മൂന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ പുറത്തേക്ക്?
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മൂന്ന് കളിക്കാർ 2024 ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുറത്തേക്ക് പോയേക്കുമെന്ന് സൂചന. പരിക്കേറ്റ് പുറത്തായ പ്ലേമേക്കറും ക്യാപ്റ്റനുമായ ഉറുഗ്വെൻ താരം അഡ്രിയാൻ ലൂണയ്ക്ക് പകരം ഒരു വിദേശ താരത്തെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമത്തിനിടെയാണ് മൂന്ന് സ്വദേശി താരങ്ങളെ വിവിധ ഐഎസ്എൽ ക്ലബ്ബുകൾ നോട്ടംവച്ചതായുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. സ്ട്രൈക്കർ ബിദ്യാഷാഗർ സിംഗ്, സെന്റർ ഡിഫെൻഡർ റൂയിവ ഹോർമിപാം, ലെഫ്റ്റ് വിംഗർ ബ്രൈസ് മിറാൻഡ എന്നിവരെയാണ് വിവിധ ക്ലബ്ബുകൾ നോട്ടംവച്ചിരിക്കുന്നത്. ഹോർമിപാമിനായി മുംബൈ സിറ്റി എഫ്സി വന്പൻ ഓഫറാണ് ബ്ലാസ്റ്റേഴ്സിനു മുന്നിൽ വച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ബ്രൈസ് മിറാൻഡ ഈ ഐഎസ്എൽ സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിനായി കളത്തിൽ ഇറങ്ങിയിട്ടില്ല.
ബിദ്യാഷാഗർ സിംഗ് ഒരു മത്സരത്തിൽ പകരക്കാരനായി കളത്തിലെത്തി. അതേസമയം, ഐഎസ്എല്ലിൽ ആറ് മത്സരങ്ങളിൽ അടക്കം ഈ സീസണിൽ എട്ട് മത്സരങ്ങളിൽ ഹോർമിപാം ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞു. അതിൽ ഏഴ് മത്സരത്തിലും സ്റ്റാർട്ടിംഗ് ഇലവനിൽത്തന്നെ ഇറങ്ങി. ഓഫറുകൾ ഉണ്ടെങ്കിലും വിൽപ്പന സംബന്ധിച്ച അന്തിമ തീരുമാനം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നടത്തിയിട്ടില്ല. ഐഎസ്എല്ലിൽ 12 മത്സരങ്ങളിൽ 26 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് കൊച്ചി ക്ലബ്. എട്ടാം തീയതി ആരംഭിക്കുന്ന സൂപ്പർ കപ്പാണ് ടീമിന്റെ അടുത്ത പോരാട്ടവേദി. ഷില്ലോംഗ് ലാജോംഗിന് എതിരേ 10നാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയിൽ ജംഷഡ്പുർ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളും ബ്ലാസ്റ്റേഴ്സിനും ലാജോംഗിനും ഒപ്പമുണ്ട്.
Source link