ജപ്പാനിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു കത്തി യാത്രാ വിമാനത്തിലെ 379 പേരെയും രക്ഷപ്പെടുത്തി

ടോക്കിയോ: ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു തീപിടിച്ച് അഞ്ചു പേർ മരിച്ചു. യാത്രാവിമാനം റൺവേയിൽ ഇറങ്ങവേയായിരുന്നു ദുരന്തം. ഭൂകന്പബാധിത പ്രദേശങ്ങളിൽ സഹായവിതരണത്തിനു പുറപ്പെടാനൊരുങ്ങിയ കോസ്റ്റ്ഗാർഡ് വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. യാത്രാവിമാനത്തിലെ 379 യാത്രക്കാരെയും അദ്ഭുതകരമായി രക്ഷപ്പെടുത്തി. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. കോസ്റ്റ് ഗാർഡ് വിമാനത്തിലെ അഞ്ചു ജീവനക്കാരാണു മരിച്ചത്. പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ജപ്പാൻ എയർലൈൻസിന്റെ എയർബസ് എ-350 വിമാനമാണ് അപകടത്തിൽപ്പെട്ടത്. സാപ്പോറോ നഗരത്തിനു സമീപമുള്ള ഷിൻ ചിറ്റോസ് വിമാനത്താവളത്തിൽനിന്നാണ് ഹനേഡയിലേക്കു വന്നത്. കോസ്റ്റ്ഗാർഡിന്റെ ബോംബാർഡിയർ ഡാഷ്-8 വിമാനവുമായാണ് എയർബസ് എ-350 വിമാനം കൂട്ടിയിടിച്ചത്. തിങ്കളാഴ്ച മധ്യ ജപ്പാനിൽ ഭൂകന്പത്തിനിരയായവർക്ക് അവശ്യസാധനങ്ങളുമായി നിഗാട്ടയിലേക്ക് പോകാനിരിക്കേയാണ് കോസ്റ്റ് ഗാർഡ് വിമാനം അപകടത്തിൽപ്പെട്ടത്. ജപ്പാനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണു ഹനേഡ. ഭൂകന്പത്തിൽ മരണം 55 ആയി ടോക്കിയോ: പുതുവത്സരദിനത്തിൽ ജപ്പാന്റെ മധ്യപ്രദേശങ്ങളിലുണ്ടായ ഭൂകന്പത്തിൽ 55 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഒട്ടേറെപ്പേർക്കു പരിക്കേറ്റു. അവശിഷ്ടങ്ങളിൽ ആളുകൾ കുടുങ്ങിയിട്ടുള്ളതായി സംശയിക്കുന്നു. ഭൂകന്പത്തെത്തുടർന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.
ഇഷിക്കാവ പ്രവിശ്യയിലാണ് മുഴുവൻ മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിഗാറ്റ, ഫുക്കുയി, ടൊയോമ, ഗിഫു പ്രവിശ്യകളിൽ ഒട്ടേറെപ്പേർക്കു പരിക്കേറ്റു. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിൽ വളരെ വലിയ നാശനഷ്ടം ഉണ്ടായതായി പ്രധാനമന്ത്രി ഫുമിയോ കിഷിഡ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താനായി ആയിരത്തോളം പേരുടെ സംഘം തെരച്ചിൽ നടത്തുന്നുണ്ട്. മരുന്നും ഭക്ഷണവും അടക്കമുള്ള സഹായങ്ങളുമായി സൈന്യവും രംഗത്തുണ്ട്.
Source link