‘ഗോൾഡ്’ പാതിവെന്ത ടീസർ പുറത്തുവിട്ട് അൽഫോൻസ് പുത്രൻ

പൃഥ്വിരാജ് നായകനായെത്തിയ ‘ഗോൾഡ്’ സിനിമയുടെ ഇതുവരെ പുറത്തുവിടാത്ത ടീസർ റിലീസ് ചെയ്ത് സംവിധായകൻ അൽഫോൻസ് പുത്രൻ. ലോഗോ ഡിസൈനും കളർ കറക്‌ഷനും സൗണ്ട് ഡിസൈനും ബിജിഎം ചേർക്കുന്നതിനും മുമ്പുള്ള പാതിവെന്ത ടീസറാണിതെന്ന് അൽഫോൻസ് പുത്രൻ പറയുന്നു.

2022 ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തിയ അൽഫോൻസ് പുത്രൻ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ്, നയൻതാര, സൈജു കുറുപ്പ്, ഷമ്മി തിലകൻ, വിനയ് ഫോർട്ട്, ലാലു അലക്സ് തുടങ്ങിയ വലയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. തിയറ്ററുകളിലും ചിത്രം ശ്രദ്ധനേടിയില്ല. താൻ മനസ്സിൽ കണ്ട സിനിമയല്ല തിയറ്ററുകളിലെത്തിയതെന്ന് പിന്നീട് അൽഫോൻസ് വെളിപ്പെടുത്തിയിരുന്നു. പ്രേക്ഷകർ കണ്ട ‘ഗോൾഡ്’ തന്റെ ‘ഗോൾഡ്’ അല്ലെന്നാണ് സംവിധായകൻ പറഞ്ഞത്. ‘പ്രേമം’ സിനിമയിലെ ഡിലീറ്റഡ് സീൻ പുറത്തുവിടാമോയെന്ന ആരാധകന്റെ കമന്റിന് മറുപടിയായാണ് അൽഫോൻസ് ഇക്കാര്യങ്ങൾ പറഞ്ഞത്.

‘‘‘ഞാൻ എഴുതിയ ജോർജ് എന്ന കഥാപാത്രവുമായി ആ രം​ഗങ്ങൾ യോജിക്കാത്തതിനാൽ ഞാനത് ഡിലീറ്റ് ചെയ്തു. തിരക്കഥയുമായി ജോർജ് യോജിച്ചില്ലെങ്കിൽ മലരും യോജിക്കില്ല. ഇക്കാര്യം ഇനിയെന്നോട് ചോ​ദിക്കരുത്, കാരണം ഞാൻ തിരക്കഥയെ ബഹുമാനിക്കുന്നു. പിന്നെ നിങ്ങൾ കണ്ട ഗോൾഡ് എന്റെ ഗോൾഡ് അല്ല. കോവിഡ് സമയത്ത് ചെയ്ത ലിസ്റ്റിൻ സ്റ്റീഫന്റെയും പൃഥ്വിരാജിന്റെയും സംരഭത്തിലേക്ക് എന്റെ ലോഗോ ഞാൻ ചേർത്തതാണ്. കൈതപ്രം സാർ എഴുതി വിജയ് യേശുദാസും ശ്വേത മോഹനും പാടിയ പാട്ട് എനിക്ക് ഷൂട്ട് ചെയ്യാനായില്ല. എനിക്ക് ആ പാട്ട് വളരെ ഇഷ്ടമായിരുന്നു. 

ആ പാട്ടിന്റെ ചിത്രീകരണത്തിനായി എന്റെ സിനിമയിലെ എല്ലാ താരങ്ങളോടും രണ്ട് ദിവസത്തെ ഡേറ്റ് ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നടന്നില്ല. അതുപോലെതന്നെ പല ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും തിരക്കഥയിലുണ്ടായിരുന്നത് പോലെയായിരുന്നില്ല. ക്രോണിക് പാൻക്രിയാറ്റിസ് ബാധിച്ചത് മുതൽ ഞാൻ മെഡിറ്റേഷനിലായിരുന്നു. തിരക്കഥ എഴുതാനും സംവിധാനവും കളറിങ്ങും എഡിറ്റിങ്ങും ചെയ്യാനും മാത്രമേ എനിക്ക് സാധിച്ചുള്ളൂ. അതുകൊണ്ട് ഇപ്പോൾ ‘ഗോൾഡ്’ മറന്നേക്കൂ.’’– അൽഫോൻസിന്റെ വാക്കുകൾ.

English Summary:
Gold Unreleased Teaser


Source link
Exit mobile version