രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

കേപ്ടൗണ്‍: ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ് ക്രിക്കറ്റ് എന്ന റിക്കാർഡ് കുറിച്ച മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ആദ്യ ഇന്നിംഗ്സിൽ മുഹമ്മദ് സിറാജും രണ്ടാം ഇന്നിംഗ്സിൽ ജസ്പ്രീത് ബുംറയും ആറ് വിക്കറ്റ് പ്രകടനം കാഴ്ചവച്ച മത്സരത്തിൽ ഇന്ത്യക്ക് ജയിക്കാൻവേണ്ടിയിരുന്നത് 79 റണ്‍സ് മാത്രമായിരുന്നു. 12 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം നേടി. അതോടെ രണ്ട് മത്സര പരന്പര 1-1ൽ അവസാനിച്ചു. ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സിനും 32 റണ്‍സിനും തോറ്റതിനുള്ള ഇന്ത്യയുടെ മധുര പ്രതികാരമായിരുന്നു കേപ്ടൗണിലെ ജയം. രണ്ട് ദിവസംപോലും മത്സരം നീണ്ടുനിന്നില്ല, അതോടെ ടപ്പേന്ന് തീർന്ന ടെസ്റ്റ് എന്ന ചരിത്രം കുറിക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ചുമതല വഹിച്ച ഡീൻ എൽഗറിന്റെ വിരമിക്കൽ ടെസ്റ്റായിരുന്നു ഇത്. രണ്ട് ഇന്നിംഗ്സിലുമായി ഏഴ് (6/15, 1/31) വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് പ്ലെയർ ഓഫ് ദ മാച്ച്. മാസ്മരിക മാർക്രം രണ്ടാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 62 റണ്‍സ് എന്ന നിലയിൽ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് പുനരാരംഭിച്ചു. 36 റണ്‍സുമായി എയ്ഡൻ മാർക്രവും ഏഴ് റണ്‍സുമായി ഡേവിഡ് ബെഡിങ്ഗവുമായിരുന്നു ക്രീസിൽ. രണ്ടാംദിനത്തിലെ ആദ്യ ഓവറിന്റെ അവസാന പന്തിൽ ബെഡിങ്ഗമിനെ (11) പുറത്താക്കി ആദ്യ പ്രഹരമേൽപ്പിച്ചു. തുടർന്ന് കൃത്യമായ ഇടവേളകളിൽ ആതിഥേയരുടെ വിക്കറ്റ് നിലംപൊത്തി. എന്നാൽ, നേരിട്ട 99-ാം പന്തിൽ എയ്ഡൻ മാർക്രം സെഞ്ചുറി തികച്ചു. 103 പന്തിൽ 106 റണ്‍സ് നേടിയാണ് മാർക്രം ക്രീസ് വിട്ടത്. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ നേടിയ 176 റണ്‍സിൽ 106ഉം മാർക്രത്തിന്റെ സംഭാവനയാണെന്നതും ശ്രദ്ധേയം. ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന്റെ 60.22 ശതമാനവും മാർക്രത്തിന്റെ സംഭാവനയായിരുന്നു. ഷെയ്ൻ വോണിനെ പിന്നിലാക്കി ബുംറ ആദ്യ ഇന്നിംഗ്സിൽ മുഹമ്മദ് സിറാജായിരുന്നു ആറ് വിക്കറ്റ് പ്രകടനത്തോടെ ഇന്ത്യൻ ബൗളിംഗ് ആക്രമണം നയിച്ചതെങ്കിൽ രണ്ടാം ഇന്നിംഗ്സിൽ ആ ചുമതല വഹിച്ചത് ജസ്പ്രീത് ബുംറ. 13.5 ഓവറിൽ 61 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് ബുംറ സ്വന്തമാക്കി. മുകേഷ് കുമാർ രണ്ടും സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മാർക്രം, ഡീൻ എൽഗൽ (12), ബെഡിങ്ഗം (11), മാർക്കൊ യാൻസണ് (11) എന്നിവർ മാത്രമായിരുന്നു ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിൽ രണ്ടക്കം കടന്നത്. ആദ്യ ഇന്നിംഗ്സിലെ രണ്ട് ഉൾപ്പെടെ കേപ്ടൗണ്‍ ടെസ്റ്റിൽ ബുംറ എട്ട് വിക്കറ്റ് സ്വന്തമാക്കി. ഇതോടെ കേപ്ടൗണിലെ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന സന്ദർശക ബൗളർമാരിൽ ബുംറ (18) രണ്ടാം സ്ഥാനത്ത് എത്തി. ഓസീസ് ഇതിഹാസ സ്പിന്നറായ ഷെയ്ൻ വോണിനെയാണ് (17) ബുംറ പിന്തള്ളിയത്.
