയും മറ്റു കുടുംബാംഗങ്ങളുടെയും സംഭാവന കൊണ്ടാണ് നവീകരണം നടന്നു വരുന്നത്.മൂന്നു വർഷത്തിൽ ഒരിക്കൽ നടക്കുന്ന കളിയാട്ടവും വൈരജാതൻ തിറയും കൊണ്ട് പ്രസിദ്ധമാണ് ചാത്തമത്ത് ഭദ്രകാളി ക്ഷേത്രം.
പുനഃപ്രതിഷ്ഠ 17 വർഷത്തിന് ശേഷംക്ഷേത്രത്തിൽ 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുനഃപ്രതിഷ്ഠ നവീകരണ ബ്രഹ്മകലശം നടക്കുന്നത്. 500 വർഷമായുള്ള ഭഗവതി (ഭദ്രകാളി)യുടെയും വേട്ടയ്ക്കൊരുമകന്റെയും കണ്ണാടി പ്രതിഷ്ഠകളാണ് നിലവിലുള്ളത്. ഇത് മാറ്റി കൃഷ്ണശില വിഗ്രഹങ്ങളാണ് 17ന് പ്രതിഷ്ഠിക്കുന്നത്. വനശാസ്താവ്, ബ്രഹ്മരക്ഷസ് പ്രതിഷ്ഠകളും നവീകരിച്ച് പ്രതിഷ്ഠിക്കും.10 ദിവസം നീളുന്ന പുനഃപ്രതിഷ്ഠ നവീകരണ ബ്രഹ്മ കലശ ഉത്സവം 10ന് തുടങ്ങി 20ന് സമാപിക്കും. 17ന് രാവിലെ 10.30 മുതൽ 11.30 വരെയുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകൾ. 2005 ജൂണിലായിരുന്നു ഇതിനു മുൻപ് നവീകരണ ബ്രഹ്മകലശം നടന്നത്.
ക്ഷേത്ര നവീകരണം ഇങ്ങനെ∙ശ്രീഭഗവതി ( ഭദ്രകാളി)യുടെയും വേട്ടയ്ക്കൊരുമകന്റെയും മേൽമാടുകൾ പുനർനിർമിച്ചു.∙ഭഗവതി ശ്രീകോവിലിന്റെ വ്യാളിമുഖം പുതുക്കി.∙2 ശ്രീകോവിലിന്റെയും ഉൾവശം കരിങ്കൽ പാളികൾ നിരത്തി പുതുക്കി പണിതു.∙ക്ഷേത്രപാലകന്റെ സ്ഥാനം വടക്കു കിഴക്കു ഭാഗത്ത് പുനഃസ്ഥാപിച്ചു.∙തിടപ്പള്ളിയുടെ സ്ഥാനം തെക്കു കിഴക്കു ഭാഗത്തേക്ക് മാറ്റി.∙നാലമ്പലത്തിനു ഉള്ളിലും പുറത്തുമായി ബലിക്കല്ലുകൾ നിർമിച്ചു.∙ക്ഷേത്ര ഗോപുരത്തിന്റെ മേൽമാടിന്റെ മരത്തിന്റെ കൗപ്പലകകൾ മാറ്റി ഇരുമ്പിന്റെ കൗപ്പലകകൾ സ്ഥാപിച്ച് ഓടുവച്ചു.
നേതൃത്വംമുഖ്യ രക്ഷാധികാരി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി ആലക്കോട്ടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്, രക്ഷാധികാരി തറവാട് കാരണവർ ബാരിസ്റ്റർ കെ.രാധാകൃഷ്ണൻ നമ്പ്യാർ, ചെയർമാൻ മുതിർന്ന കുടുംബാംഗം കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ കെ.വേണുഗോപാലൻ നമ്പ്യാർ, ക്ഷേത്രം പ്രസിഡന്റും നവീകരണ സമിതി ജനറൽ കൺവീനറുമായ കെ.രാധാകൃഷ്ണൻ നമ്പ്യാർ, സി.കെ.വിശ്വനാഥൻ നമ്പ്യാർ, കെ.സതീശൻ നമ്പ്യാർ, കെ.പി.രാഘവൻ നമ്പ്യാർ, കെ.ഉണ്ണിക്കൃഷ്ണൻ നമ്പ്യാർ, കളക്കര വിജയകൃഷ്ണൻ, സി.കെ.സത്യനാഥൻ നമ്പ്യാർ, കെ.സുരേഷ് ബാബു, മാതൃസമിതി പ്രസിഡന്റ് കെ.വിമല കുഞ്ഞിരാമൻ നമ്പ്യാർ, മുതിർന്ന അംഗം മാലതി അമ്മ, സി.കെ.രാധാമണി, കെ.പി.ശ്രീലത നമ്പ്യാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തറവാട്ടിൽ നടക്കുന്നത്.
