8 കിലോമീറ്റർ നടന്ന് വിവാഹ വേദിയിൽ; വസ്ത്രം ഷോർട്സും ബനിയനും; ആമിറിന്റെ മരുമകന് ട്രോൾ

ആമിര്‍ ഖാന്റെ മകൾ ഇറാ ഖാനുമായുള്ള വിവാഹത്തിനിടെ നവവരൻ നൂപുർ ശിഖരെ നടത്തിയ ചില പ്രവ‍ൃത്തികൾ സമൂഹമാധ്യമങ്ങളില്‍ വലിയ വിമർശനങ്ങൾക്കു വഴി വച്ചിരിക്കുകയാണ്. ഫിറ്റ്നസ് ട്രെയിനറായ നുപൂർ 8 കിലോമീറ്റർ ജോഗ് ചെയ്താണ് വിവാഹ വേദിയിലെത്തിയത്. വിവാഹം റജിസ്റ്റർ ചെയ്യാനെത്തിയ നുപൂറിന്റെ വസ്ത്രവും ചർച്ച ചെയ്യപ്പെട്ടു. ഒരു ഷോർട്സും ബനിയനും ധരിച്ചാണ് നൂപുർ വിവാഹവേദിയിലെത്തിയത്. ഇതിന് സമൂഹ മാധ്യമങ്ങളിൽ വിമർ‌ശനങ്ങളും അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്.

വിവാഹവേദിയെ അപമാനിക്കുന്ന തരത്തിൽ സാഹചര്യത്തിന് യോജിക്കാത്ത വസ്ത്രധാരണമെന്നും നൂപുറിന്റെ പ്രവൃത്തി മോശമായെന്നുമാണ് വിമർശനങ്ങൾ. സാധാരണയായി, വരൻമാർ കുതിരപ്പുറത്തും ആഡംബര കാറുകളിലും വേദിയിലെത്തുമ്പോൾ കൂട്ടുകാർക്കൊപ്പം എട്ടു കിലോമീറ്റർ ജോഗ് ചെയ്താണ് നുപൂർ വിവാഹവേദിയിെലത്തിയത്. 

ബനിയനും ഷോർട്സുമണിഞ്ഞ് ജോഗ് ചെയ്തു വിവാഹവേദിയിലെത്തിയ നൂപുറിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.  ജോഗിങ് വസ്ത്രങ്ങളണിഞ്ഞ് വിവാഹ റജിസ്റ്ററിൽ ഒപ്പുവക്കുന്ന നുപൂറിന്റെ വിഡിയോ പിന്നീട് ട്രോളുകളായി.  

ആമിർ ഖാൻ നവവരനെപ്പോലെ കുർത്തിയും തലപ്പാവും ധരിച്ചു നിൽക്കുമ്പോൾ നൂപുർ ജോഗിങ് വേഷത്തിലെത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഏറെ വ്യത്യസ്തമായ വിവാഹച്ചടങ്ങുകളാണ് വിവാഹത്തിന് അരങ്ങേറിയത്. വിവാഹപ്രതിഞ്ജ ഏറ്റുചൊല്ലിയ വധൂവരന്മാർ വിവാഹ റജിസ്റ്ററിൽ ഒപ്പുവച്ചു. ദമ്പതികൾ പ്രതിജ്ഞ കൈമാറിയ ഉടൻ ഒരു റോക്ക് ഗാനമാണ് കേൾപ്പിച്ചത്. തുടർന്ന് ആമിർ ഖാൻ മരുമകൻ നൂപുറിനെ ആലിംഗനം ചെയ്തു.  

ശേഷം വിവാഹവസ്ത്രമണിഞ്ഞ നൂപുർ, ഇറാ ഖാനുമൊത്ത് റിസപ്‌ഷനിൽ പങ്കെടുത്തു.  ഇറാ ഖാന്റെ അമ്മയും ആമിർ ഖാന്റെ ആദ്യഭാര്യയുമായ റീന ദത്തയും ആമിറിന്റെ രണ്ടാം ഭാര്യ കിരൺ റാവുവും ഇവരുടെ കുടുംബാംഗങ്ങളും ഒരുമിച്ച് സൗഹാർദ്ദപൂർവം ചടങ്ങിൽ പങ്കെടുത്തതും ചർച്ചയായി.  കടും നീല എംബ്രോയ്ഡറി ചെയ്ത ബ്ലൗസും പേസ്റ്റൽ പിങ്ക് ഹാരെം പാന്റും പേസ്റ്റൽ പിങ്ക് ദുപ്പട്ടയുമാണ് ഇറാ ഖാൻ ധരിച്ചത്. നൂപുർ ശിഖരെ കറുത്ത ബനിയനും വെള്ള ഷോർട്ട്സും പച്ച സ്നീക്കേർസും ധരിച്ചെത്തിയത് വിമർശനമായെങ്കിലും ഇരുവരും വേദിക്ക് പുറത്ത് വന്നപ്പോൾ നൂപുർ പരമ്പരാഗത നീല ഷെർവാണിയിലേക്ക് മാറിയിരുന്നു.
കഴിഞ്ഞ ദിവസമാണ് മുംബൈയിലെ താജ് ലാൻഡ്‌സ് എൻഡ് ഹോട്ടലിൽ വച്ച് ഇറാ ഖാന്റെയും നുപൂറിന്റെയും വിവാഹം നടന്നത്. ആമിർ ഖാന്റേയും ആദ്യഭാര്യ റീന ദീത്തയുടെയും മകളാണ് ഇറ ഖാൻ.

ഇറയും ഫിറ്റ്‌നെസ് ട്രെയിനറായ നൂപുറും  ദീർഘകാലമായി സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം പ്രണയത്തിലേക്ക് വഴിമാറിയെങ്കിലും അത്തരമൊരു ബന്ധം തുടർന്നുകൊണ്ടുപോകണോ എന്ന് ഇരുവർക്കും സംശയമുണ്ടായിരുന്നു. ഏറെ നാളത്തെ സൗഹൃദത്തിനൊടുവിൽ വിവാഹിതരാകാൻ തീരുമാനിച്ച ഇരുവരുടെയും വിവാഹ നിശ്ചയം ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഇറ്റലിയിൽ വച്ചാണ് നടന്നത്.  
ആമിറിന്റെ ആദ്യ ഭാര്യ റീന ദത്തയുടെയും രണ്ടാം ഭാര്യ കിരൺ റാവുവിന്റെയും കുടുംബങ്ങൾ ചടങ്ങിനെത്തിയിരുന്നു. ജനുവരി 8 ന് ഉദയ്പുരിൽ ഗംഭീര വിവാഹ റിസപ്‌ഷനാണ് താരകുടുബം പ്ലാൻ ചെയ്തിരിക്കുന്നത്.  ദമ്പതികൾ കുടുംബത്തോടൊപ്പം ഉടൻ ഉദയ്പുരിലേക്ക് പോകും. അവരുടെ വ്യവസായ സുഹൃത്തുക്കൾക്കായി ഒരു റിസപ്ഷനും സംഘടിപ്പിക്കും.

English Summary:
Ira Khan ties the knot with Nupur Shikhare, groom wears sleeveless t-shirt and shorts for the wedding


Source link
Exit mobile version