അയോധ്യയിൽ വിമാനത്താവളത്തിന്റെയും പുതുക്കിയ റെയിൽവേ സ്റ്റേഷന്റെയും ഉദ്ഘാടനത്തിന് മോദിയെത്തും; 15 കി.മീ റോഡ് ഷോ

ലക്നൗ ∙ ഡിസംബർ 30ന് അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളം ഉദ്ഘാടനത്തിനു ശേഷം റോഡ് ഷോയിലും പൊതു സമ്മേളനത്തിലും പങ്കെടുക്കും. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ അയോധ്യ റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നതിനോട് അനുബന്ധിച്ചാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്.
വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു ശേഷമാവും റോഡ് ഷോ. വിമാനത്താവളത്തിനും റെയിൽവേ സ്റ്റേഷനും ഇടയിലുള്ള 15 കിലോമീറ്റർ ദൂരം റോഡ് ഷോ ഉണ്ടായിരിക്കും. ധരംപാത്, ലതാമങ്കേഷ്കർ ചൗക്ക്, രാംപാത്, തേധി ബസാർ, മൊഹബ്ര എന്നിവിടങ്ങളിലൂടെയാവും റോഡ് ഷോ കടന്നുപോവുക. റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത്, അമൃത് ഭാരത് എന്നീ ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്യും. റോഡു മാർഗം തിരികെ വിമാനത്താവളത്തിൽ എത്തിയാണ് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുക.
റോഡ്ഷോ നടക്കുന്ന പാതയിൽ 51 ഇടങ്ങളിലായി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. ഇവിടങ്ങളിലെല്ലാം സന്യാസിമാർ പ്രധാനമന്ത്രിയെ അനുഗ്രഹിക്കും. 30ന് രാവിലെ 11.20നാണ് അയോധ്യയിൽ ആദ്യ വിമാനമിറങ്ങുക. ഡൽഹിയിൽനിന്ന് 10 മണിക്ക് പുറപ്പെടുന്ന വിമാനമാണിത്. റെയിൽവേ സ്റ്റേഷൻ മുതൽ വിമാനത്താവളം വരെ 5 കിലോമീറ്റർ ദൈർഘ്യമുള്ള ഫ്ലൈഓവറിന്റെ ശിലാസ്ഥാപനത്തിലും മോദി പങ്കെടുക്കും.
English Summary:
PM Modi will hold roadshow, address public meeting in Ayodhya on Dec 30
Source link