നവീകരിച്ച ഭഗവതി (ഭദ്രകാളി) ശ്രീകോവിൽ. ചിത്രം: മനോരമ
പരിപാടികൾ :∙10ന് : രാവിലെ 10ന് ചാത്തമത്ത് ആലയിൽ പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെയും പൊടോതുരുത്തി കായക്കിൽ ഭഗവതി ക്ഷേത്രത്തിന്റെയും നേതൃത്വത്തിൽ ഭക്തജനങ്ങളുടെ കലവറ നിറയ്ക്കൽ ചടങ്ങോടെയാണ് തുടക്കം.വൈകിട്ട് 5 മുതൽ ആചാര്യവരണം, മുളയിടൽ, പ്രാസാദ ശുദ്ധി, അസ്ത്ര കലശപൂജ, രക്ഷോഘ്ന ഹോമം, വാസ്തുഹോമം, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തുപുണ്യാഹം, അത്താഴപൂജ.∙11ന്: രാവിലെ മുളപൂജ, ചതുശുദ്ധി,ധാര, പഞ്ചഗവ്യം, പഞ്ചകം, കലശപൂജകൾ, കലശാഭിഷേകം, പ്രോക്ത ഹോമം, ഹോമകലശാഭിഷേകം, ഉച്ചപൂജ, വൈകിട്ട് കുണ്ഡശുദ്ധി, മുളപൂജ, അത്താഴ പൂജ.∙12ന്: രാവിലെ മുളപൂജ, പ്രായശ്ചിത്ത ഹോമം, ശാന്തിഹോമം, ഹോമകലശാഭിഷേകങ്ങൾ, ഉച്ചപൂജ, വൈകിട്ട് കുണ്ഡശുദ്ധി, മുളപൂജ, അത്താഴപൂജ.∙13ന്: രാവിലെ മുളപൂജ, ചോരശാന്തി ഹോമം, നായ്ശാന്തി ഹോമം, അത്ഭുത ശാന്തിഹോമം, ഹോമകലശാഭിഷേകങ്ങൾ, ഉച്ചപൂജ, വൈകിട്ട് ബിംബ പരിഗ്രഹം, ബിംബശുദ്ധികൾ, ജലാധിവാസം, മുളപൂജ, കുണ്ഡശുദ്ധി, സ്ഥലശുദ്ധി, അത്താഴ പൂജ, വൈകിട്ട് 7 നു കെ.ടി.ഉഷയും സംഘത്തിന്റെ തിരുവാതിര, കൃഷ്ണാഞ്ജന ആർ നമ്പ്യാർ അവതരിപ്പിക്കുന്ന നൃത്തം, ദ്യുതി നമ്പ്യാർ അവതരിപ്പിക്കുന്ന ഭരതനാട്യം.∙14ന്: രാവിലെ മുളപൂജ, തത്വഹോമം, തത്വകലശ പൂജ, മരപ്പാണി,തത്വകലശാഭിഷേകം, വൈകിട്ട് ബ്രഹ്മകലശ പൂജ, കുംഭേശകർക്കരീകലശപൂജ, പരികലശപൂജ, അധിവാസ ഹോമം,കലശാധിവാസം, മുളപൂജ, അത്താഴപൂജ.∙15ന്: രാവിലെ മുളപൂജ, അധിവാസം, വിളർത്തിപൂജ, മരപ്പാണി, പരികലശാഭിഷേകം,ബ്രഹ്മകലശാഭിഷേകം, അവസ്രാവ പോഷണം, അനുജ്ഞാബലി, വൈകിട്ട് മുളയിടൽ, മുളപൂജ, കുണ്ഡശുദ്ധി, സ്ഥലശുദ്ധി, ബിംബശുദ്ധി കലശ പൂജ, അധിവാസ ഹോമം, അത്താഴ പൂജ.