INDIALATEST NEWS

പന്നു വധശ്രമം: നിഖിൽ ഗുപ്തയുടെ കുടുംബം നൽകിയ ഹർജി തള്ളി

ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂല സംഘടനാ നേതാവു ഗുർപട്‌വന്ത് സിങ് പന്നുവിനെ യുഎസിൽ കൊലപ്പെടുത്താൻ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചെന്ന ആരോപണത്തിൽ ചെക് റിപ്പബ്ലിക്കിലെ ജയിലിൽ കഴിയുന്ന നിഖിൽ ഗുപ്തയുടെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. രാജ്യാന്തര നിയമം ഉൾപ്പെട്ട വിഷയമാണെന്നതു ചൂണ്ടിക്കാട്ടിയാണ് ഹർജിയിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. അതേസമയം, ഹർജിയെ സർക്കാരിനുള്ള നിവേദനമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ചു. ഇക്കാര്യത്തിൽ ഇടപെടണമോയെന്നതു സർക്കാരിന്റെ തീരുമാനമാണെന്നും കോടതി വ്യക്തമാക്കി. 
നിഖിലിനെ അന്യായമായി തടവിൽ വച്ചിരിക്കുകയാണെന്നും മോചനത്തിനു കോടതി ഇടപെടണമെന്നുമാണ് കുടുംബം ഹേബിയസ് കോർപസ് ഹർജിയിൽ ആവശ്യപ്പെട്ടത്. കേസ് നേരത്തേ പരിഗണിച്ചപ്പോൾ തന്നെ ഇതിൽ ഇടപെടുന്നതിലെ പരിമിതി ചൂണ്ടിക്കാട്ടിയ കോടതി, വിഷയം ചെക് റിപ്പബ്ലിക്കിലെ കോടതി മുമ്പാകെ ഉന്നയിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ പൗരനാണെന്നതു പരിഗണിച്ച് എംബസി വഴി നിയമസഹായം ലഭ്യമാക്കാൻ നിർദേശിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടതെന്ന് ഇന്നലെ കോടതി വ്യക്തമാക്കി. 

മൻഹാറ്റൻ കോടതിയിൽ പ്രോസിക്യൂഷൻ നൽകിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ നിഖിലിനെ യുഎസിനു കൈമാറാനിരിക്കെയാണ് ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ ഉന്നത ഓഫിസർ നിഖിൽ ഗുപ്ത വഴി ക്വട്ടേഷൻ നൽകിയെന്നും ഇതിനായി 15,000 ഡോളർ മുൻകൂർ നൽകിയെന്നുമാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. 

English Summary:
Petition filed by family of Nikhil Gupta rejected on Pannu assassination attempt


Source link

Related Articles

Back to top button