ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ വ്യോമാക്രമണത്തിൽ ഇറാന്റെ പിന്തുണയുള്ള പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് (പിഎംഎഫ്) കമാൻഡർ അബു തഖ്വ എന്നറിയപ്പെടുന്ന മുഷ്താഖ് താലെബ് അൽ സയ്ദി ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടു. ഇറാക്കി സൈന്യത്തിന്റെ ഭാഗമായാണ് പിഎംഎഫ് പ്രവർത്തിക്കുന്നത്. അമേരിക്കയാണ് ആക്രമണത്തിനു പിന്നിലെന്ന് ഇറാക്കി സൈനിക വക്താവ് യെഹ്യ റസൂൽ ആരോപിച്ചു. അതേസമയം, യുഎസ് സൈന്യമോ ബാഗ്ദാദിലെ യുഎസ് എംബസിയോ പ്രതികരണം നടത്തിയില്ല. ഷിയാ വിഭാഗക്കാരുടെ സംഘടനയായ പിഎംഎഫ് ഇസ്ലാമിക് സ്റ്റേറ്റിനെ ഇറാക്കിൽനിന്നു തുരത്താൻ പ്രധാന പങ്കു വഹിച്ചവരാണ്. ഔദ്യോഗികമായി ഇറാക്കി സൈന്യത്തിന്റെ കീഴിലാണെങ്കിലും പിഎംഎഫ് പ്രവർത്തിക്കുന്നത് സ്വതന്ത്രമായാണ്. പിഎംഎഫിന്റെ ഭാഗമായ അൽ നുജാബയുടെ ആസ്ഥാനത്തേക്ക് അൽ-സയ്ദിയും മറ്റൊരാളും കാറിൽ പോകവേയായിരുന്നു ആക്രമണം. ബാഗ്ദാദിലെ പലസ്തീൻ സ്ട്രീറ്റിലുണ്ടായ ആക്രമണത്തെത്തുടർന്ന് സുരക്ഷാസന്നാഹം വർധിപ്പിച്ചു. ഇസ്രയേൽ-ഹമാസ് യുദ്ധത്തെത്തുടർന്ന് ഇറാക്കിലെയും സിറിയയിലും അമേരിക്കൻ താവളങ്ങൾക്കു നേർക്ക് ഇറാന്റെ പിന്തുണയുള്ള തീവ്രവാദ സംഘടനകൾ നൂറിലേറെ ആക്രമണങ്ങൾ നടത്തിയിരുന്നു. ഹമാസിനെതിരേയുള്ള യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനു തിരിച്ചടിയായാണ് ആക്രമണമെന്നാണ് ഇറേനിയൻ സംഘടനകൾ പറയുന്നത്.
ഇന്നലെത്തെ ആക്രമണത്തോടെ ഇറാക്കിൽനിന്ന് അമേരിക്കൻ സൈന്യം പിൻവാങ്ങണമെന്ന ആവശ്യം ശക്തമാകും. ഇറാന്റെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയതെങ്കിലും ഇറാക്കി പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അൽ-സുഡാനി അമേരിക്കയുമായി നല്ല ബന്ധമുള്ളയാളാണ്. അന്താരാഷ്ട്ര സൈന്യത്തിന്റെ സാന്നിധ്യം അവസാനിപ്പിക്കാനുള്ള നടപടികളിലാണ് തന്റെ സർക്കാരെന്ന് കഴിഞ്ഞയാഴ്ച അൽ-സുഡാനി പറഞ്ഞിരുന്നു. ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് ഉപ നേതാവ് സാലെ അരൂരി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പിഎംഎഫ് കമാൻഡറും കൊല്ലപ്പെട്ടത്. ബാഗ്ദാദിലെ ആക്രമണത്തിൽ പങ്കുണ്ടോയെന്ന ചോദ്യത്തോടു പ്രതികരിക്കാൻ ഇസ്രേലി സൈനിക വക്താവ് തയാറായില്ല.
Source link