∙16ന്: രാവിലെ മുളപൂജ, സംഹാര തത്വഹോമം, സംഹാര തത്വകലശ പൂജ, മരപ്പാണി, സങ്കോചദാനം. പ്രാർഥന, സംഹാര തത്വകലശാഭിഷേകം, ധ്യാനസങ്കോചം, ജീവകലശപൂജ,ജീവോദ്വാസന, ജീവകലശം ശയ്യയിലേക്ക് എഴുന്നള്ളിക്കൽ, ബിംബം–ജോലദ്ധ്വാരം, ബിംബശുദ്ധികൾ, ബിംബം ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കൽ, കലശ മണ്ഡപത്തിൽ ശയ്യാപൂജ, വിദ്യേശ്വര കലശപൂജ, നിദ്രാകലശ പൂജ, കുംഭേശകർക്കരി കലശ പൂജ, ശിരസ്തത്വഹോമം, മണ്ഡല പൂജ, വൈകിട്ടു മുള പൂജ, പ്രാസാദ ശുദ്ധി ക്രിയകൾ, പീഠാധിവാസം, ധ്യാനാധി വാസം, അധിവാസ ഹോമം, കാൽ കഴുകിച്ച് ഊട്ട്, അധിവസിച്ച പൂജ.∙17ന്: 10.30നും 11.30 നും മധ്യേ പ്രതിഷ്ഠാ കർമം. രാവിലെ മുളപൂജ, അധിവാസം, വിടർത്തി പൂജ. നാന്ദിമുഖം, പുണ്യാഹം, മരപ്പാണി, നപുംസക ശിലാ പ്രതിഷ്ഠ, രത്നന്യാസം, പീഠ പ്രതിഷ്ഠ, ജീവകലശാദികൾ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കൽ,പരാവാഹന, അവസ്ഥാന വാഹന ശുഭ മുഹൂർത്തത്തിൽ പ്രതിഷ്ഠ, നിദ്രാതി ജീവകലശാഭിഷേകം, പ്രതിഷ്ഠാബലി, 12.30 നു അന്നദാനം, വൈകിട്ട് നടയടക്കൽ, മുളപൂജ, മണ്ഡപത്തിൽ പൂജ, വൈകിട്ടു 7 മുതൽ നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക ട്രസ്റ്റ് അവതരിപ്പിക്കുന്ന കഥകളി സർവജ്ഞ പീഠം ( പൊട്ടൻ തെയ്യം) കഥകളി.∙18ന്: രാവിലെ മുളപൂജ, മണ്ഡപത്തിൽ പൂജ, ഇന്ദ്രാദി പരിവാര പ്രതിഷ്ഠ, ഉപദേവതാ കലശങ്ങൾ പൂജ, കലശാഭിഷേകം, വൈകിട്ട് മുളപൂജ, കുണ്ഡശുദ്ധി, സ്ഥല ശുദ്ധി, മണ്ഡപത്തിൽ പൂജ.∙19ന്: രാവിലെ മുളപൂജ, മണ്ഡപത്തിൽ പൂജ, ശാന്തി ഹോമങ്ങൾ, കുണ്ഡശുദ്ധി, സ്ഥലശുദ്ധി, വൈകിട്ട് മണ്ഡപത്തിൽ പൂജ, ബ്രഹ്മകലശ പൂജ, കുംഭേശകർക്കരി പൂജ, പരികലശ പൂജ, അധിവാസ ഹോമം, കലശാധിവാസം, വൈകിട്ട് 7 നു യോഗക്ഷേമ സഭ പള്ളിക്കര ഉപസഭ അവതരിപ്പിക്കുന്ന തിരുവാതിര.∙20ന് : പുലർച്ചെ 5 നട തുറക്കൽ, തത്വഹോമം, തത്വകലശ പൂജ, നട തുറന്നു കണികാണിക്കൽ, അഭിഷേകം, ഹോമകലശാഭിഷേകം, മരപ്പാണി, തത്വകലശാഭിഷേകം, കലശാധിവാസം വിടർത്തി പൂജ, മരപ്പാണി, പരികലശാഭിഷേകങ്ങൾ, കുംഭേശ കർക്കരി കലശാഭിഷേകങ്ങൾ, ബ്രഹ്മകലശാഭിഷേകം, അവസ്രാവ പോഷണം, ശ്രീഭൂതബലി, 12.30ന് അന്നദാനം, വൈകിട്ട് നിറമാല,ദീപാരാധന, തായമ്പക, തിടമ്പ് നൃത്തം– ഉത്സവം, അത്താഴ പൂജ, കലശ സമാപനം.
