വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഹാർവാ ഡ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ക്ലോഡീൻ ഗേ കോപ്പിയടി ആരോപണത്തെത്തുടർന്നു രാജിവച്ചു. ഹമാസ്-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ കാന്പസുകളിൽ ഉയരുന്ന യഹൂദവിരുദ്ധത നിയന്ത്രിക്കാൻ നടപടിയെടുത്തില്ലെന്ന ആരോപണത്തിനു പിന്നാലെയാണ് ക്ലോഡീനെതിരേ കോപ്പിയടി ആരോപണങ്ങൾ ഉണ്ടായത്. വ്യക്തിപരവും വംശീയവുമായ അധിക്ഷേപങ്ങളുടെയും ഭീഷണിയുടെയും പശ്ചാത്തലത്തിലാണു രാജിയെന്ന് അവർ പറഞ്ഞു. 388 വർഷത്തെ ചരിത്രമുള്ള ഹാർവാഡിന്റെ പ്രസിഡന്റാകുന്ന ആദ്യ ആഫ്രിക്കൻ വംശജയും രണ്ടാമത്തെ വനിതയുമാണ് ക്ലോഡീൻ. പദവിയേറ്റെടുത്ത് ആറുമാസത്തിനകമാണു രാജി.
കാന്പസിൽ യഹൂദർക്കെതിരേ ഉയരുന്ന അഭിപ്രായങ്ങൾ ഹാർവാഡിന്റെ പെരുമാറ്റച്ചട്ടങ്ങൾക്കു വിരുദ്ധമാണോ എന്നു നിശ്ചയിക്കുന്നത് പല കാര്യങ്ങളെയും ആശ്രയിച്ചായിരിക്കും എന്ന് കോൺഗ്രസ് സമിതിക്കു ക്ലോഡീൻ ഗേ നല്കിയ വിശദീകരണം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേത്തുടർന്ന് ഇവരുടെ രാജിക്കായി മുറവിളി ഉയരുകയും കോപ്പിയടി ആരോപണം ശക്തമാവുകയും ചെയ്തു. ഹാർവാഡ് നിയോഗിച്ച സമിതി ക്ലോഡീന്റെ രണ്ടു പ്രബന്ധങ്ങളിലെ ഉദ്ധരണികളുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ലെന്നു കണ്ടെത്തി. എന്നാൽ, ഇതു ഗവേഷണച്ചട്ടങ്ങളുടെ ലംഘനമല്ലെന്നും സമിതി വിശദീകരിച്ചിരുന്നു.
Source link