ഏഷ്യക്ക് പുറത്ത് ബുംറയുടെ എട്ടാമത് 5+ വിക്കറ്റ് നേട്ടമാണ്. കപിൽ ദേവ് മാത്രമാണ് (45 മത്സരത്തിൽ 9) ഇക്കാര്യത്തിൽ ബുംറയ്ക്ക് മുന്നിലുള്ളത്. 28 മത്സരത്തിലാണ് ബുംറ എട്ട് 5+ വിക്കറ്റ് നേട്ടം സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയം. 79 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യക്ക് യശസ്വി ജയ്സ്വാൾ (28), ശുഭ്മാൻ ഗിൽ (10), വിരാട് കോഹ്ലി (12) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. രോഹിത് ശർമയും (17) ശ്രേയസ് അയ്യരും (4) പുറത്താകാതെനിന്നു. രണ്ട് താരങ്ങൾ കേപ്ടൗണ്‍: ഇന്ത്യ x ദക്ഷിണാഫ്രിക്ക ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ താരങ്ങളായി ജസ്പ്രീത് ബുംറയും ഡീൻ എൽഗറും. പ്ലെയർ ഓഫ് ദ സീരീസ് പുരസ്കാരം ഇരുവരും പങ്കിട്ടു. പരന്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റും റണ്‍സും ഇവർക്കാണ്. രണ്ട് മത്സരത്തിലുമായി ഇന്ത്യൻ പേസർ ബുംറ 12 വിക്കറ്റ് സ്വന്തമാക്കി. ഒരു ആറ് വിക്കറ്റ് പ്രകടനം ഉൾപ്പെടെയാണിത്. ഒരു സെഞ്ചുറി ഉൾപ്പെടെ 201 റണ്‍സ് എൽഗൽ നേടി. എൽഗറിന്റെ വിരമിക്കൽ ടെസ്റ്റായിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരം എന്ന റിക്കാർഡ് ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തിനു സ്വന്തം. 642 പന്ത് മാത്രമാണ് രണ്ടാം ടെസ്റ്റിൽ ഉണ്ടായിരുന്നത്. 1932ൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ 656 പന്തുകൾ മാത്രം നീണ്ടുനിന്നതായിരുന്നു ഇതുവരെയുള്ള കുഞ്ഞൻ ടെസ്റ്റ്. ജസ്പ്രീത് ബുംറ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിൽ ആകെ വീഴ്ത്തിയ വിക്കറ്റുകളുടെ എണ്ണം 18 ആയി. ഒരു വിദേശ ബൗളർ ന്യൂലാൻഡ്സിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്നതിൽ രണ്ടാം സ്ഥാനത്തും ബുംറ എത്തി. ഇംഗ്ലീഷ് മുൻതാരം കോളിൻ ബ്ലൈത്താണ് (25) ഒന്നാം സ്ഥാനത്ത്. ഷെയ്ൻ വോണിനെയാണ് (17) ബുംറ പിന്തള്ളിയത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരന്പര സമനിലയിൽ എത്തിക്കുന്ന ഇന്ത്യയുടെ രണ്ടാമത് ക്യാപ്റ്റൻ എന്ന നേട്ടം രോഹിത് ശർമയ്ക്കു സ്വന്തം. 2010-11ൽ എം.എസ്. ധോണിയുടെ നേതൃത്വത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ അവരുടെ നാട്ടിൽ ഇന്ത്യ ആദ്യമായി ടെസ്റ്റ് പരന്പര 1-1ന് സമനിലയിലാക്കിയത്. കേപ്ടൗണിൽ ഇന്ത്യയുടെ ആദ്യ ജയമാണ് ഇന്നലെ സ്വന്തമാക്കിയ ഏഴ് വിക്കറ്റിന്റേത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ രണ്ടാമത് ബാറ്റ് ചെയ്ത് ഇന്ത്യ നേടുന്ന ആദ്യ ജയവുമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ അവരുടെ നാട്ടിൽ ഇന്ത്യയുടെ അഞ്ചാം ടെസ്റ്റ് ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. ഇന്ത്യക്ക് ഇതുവരെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആതിഥേയർക്കെതിരേ ടെസ്റ്റ് പരന്പര നേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.
Source link