നവീകരിച്ച വേട്ടയ്ക്കൊരുമകൻ ശ്രീകോവിൽ ചിത്രം: മനോരമ
കോണത്ത് കുടുംബം നാടിനൊപ്പം നെടുംതൂണായ്ജാതിമത ചിന്തകൾക്ക് അതീതമായി നാടിനെ ചേർത്തുനിർത്തിയ കുടുംബം. വടക്കേ മലബാറിലെ പ്രമുഖ നമ്പ്യാർ കുടുംബങ്ങളിൽ ഒന്നായാണ് കോണത്ത് കുടുംബം അറിയപ്പെട്ടിരുന്നത്. തളിപ്പറമ്പിനു കിഴക്ക് കുറുമാത്തൂരുമായി ബന്ധപ്പെട്ടതാണ് ചാത്തമത്ത് കോണത്ത് തറവാടിന്റെ ഉൽപത്തി. 400 വർഷം മുൻപ് കിനാനൂർ കരിന്തളം കോളംകുളത്ത് ഉണ്ടായിരുന്ന കുടുംബം ചാത്തമത്ത് എന്ന ഈ സ്ഥലത്തേക്കു മാറി. പിന്നീട് ഭദ്രകാളി ക്ഷേത്രം നടത്തിപ്പ് ഏറ്റെടുത്തു.ചാത്തമത്ത് നിന്നു പള്ളിക്കര നീലേശ്വരത്തേക്കും വട്ടപ്പൊയിലിലേക്കും താമസം മാറിയ തറവാടംഗങ്ങൾ അവരുടെ പത്തായപ്പുരയിൽ ശിവനെ ആരാധിക്കുന്നതിനായി ഇവിടങ്ങളിൽ പൊട്ടൻപൊതി സ്ഥാപിച്ചു. പിന്നീടാണ് ചാത്തമത്ത് കോണത്ത് തറവാട് വടക്കെ മലബാറിലെ അറിയപ്പെടുന്ന കുടുംബമായി ഉയർന്നത്.
പ്രമുഖ കുടുംബങ്ങളുമായുള്ള ബന്ധംനീലേശ്വരം രാജകുടുംബവും താഴെക്കാട്ട് മന തിരുമുൻപുകളെപ്പോലെ അറിയപ്പെടുന്ന നമ്പൂതിരി രാജകുടുംബങ്ങളും മറ്റു നായർ കുടുംബങ്ങളും കോണത്ത് കുടുംബവുമായി വിവാഹ ബന്ധത്തിലേർപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടര നൂറ്റാണ്ടിന്റെ ചരിത്രവും പൈതൃകവും പരിശോധിച്ചാൽ കോടോത്ത്, കമ്പല്ലൂർ കോട്ടയിൽ തുടങ്ങിയ കുടുംബങ്ങൾക്ക് കോണത്ത് കുടുംബവുമായി എട്ടോളം തലമുറകളിൽ വിവാഹബന്ധം ഉണ്ടായിരുന്നു. ഏച്ചിക്കാനം, ചേരിപ്പാടി, മാവില,വാരിക്കര, വേങ്ങയിൽ തുടങ്ങിയ നായർ കുടുംബങ്ങളും പാലാട്ട് അടിയോടി, ചെറുവത്തൂർ പൊന്നൻ പൊതുവാൾ സ്ഥാനിക നായർ കുടുംബങ്ങളും പെരിയാടക്കൻ കടിഞ്ഞപ്പള്ളി, കുഞ്ഞിമംഗലം കുപ്പാടക്കത്ത്, ഒതേൻ മഠം, കോട്ടയം കടാങ്കോട് തുടങ്ങിയ കുടുംബങ്ങളും കോണത്ത് കുടുംബങ്ങളിൽ നിന്ന് വിവാഹ ബന്ധത്തിലേർപ്പെട്ടു.
അതിവിശാലം; ഭൂമിയും മനസ്സുംസ്വാതന്ത്ര്യത്തിനു മുൻപും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും കോണത്ത് കുടുംബത്തിലെ സ്ത്രീകളും പുരുഷന്മാരും പലരും ചെന്നൈ, കോഴിക്കോട്, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ ചെന്ന് ഉന്നത വിദ്യാഭ്യാസം നേടി. നേരത്തെ അവിഭക്ത കണ്ണൂർ ജില്ലയിലാകെ വ്യാപിച്ചു കിടന്ന അതിവിശാലമായ സമ്പത്തും ഭൂസ്വത്തുക്കളും ഉണ്ടായിരുന്ന കുടുംബമാണ് കോണത്ത് കുടുംബം.ജാതിമത ചിന്തകൾക്ക് പ്രാധാന്യം നൽകാതെ എല്ലാവരെയും ഒരുപോലെ കാണുകയും പാവപ്പെട്ടവർക്ക് പരമാവധി സഹായങ്ങളും പിന്തുണയും ഈ കുടുംബം നൽകി.
