ഗാസയിൽ മരണം 22,000 പിന്നിട്ടു

ടെൽ അവീവ്: ഗാസയിൽ സൈനികരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചെങ്കിലും ആക്രമണത്തിൽ രൂക്ഷത കുറയ്ക്കാതെ ഇസ്രയേൽ. തെക്കൻ ഗാസയിൽ വൻ യുദ്ധം നടക്കുന്നതായിട്ടാണു റിപ്പോർട്ടുകൾ. ഖാൻ യൂനിസ്, റാഫാ, ദെയിർ അൽ ബലാ പ്രദേശങ്ങൾ ബോംബാക്രമണത്തിനിരയായി. വടക്കൻ ഗാസയിലെ ഗാസ സിറ്റി, ജബലിയ പ്രദേശങ്ങളിൽ ഡസൻകണക്കിനു ഭീകരരെ വകവരുത്തിയതായി ഇസ്രേലി സേന പറഞ്ഞു. ഖാൻ യൂനിസിലെയും ബുറെയ്ജിലെ യുഎൻ സ്കൂളിലെയും റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ തകർത്തു.
24 മണിക്കൂറിനിടെ ഇരുനൂറിലധികം പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യവിഭാഗം ഇന്നലെ അറിയിച്ചു. ഒക്ടോബർ ഏഴിനു ശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22,185 ഉം പരിക്കേറ്റവരുടെ എണ്ണം 57,035ഉം ആയി. ഗാസയിലെ യുദ്ധം ഈ വർഷമുടനീളം നീളാമെന്നാണ് ഇസ്രേലി സേന പുതുവത്സരത്തിൽ അറിയിച്ചത്. പരിശീലനത്തിനും വിശ്രമത്തിനുമായി റിസർവുകൾ അടക്കമുള്ള സൈനികരെ ഗാസയിൽനിന്നു പിൻവലിക്കാൻ തീരുമാനിച്ചുവെന്നും പറഞ്ഞിരുന്നു.
Source link