ഗാന്ധിജിയുടെ സുഹൃത്ത് രാഘവൻ നമ്പ്യാർസ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചവരിൽ പ്രധാനിയും മഹാത്മാഗാന്ധിയുമായി കത്തിടപാടുകൾ നടത്തിയിരുന്ന വ്യക്തിയുമാണ് കോണത്ത് കുടുംബാംഗം പരേതനായ സി.കെ.രാഘവൻ നമ്പ്യാർ. നീലേശ്വരം രാജാസ് സ്കൂൾ സ്ഥാപകൻ ടി.സി.രാമവർമ രാജയുടെ മകനാണ് ഇദ്ദേഹം. അദ്ദേഹത്തെ മഹാത്മാഗാന്ധി നേരിട്ട് എഐസിസി അംഗമായി നോമിനേറ്റ് ചെയ്തു. ഹോം റൂൾ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആനിബസന്റിന്റെ കൂടെ അദ്ദേഹം പ്രവർത്തിച്ചിരുന്നു. മലബാർ മേഖല കോൺഗ്രസ് അധ്യക്ഷ പദവിയിൽ കെ.കേളപ്പനെതിരെ രാഘവൻ നമ്പ്യാർ മത്സരിച്ചു. സഹോദരൻ സി.കെ.ശങ്കരൻ നമ്പ്യാരും സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. പൊതുജീവിതത്തിൽ ഉന്നത മൂല്യങ്ങളിൽ അടിയുറച്ചു നിന്നവരായിരുന്നു ഇരുവരും.
തറവാട് കുടുംബാംഗങ്ങൾ കോണത്ത് ചാത്തമത്ത് ഭഗവതി (ഭദ്രകാളി) വേട്ടയ്ക്കൊരുമകൻ ക്ഷേത്രസന്നിധിയിൽ ഒത്തുകൂടിയപ്പോൾ. ചിത്രം: മനോരമ
കോണത്ത് കുടുംബത്തിലെ അഭിമാന താരങ്ങൾ1900 തുടക്കത്തിലെ ഫുട്ബോൾ താരവും കായിക മേഖലയുടെ വികാസത്തിനു പ്രവർത്തിച്ച പരേതരായ എൽടിസി കൃഷ്ണൻ നമ്പ്യാർ, കാൽടെക്‌സ് ഫുട്‌ബോൾ ക്യാപ്റ്റൻ മാധവൻ നമ്പ്യാർ, പഴയ കാല ഫുട്‌ബോൾ താരവും പരിശീലകനുമായിരുന്ന ചാത്തുക്കുട്ടി നമ്പ്യാർ തുടങ്ങിയവർ കോണത്ത് കുടുംബത്തിന്റെ അഭിമാനങ്ങളാണ്.
മട്ടന്നൂർ എൻഎസ്എസ് കോളജിൽ അധ്യാപകനായിരുന്ന ചരിത്രകാരനും മലയാളം എഴുത്തുകാരനുമായിരുന്ന പരേതനായ പ്രഫ.കെ.അപ്പു നമ്പ്യാർ ഈ കുടുംബാംഗമായിരുന്നു. സംവിധായകനും നടനുമായ ശ്രീനിവാസൻ താൻ ഗുരുവായി കാണുന്നതും അഭിനയവും തിരക്കഥയും ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതും അപ്പു നമ്പ്യാരാണെന്ന് അഭിമുഖങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്.ഹാർവഡ് ലോ സ്കൂളിൽ നിന്ന് എൽഎൽഎം ബിരുദം നേടിയ ഇന്ത്യക്കാരിൽ ഒന്നാമനാണ് പരേതനായ കെ.ബാലകൃഷ്ണൻ നമ്പ്യാർ. സുപ്രീംകോടതിയിൽ റജിസ്ട്രാറായും നിയമപ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററായും അദേഹം പ്രവർത്തിച്ചിരുന്നു. പരേതനായ കെ.ഗംഗാധരൻ നമ്പ്യാർ പതിറ്റാണ്ടുകളായി കാഞ്ഞങ്ങാട് ദുർഗ ഹൈസ്‌കൂൾ ഭരണം നിയന്ത്രിച്ചു.വർഷങ്ങളോളം പടന്നക്കാട് നെഹ്‌റു കോളജ് പ്രസിഡന്റും ചാർട്ടേഡ് അക്കൗണ്ടന്റുമായിരുന്നു പരേതനായ കെ. ഭാസ്‌കരൻ നമ്പ്യാർ.ഇപ്പോഴുള്ള അംഗങ്ങളിൽ ഗണിതശാസ്ത്രജ്ഞനും ജെഎൻയു ഡൽഹി മുൻ ഡീനുമായ പ്രഫ. ഡോ. കെ.കെ. നമ്പ്യാർ, കാഞ്ഞങ്ങാട് നെഹ്‌റു കോളജ് മുൻ പ്രസിഡന്റ് കോണത്ത് സുശീല നായർ, കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ മുൻ ട്രസ്റ്റി കെ.മോഹൻചന്ദ്രൻ നമ്പ്യാർ, നടനും നർത്തകനും നൃത്ത സംവിധായകനുമായ വിനീത്, സുപ്രീംകോടതി അഭിഭാഷകനായ കൃഷ്ണൻ വേണുഗോപാൽ, പ്രമുഖ കശുവണ്ടി വ്യവസായിയും കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടൽ ഉടമയുമായ പ്രഭാകർ കോണത്ത്, സംസ്ഥാന ആദിവാസി ക്ഷേമ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ കൃഷ്ണപ്രകാശ് തുടങ്ങിയവർ ഈ തറവാട്ടിന്റെ അഭിമാനമാണ്.
നാടിന് അഭിമാനം, വീടിനുംകോണത്ത് തറവാട്ടിലെ അംഗങ്ങൾക്ക് പുറമേ പുരുഷ അംഗങ്ങളുടെ മക്കളും തറവാടിന്റെ അഭിമാനമാണ്. ഗാന്ധിയനും മലബാറിലെ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും പരേതനായ എ.സി.കണ്ണൻ നായർ, കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സമകാലികനുമായ പരേതനായ പള്ളിക്കര കോടോത്ത് ഗോവിന്ദൻ നായർ,നിലവിലെ അംഗങ്ങളിൽ സിംഗപ്പൂർ ആസ്ഥാനമായുള്ള സർജനും യുഎസ്എയിലും ഓസ്‌ട്രേലിയയിലും പ്രശസ്തനായ ഡോക്‌ടറുമായ ഡോ. രാജ്‌മോഹനൻ നമ്പ്യാർ, ഫുട്‌ബോൾ താരവും സതേൺ ക്ലെയ്‌സിന്റെ മുൻ എംഡിയുമായ കെ.കെ.സോമചന്ദ്രൻ നമ്പ്യാർ, സെൻട്രൽ അരക്കനറ്റ് ബോർഡ് മേധാവി ആയിരുന്ന പരേതനായ കുപ്പാടക്കത്ത് കെ.കെ.നമ്പ്യാർ തുടങ്ങിയവർ തറവാട്ടിലെ പരേതരായ അംഗങ്ങളുടെ മക്കളാണ്. പടന്നക്കാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളജ് സ്ഥാപകൻ പരേതനായ സി.കെ.നായർ (മാലോം പട്ടേലർ), രണ്ട് തവണ എംഎൽഎ ആയിരുന്ന പരേതനായ സി.കുഞ്ഞികൃഷ്ണൻ നായർ, എംഎൽഎയും അവിഭക്ത കെപിസിസി ട്രഷററും ആയിരുന്ന പരേതനായ എം.കെ.നമ്പ്യാർ, പരേതനായ എ.കെ.കെ.നമ്പ്യാർ എന്നിവരും കോണത്ത് തറവാട്ടിൽ വിവാഹം ചെയ്തവരായിരുന്നു. ഇന്ത്യൻ അറ്റോർണി ജനറൽ ആയിരുന്ന കെ.കെ.വേണുഗോപാൽ, ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് കെ.പി.അരവിന്ദൻ എന്നിവർ കുടുംബത്തിലെ മരുമക്കളും വയനാട് ജില്ലാ ജഡ്ജി ഹരിപ്രിയ നമ്പ്യാർ മരുമകളുമാണ്.
Source link